Connect with us

Kannur

സംസ്‌കരണ സംവിധാനമില്ല; കശുമാങ്ങകള്‍ പാഴാകുന്നു

Published

|

Last Updated

കണ്ണൂര്‍:മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാമായിരുന്നിട്ടും സംസ്ഥാനത്ത് കശുമാങ്ങകള്‍ വന്‍ തോതില്‍ പാഴാക്കിക്കളയുന്നു. പ്രതിവര്‍ഷം 36,450 ടണ്‍ കശുവണ്ടി ലഭിക്കുന്ന കേരളത്തില്‍ ഇതിന്റെ എട്ടിരട്ടിയോളം കശുമാങ്ങയും ലഭിക്കുന്നുണ്ട്. എന്നാല്‍ കാര്യക്ഷമമായ സംസ്‌കരണ സംവിധാനമില്ലാത്തതിനാല്‍ കശുമാങ്ങ ഏതാണ്ട് മുഴുവനും പാഴാക്കിക്കളയുകയാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദനം നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര കശുമാവിന്‍ തോട്ടങ്ങളില്‍ കശുമാങ്ങകള്‍ കുമിഞ്ഞുകൂടുമ്പോഴും ഇതുപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ കര്‍ഷകരെ സഹായിക്കുന്നതിന് കശുമാങ്ങ സംസ്‌കരിച്ച് ജ്യൂസ്, ജാം, കാഷ്യുകേക്ക്, ഫെനി, കാന്‍ഡി തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്‌കരണ യൂനിറ്റുകള്‍ ഉള്ളപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം കര്‍ഷകര്‍ക്ക് ഇവ തീര്‍ത്തും അന്യമാണ്. വീട്ടുമുറ്റത്തുള്ള പോഷകസമ്പന്നമായ കശുമാങ്ങയെ നാം അവഗണിക്കുകയാണ്.
പാഴാക്കിക്കളയുന്ന കശുമാങ്ങ വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ പുതിയതരം രുചിക്കൂട്ടുകളിലൂടെ ഉപയോഗം വര്‍ധിപ്പിക്കാനും പോഷകലഭ്യത ഉറപ്പാക്കാനും കഴിയുമെന്ന്‌നേരത്തെ കണ്ടെത്തിയിരുന്നു .കേരളത്തില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം കുറവായതിനാലും അവയുടെ വിപണി വില വളരെ കൂടുതല്‍ ആയതിനാലും പോഷക സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം പഴങ്ങളിലൂടെ ബദല്‍ സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഹൃദയ സംരക്ഷക ഫലമായ കശുമാങ്ങയില്‍ ഉയര്‍ന്ന അളവില്‍ ജീവകം സി അടങ്ങിയിരിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ധാതുലവണങ്ങളും നിരോക്‌സീകാരികളും ഇതില്‍ ഉണ്ട്. ഇതിനുപുറമെ രക്തത്തിലെ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാന്‍ കശുമാങ്ങ ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും രക്തപോഷണത്തിനും രക്തപ്രസാദം വര്‍ധിപ്പിക്കാനും വളരെ ഉത്തമമാണെന്നും സ്‌ത്രൈണ രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണെന്നും ആയുര്‍വേദം സാക്ഷ്യപ്പെടുത്തുന്നു.
വീട്ടുപറമ്പില്‍ മൂന്നോ നാലോ കശുമാവുണ്ടെങ്കില്‍ രുചികരവും പോഷകഗുണമുള്ളതുമായ പലതരം വിഭവങ്ങള്‍ തയ്യാറാക്കുകയും ചെയ്യാം. ഔഷധഗുണമുള്ള കശുമാങ്ങകള്‍ അടുക്കളമുറ്റത്താണെങ്കില്‍ അവക്ക് പച്ചക്കറിയുടെയും ഉപയോഗം ഉണ്ട്. പത്ത് കശുമാങ്ങയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമായ കറികള്‍ ഉണ്ടാക്കാം. കശുമാങ്ങയുടെ ചവര്‍പ്പ് അല്‍പ്പം അരുചിയുണ്ടാക്കുമെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ ഉപയോഗം ഏറെ സഹായകരമാണ്.
കശുമാങ്ങ കൊണ്ട് സ്വാദിഷ്ടമായ മസാലക്കറി, പച്ചടി, അവിയല്‍, മെഴുക്കുപുരട്ടി എന്നിവക്കുപുറമെ രുചികരമായ പ്രഥമനും തയ്യാറാക്കാനാകും. വേനല്‍ക്കാലത്ത് ദാഹശമനത്തിനായും രോഗപ്രതിരോധ ശേഷി നല്‍കാനും പ്രകൃതിയൊരുക്കിയ അത്ഭുത ഫലം കൂടിയാണിത്.
കശുമാങ്ങക്ക് അത്യുഷ്ണ കാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത് ശരീരത്തിന് രോഗപ്രതിരോധ ശക്തി നല്‍കുകയും പകര്‍ച്ച വ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാങ്ങ സംസ്‌കരിക്കുന്നതിന് കാഷ്യു കോര്‍പറേഷന്‍, കൃഷി വകുപ്പ് എന്നിവ കര്‍ഷകര്‍ക്ക് സെമിനാറുകളും പരിശീലന പരിപാടികളും നല്‍കാറുണ്ട്. എന്നാല്‍ സംസ്‌കരിച്ചു നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാത്തത് സംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങുന്നതില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുന്നു. സ്വകാര്യമേഖലയില്‍ നാമമാത്രമായ സംസ്‌കരണ കേന്ദ്രങ്ങള്‍ നിലവിലുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ല.
കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ നേരത്തെ തയ്യാറാക്കിയിരുന്നുവെങ്കിലും അതൊന്നും നടപ്പാക്കാനായില്ല. കശുമാങ്ങ നീരുകൊണ്ട് ഇന്ധനമുണ്ടാക്കുന്ന പദ്ധതി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നടപ്പാക്കാനൊരുങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കശുമാങ്ങയില്‍ നിന്ന് ബയോഎത്തനോള്‍ ഉണ്ടാക്കുന്ന ബ്രസീല്‍ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളില്‍ വിജയം കണ്ട പ്രോജക്ടിനെ കുറിച്ചുള്ള ആദ്യഘട്ട പഠനം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
100 ഏക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ധാരണ. കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് പ്രതിവര്‍ഷം 40,000 ടണ്‍ കശുമാങ്ങ ലഭിക്കുന്നുണ്ട്. അതിനുപുറമെ കര്‍ഷകരില്‍ നിന്ന് കശുമാങ്ങ വിലക്കുവാങ്ങി ഇന്ധനം നിര്‍മിക്കാനുദ്ദേശിക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലം ഇതും പ്രാവര്‍ത്തികമായില്ല.