പെട്ടിക്കടയില്‍ നിന്ന് ഒരു മാന്‍ കൊമ്പ് കൂടി കണ്ടെടുത്തു

Posted on: April 23, 2013 11:20 am | Last updated: April 23, 2013 at 11:20 am

താമരശ്ശേരി: അടിവാരം അങ്ങാടിയിലെ പെട്ടിക്കടയില്‍ നിന്ന് വീണ്ടും മാന്‍ കൊമ്പ് കണ്ടെടുത്തു. താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത അടിവാരം ഒതങ്കോട്ടില്‍ കൊല്ലന്‍ വേലായുധ(60)നെ കടയിലെത്തിച്ച് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒരു കൊമ്പുകൂടി കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയില്‍ താമരശ്ശേരി പോലീസ് കടയില്‍ നടത്തിയ പരിശോധനയില്‍ പുള്ളിമാനിന്റെ ഒരുവശത്തെ കൊമ്പും ഒരു കൊമ്പിന്റെ അല്‍പ്പ ഭാഗവും, നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും വിദേശമദ്യവും കണ്ടെത്തിയിരുന്നു.
പ്രതിയെയും മാന്‍ കൊമ്പുകളും കസ്റ്റഡിയിലെടുത്ത പോലീസ് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഇന്നലെ രാവിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ കടയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മറ്റൊരു മാന്‍ കൊമ്പുകൂടി കണ്ടെത്തിയത്.
കൊല്ലപ്പണിക്കാരനായ വേലായുധന്‍ ആയുധങ്ങള്‍ക്ക് പിടിയായി ഉപയോഗിക്കാനായി സൂക്ഷിച്ചതാണ് ഇവയെന്നാണ് സംശയം. പ്രതിയെ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.