വരള്‍ച്ചാ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ ജനപ്രതിനിധികള്‍ പൊട്ടിത്തെറിച്ചു

Posted on: April 23, 2013 10:41 am | Last updated: April 23, 2013 at 10:41 am

പട്ടാമ്പി: വരള്‍ച്ചാ അവലോകന യോഗത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശം. സി പി മുഹമ്മദ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും, ജനപ്രതിനിധികളും തഹസില്‍ദാരുമടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ ഭരണകൂടത്തിനെതിരെയും, ജില്ലാ കലക്ടര്‍ക്കെതിരെയും രൂക്ഷ വിമര്‍ശ മുയര്‍ന്നത്.
നാട്ടിലുള്ളതിനേക്കാള്‍ വരള്‍ച്ച ജില്ലാ ഭരണകൂടത്തിന്റെ തലയിലാണെന്നും, നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് കലക്ടറുടെ പെരുമാറ്റമെന്നും സി പി മുഹമ്മദ് എം എല്‍ എ യോഗത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ കലക്ടറുടെ തറവാട്ടില്‍ നിന്നല്ല ഫണ്ട് അനുവദിക്കുന്നതെന്ന് കലക്ടര്‍ ഓര്‍ക്കണമെന്നും എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ വരള്‍ച്ചയെ നേരിടാന്‍ ലക്ഷങ്ങള്‍ അനുവദിക്കുമ്പോള്‍ അത് ചെലവാക്കാതെ സര്‍ക്കാറിലേക്ക് തന്നെ തിരിച്ചടച്ച കലക്ടറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും സര്‍ക്കാറിനെ മോശമാക്കി ചിത്രീകരിക്കാനുള്ള നടപടികളുടെ ഭാഗവുമാണെന്ന് എം എല്‍ എ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വരള്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പഞ്ചായത്തിലെ വരള്‍ച്ച നേരിടാന്‍ പ്രസിന്റുമാര്‍ നിര്‍ദേശിച്ച ഒരു പദ്ധതിക്ക് പോലും ഫണ്ട് അനുവദിക്കാത്ത റവന്യു വകുപ്പിന്റെ നടപടിയിലും പങ്കെടുത്ത എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും പ്രതിഷേധം അറിയിച്ചു.
ഇത്തരം യോഗങ്ങള്‍ വിളിക്കുന്നതില്‍ കാര്യമില്ലെന്നും ഇങ്ങനെയുള്ള യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റമാര്‍ തുറന്നടിച്ചു.
ഒറ്റപ്പാലം തഹസില്‍ദാര്‍ ജോയ് തോമസ്, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത, തിരുവേഗപ്പുറം, വല്ലപ്പുഴ, കൊപ്പം, പട്ടാമ്പി, മുതുമല, ഓങ്ങല്ലൂര്‍, വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍ പി വിനയകുമാര്‍, വി എം മുഹമ്മദാലി, മാളുക്കുട്ടി, ജമീല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.