ശാരദാ ചിട്ടിക്കമ്പനി തകര്‍ച്ച 80 കളിലെ ദുരന്ത സ്മരണകളുണര്‍ത്തുന്നു

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 10:57 pm

saradha group agent protest-80336കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടിക്കമ്പനിയുടെ തകര്‍ച്ച 1980കളില്‍ സഞ്ചയിത ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനി തകര്‍ന്നതിന്റെ ഓര്‍മകളാണ് സമ്മാനിക്കുന്നത്. സഞ്ചയിതാ കമ്പനിയുടെ തകര്‍ച്ചയെ തുടര്‍ന്ന് നിരവധി നിക്ഷേപകരും ഏജന്റുകളും ആത്മഹത്യ ചെയ്തിരുന്നു.
1980ല്‍ കമ്പനി തകരുന്നതിന് മുമ്പായി 120 കോടിയിലേറെ രൂപ സഞ്ചയിതാ കമ്പനി സമാഹരിച്ചിരുന്നു. കമ്പനിയുടെ പ്രധാന രണ്ട് പ്രൊമോട്ടര്‍മാരില്‍ ശംഭു മുഖര്‍ജി ആത്മഹത്യ ചെയ്യുകയും സ്വപന്‍ ഗുഹ കോടതിയില്‍ പാപ്പരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റൊരു കുറ്റാരോപിതനായ ബീഹാറിലാല്‍ മൊറാര്‍ക ഇപ്പോഴും ഒളിവിലാണ്. പ്രതീക്ഷയസ്തമിച്ച നിരവധി ഏജന്റുമാരും നിക്ഷേപകരും ആത്മഹത്യ ചെയ്‌തെങ്കിലും ചിലര്‍ മുപ്പത് വര്‍ഷമായി ഇപ്പോഴും കേസ് നടത്തുന്നുണ്ട്.
ഈ ഓര്‍മകളാണ് ശാരദാ ഗ്രൂപ്പ് തകര്‍ന്നതിനു ശേഷം ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ചിട്ടിക്കമ്പനികളെ സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ശാരദാ ഗ്രൂപ്പിന്റെ ഏജന്റുമാരോ നിക്ഷേപകരോ എന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ആത്മഹത്യ ചെയ്തതോടെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിച്ചതോടെയുമാണ് സര്‍ക്കാറിന്റെ നടപടി. ശാരദാ ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനങ്ങളുടെ സി ഇ ഒ കുണാല്‍ ഘോഷ് എം പി അറസ്റ്റിലായിട്ടുണ്ട്. ഘോഷ് തൃണമൂലിന്റെ പാര്‍ലിമെന്റംഗം ആയതിനാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായിരിക്കുകയാണ്. താന്‍ കമ്പനിയില്‍ വെറും ശമ്പളക്കാരന്‍ മാത്രമാണെന്നും ചിട്ടി ക്കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കുണാല്‍ ഘോഷ് ആണയിടുന്നുണ്ട്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പത്രങ്ങളും വാര്‍ത്താ ചാനലുകളും വിനോദ ചാനലുകളും ശാരദാ ഗ്രൂപ്പ് നടത്തുന്നുണ്ട്.
തൃണമൂല്‍ സര്‍ക്കാര്‍ സുതാര്യമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മമതാ ബാനര്‍ജിക്ക് പറയേണ്ടി വന്നത് ജനരോഷം ഭയന്നാണ്. ഇടത് സര്‍ക്കാറിന്റെ കാലത്താണ് ചിട്ടിക്കമ്പനികള്‍ കൂണ് പോലെ മുളച്ച് വന്നതെന്നും മമത കുറ്റപ്പെടുത്തുന്നു. ചിട്ടിക്കമ്പനികള്‍ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നിയമത്തില്‍ തന്നെ വെള്ളം ചേര്‍ത്തുവെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, ശാരദാ ഗ്രൂപ്പിനെതിരെ ഇടത് സര്‍ക്കാറും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് അസിം ദാസ്ഗുപ്ത പറയുന്നു. എന്നാല്‍ തൃണമൂല്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ മൃദുനിലപാട് കൈക്കൊള്ളുകയായിരുന്നു. ശാരദാ ഗ്രൂപ്പടക്കം 15 വലിയ ചിട്ടിക്കമ്പനികള്‍ കുറഞ്ഞ വര്‍ഷത്തിനിടയില്‍ 30000 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ് നിയന്ത്രകരായ സെബി നടപടികള്‍ കര്‍ശനമാക്കിയതാണ് ശാരദാ ഗ്രൂപ്പിന് തിരിച്ചടിയായത്.