Connect with us

Editors Pick

ഗോദയില്‍ പ്രഭ മങ്ങി സിനിമാ താരങ്ങള്‍

Published

|

Last Updated

ബംഗളൂരു: സിനിമയും സിനിമാ നടന്‍മാരും കന്നഡ നാട്ടിലെ ജനങ്ങള്‍ക്ക് എന്നും ഹരമാണ്. എന്നാല്‍ ഈ ഹരം മുതലെടുത്ത് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ മിക്ക നടന്‍മാര്‍ക്കും വലിയ താത്പര്യമില്ല. രാഷ്ട്രീയത്തില്‍ നടീനടന്‍മാര്‍ക്ക് വലിയ അംഗീകാരം കിട്ടില്ലെന്ന ആശങ്ക തന്നെയാണ് കാരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഏതാനും നടന്‍മാര്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇവരെല്ലാം കടുത്ത മത്സരം നേരിടുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.
ഗോദയിലുള്ള താരങ്ങളില്‍ ഏറ്റവും പ്രധാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എച്ച് അംബരീഷ് തന്നെയാണ്. കലാപകാരിയായ താരം, റിബല്‍ സ്റ്റാര്‍ എന്നാണ് വെള്ളിത്തിരയില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഈ 61കാരന് കോണ്‍ഗ്രസില്‍ നല്ല പാരമ്പര്യവുമുണ്ട്. ഇത്തവണ പക്ഷേ, സ്വന്തം ജില്ലയായ മാണ്ഡ്യയിലെ മണ്ഡലത്തില്‍ 15 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത മത്സരമാണ് നേരിടുന്നത്.
എതിര്‍ ചേരിയില്‍ നിന്നല്ല അദ്ദേഹം പ്രധാന വെല്ലുവിളി നേരിടുന്നത്. അംബരീഷിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ് ആത്മാനന്ദ ശക്തമായി നിലയുറപ്പിച്ചിരുന്നു. തന്റെ അനുയായികളെ അദ്ദേഹം ഇതിനായി രംഗത്തിറക്കുകയും ചെയ്തു. പക്ഷേ പാര്‍ട്ടി നേതൃത്വം കൂട്ടാക്കിയില്ല. ടിക്കറ്റ് അംബരീഷിന് തന്നെ കിട്ടി. ആത്മാനന്ദയെയും കൂട്ടരെയും നേതൃത്വം തത്കാലം തണുപ്പിച്ചിട്ടുണ്ട്. പക്ഷേ മുറിവുണങ്ങിയിട്ടില്ല. ഇതിന്റെ അലയൊലികള്‍ ബൂത്ത് തലം വരെയെത്തുമെന്നാണ് വിലയിരുത്തല്‍. 2008 മുതല്‍ അംബരീഷ് മത്സരിച്ച രണ്ടിടത്തും തോല്‍ക്കുകയായിരുന്നു. മാണ്ഡ്യ കൂടി തോറ്റാല്‍ ഹാട്രിക് തോല്‍വിയാകും. 1998ല്‍ മാണ്ഡ്യയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം 2004ലും വിജയം ആവര്‍ത്തിച്ചു. പിന്നെ തിരിച്ചടികളുടെ പൂരമായിരുന്നു.
രണ്ട് നടിമാര്‍ ഇത്തവണ ഗോദയിലുണ്ട്. കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്ന ഉമാശ്രീ(56) ഇത് രണ്ടാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. ബി എസ് ആര്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ പൂജാ ഗാന്ധി(29) കന്നിയങ്കത്തിനിറങ്ങുന്നു. ഒരു ദശകമായി രാഷ്ട്രീയത്തില്‍ സജീവമാണ് ഉമാശ്രീയെങ്കില്‍ പഞ്ചാബില്‍ ജനിച്ച പൂജ ഒരു വര്‍ഷമായിട്ടേയുള്ളൂ രാഷ്ട്രീയത്തില്‍. ഇക്കാലത്തിനിടയില്‍ തന്നെ താരം മൂന്ന് പാര്‍ട്ടികളില്‍ കയറിയിറങ്ങിയിരിക്കുന്നു.
ഉമാശ്രീ 2001 മുതല്‍ 2007വരെ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. 2008ല്‍ ബഗല്‍കോട്ടിലെ തെര്‍ഡലില്‍ ആദ്യ അങ്കത്തിനിറങ്ങിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. ഇവിടെത്തന്നെയാണ് ഉമാശ്രീ ഇത്തവണയും മത്സരിക്കുന്നത്.
പൂജ ഇപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും കന്നഡ സംസാരിക്കുന്നുണ്ട്. 2006ല്‍ ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്ന മണ്‍സൂണ്‍ റെയിന്‍ എന്ന ചിത്രമാണ് പൂജയെ താരമാക്കി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവര്‍ ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു. ഡിസംബര്‍ ആയപ്പോഴേക്കും ജെ ഡി എസ് വിട്ട് യഡിയൂരപ്പയുടെ കെ ജെ പിയില്‍ എത്തി. പൂജ അവിടെയും നിന്നില്ല. കഴിഞ്ഞ മാസം ശ്രീരാമലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസില്‍ എത്തി. ബി എസ് ആര്‍ ടിക്കറ്റില്‍ റൈച്ചൂരില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. കാലുമാറ്റ പരമ്പര, നടിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
മത്സരരംഗത്ത് താരങ്ങള്‍ നന്നേ കുറവാണെങ്കിലും കോണ്‍ഗ്രസും ബി ജെ പിയും പ്രചാരണത്തിന് മാറ്റേകാന്‍ സിനിമാ പ്രവര്‍ത്തകരെ രംഗത്തിറക്കുന്നുണ്ട്. തിരക്കുള്ള നടി രമ്യയെ കോണ്‍ഗ്രസ് പ്രചാരണ വേദിയിലെത്തിക്കും. ദേശീയ അവാര്‍ഡ് ജേതാവ് താരയാണ് ബി ജെ പിയുടെ തുറുപ്പ് ചീട്ട്.

Latest