Connect with us

Wayanad

ബദല്‍ റോഡുകള്‍ വയനാട്ടുകാര്‍ക്ക് സ്വപ്‌നം മാത്രമാവും

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ പാത 212ലെ താമരശേരി ചുരത്തിന് ബദലായി തയ്യാറിക്കിയിട്ടുള്ള ബദല്‍ പാതകളെല്ലാം ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശയിലും അതീവ പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ബദല്‍ പാതകള്‍ വയനാട്ടുകാര്‍ക്ക് സ്വപ്‌നം മാത്രമായി ശേഷിക്കും. 
നിലവിലെ ചുരം റോഡുകളിലും വീതികൂട്ടല്‍ അടക്കം നവീകരണം അത്ര എളുപ്പമാവില്ല. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കെടവൂര്‍, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി, ചെമ്പാനോട്, ചക്കിട്ടപാറ, തിനൂര്‍, കാവിലുംപാറ എന്നിവയും വയനാട് ജില്ലയില്‍ കുന്നത്തിടവക, ചുണ്ട, കോട്ടപ്പടി, വെള്ളരിമല, പൊഴുതന, അച്ചൂരാനം, തരിയോട്, പേര്യ, തൃശിലേരി, തിരുനെല്ലി, തൊണ്ടര്‍നാട്, കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളുമാണ് അതീവ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. താമരശേരി ചുരം റോഡിന്റെ ഒന്‍പതാം വളവ് വരെയുള്ള ഭാഗങ്ങള്‍ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വില്ലേജില്‍ ഉള്‍പ്പെട്ടതാണ്. മാനന്തവാടി-നിരവില്‍പ്പുഴ-പക്രംതളം റോഡിലെ ചുരം കോഴിക്കോട് ജില്ലയിലെ കാവിലുംപാറ വില്ലേജിലും വയനാട്ടിലെ തൊണ്ടര്‍നാട് വില്ലേജിലും ഉള്‍പ്പെടും. കണ്ണൂരുമായി ബന്ധപ്പെടുന്ന പേര്യ ചുരം വയനാട്ടിലെ പേര്യ വില്ലേജില്‍ ഉള്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള മൂന്ന് ചുരം റോഡുകള്‍ക്കും വനഭൂമി വിട്ടുകിട്ടിയുള്ള വീതികൂട്ടല്‍ അടക്കം നവീകരണം നടക്കാന്‍ പ്രയാസമായിരിക്കും. താമരശേരി ചുരം റോഡിന്റെ ആറ്, ഏഴ് വളവുകള്‍ വീതികൂട്ടാന്‍ രണ്ട് ഏക്കറോളം വനഭൂമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കേരളത്തിന്റെ ആവശ്യം നിഷ്‌ക്കരുണം നിരസിക്കുകയായിരുന്നു.
താമരശേരി ചുരംറോഡിന് ബദലായി അഞ്ച് റോഡുകളുടെ രൂപരേഖയും പ്രാഥമിക എസ്റ്റിമേറ്റുമായിരുന്നു സംസ്ഥാന പൊതുമരാമത്ത് തയ്യാറാക്കിയത്. ഇതില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തളിപ്പുഴ-മരുതിലാവ്-ചിപ്പിളിത്തോട് പാത ഇതിനകം നടക്കില്ലെന്ന് ഉറപ്പായതാണ്. 14.5 കിലോമീറ്റര്‍ വരുന്ന ഈ പാതയില്‍ എട്ട് കിലോമീറ്ററും റിസര്‍വ് വനമായതാണ് കാരണം.
ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി ശിപാര്‍ശയനുസരിച്ച് അതീവ പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍ ഉള്‍പ്പെട്ട കുന്നത്തിടവക, പുതുപ്പാടി വില്ലേജ് പരിധിയിലൂടെയാണ് ഈ പാത കടന്നുപോവുക. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവെച്ച ഈ പാത കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പ്രാബല്യത്തിലാവുന്നതോടെ തീര്‍ത്തും വിസ്മൃതിയിലാവും.
ഇത്തവണ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചുരം ബദല്‍ റോഡ് മേപ്പാടി-കള്ളാടി-ആനക്കാംപൊയിലാണ്. കൊടുംകുത്തനെയുള്ളയും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഏറ്റവും ചെലവേറിയതുമായ കള്ളാടി-ആനക്കാംപൊയില്‍ പാത കടന്നുപോവേണ്ടത് വയനാട്ടിലെ വെള്ളരിമല, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജുകളിലൂടെയാണ്.
കസ്തീരിരംഗന്‍ ശുപാര്‍ശയില്‍ ഈ രണ്ട് വില്ലേജുകളും അതീവ പരിസ്ഥിതിത ലോല പട്ടികയിലാണ്. അതിനാല്‍ രണ്ടാം ബദല്‍പാതയും ഏറെക്കുറെ വിസ്മൃതിയിലാവും. സര്‍ക്കാര്‍ പരിഗണിച്ച മറ്റൊരു പാതയായ മേപ്പാടി-ചൂരല്‍മല-നിലമ്പൂര്‍ റോഡ് കടന്നുപോവേണ്ടത് വെള്ളാര്‍മല, മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ്. ഈ രണ്ട് വില്ലേജുകളും അതീവ പരിസ്ഥിതി ലോല പ്രദേശ പട്ടികയില്‍ തന്നെയായതിനാല്‍ ഇതിനും സാധ്യതയില്ല. ഫലത്തില്‍ വയനാട്ടിലെ നിര്‍ദിഷ്ഠ ബദല്‍ പാതകളെല്ലാം ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ജനം മറക്കേണ്ടിവരും. അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൈവശഭൂമിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വരെ നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ വനംഭൂമി വെട്ടിത്തെളിച്ചുകൊണ്ടുള്ള വികസനമൊന്നും നടക്കാന്‍ പോവുന്നില്ല.
ബദല്‍ പാതകളുടെ ഏതാണ്ട് അതേ സ്ഥിതിതന്നെയാവും നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റേതും.
ഫലത്തില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ റോഡ് മാര്‍ഗം മാത്രമുള്ള വയനാട്ടുകാര്‍ക്ക് ഭാവിയിലും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടിവരില്ലെന്നതാണ് ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി ശിപാര്‍ശകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടതോടെ വ്യക്തമാവുന്നത്.

Latest