പ്രവാസ യുവത്വത്തെ പഠന വിധേയമാക്കണം: സംവാദം

Posted on: April 22, 2013 12:10 pm | Last updated: April 22, 2013 at 2:37 pm

ദോഹ: ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമരമാണ് ജീവിതമെന്ന പ്രമേയത്തെ ആധാരമാക്കി ജി സി സി രാഷ്ട്രങ്ങളില്‍ നടന്നു വരുന്ന പ്രവാസി യുവജന സംഗമങ്ങളുടെ ഭാഗമായി ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംവാദം ദോഹയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്വലിബ് സ്‌കൂളില്‍ നടന്നു. സ്വന്തത്തോടല്ലാതെ മറ്റെന്തിനോടും സമരം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന യുവമനസ്സുകള്‍ സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ക്ക് കൂട്ടുകൂടുകയാണെന്ന് സംവാദം അഭിപ്രായപ്പെട്ടു. ആത്മ വിമര്‍ശനവും സ്വന്തം കഴിവുകേടുകള്‍ തിരുത്താനുള്ള മനസ്സും നഷ്ടപ്പെട്ട യുവാക്കള്‍ സിലബസ്സുകളില്‍നിന്നു കിട്ടുന്ന അറിവിലുപരി തിരിച്ചറിവുകള്‍ക്ക് കാതോര്‍ക്കുകയോ അവ നേടുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. എഴുപതുകളില്‍ കാമ്പസുകളില്‍ രൂപപ്പെട്ടിരുന്ന സാഹിത്യ കൂട്ടായ്മകള്‍ക്കോ സാംസ്‌കാരിക സംവാദങ്ങള്‍ക്കോ ധൈഷണിക ചര്‍ച്ചകള്‍ക്കോ ഇ്ന്ന് കാമ്പസുകള്‍ക്ക് അന്യമാണ്. ശീതീകരിച്ച മുറികളിലിരുന്ന് സാങ്കേതിക വിദ്യകളുപയോഗിച്ച് സാമൂഹിക ബാധ്യത നിര്‍വ്വഹിക്കുന്നു എന്ന് മേനി നടിക്കുന്നവര്‍ ശണ്ഢീകരിക്കപ്പെട്ട യുവത്വത്തിന്റെ പ്രതിരൂപങ്ങളാണ്. സേവന മനസ്ഥിതിയും പരസഹായ ബോധവും സ്വയം മറന്ന് ഇവയൊക്കെ വ്യാപാരവല്‍ക്കരണത്തിന് വഴിമാറിക്കൊണ്ടിരിക്കുകയാണ്. 

വായനയില്ലാത്തതാണ് മുരടിപ്പിന് കാരണം. ജീവിത ഗന്ധിയായ വിഷയങ്ങള്‍ നമ്മുടെ വായനയില്‍ ധാരാളം ഉള്‍പ്പെടുത്തണം. ധാര്‍മികബോധം ഇങ്ങനെയേ സൃഷ്ടിക്കപ്പെടൂ എന്നും സംവാദം വിലയിരുത്തി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് സംവാദം ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇന്ത്യന്‍ എംബസി ലീഗല്‍ അഡൈ്വസര്‍ ജഅ്ഫര്‍ കേച്ചേരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ ജോസഫ്, അഡ്വ. അബ്ദുസമദ് പുലിക്കാട് വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. പ്രോഗ്രാം സമിതി കണ്‍വീനര്‍ നൗഷാദ് അതിരുമട സ്വാഗതവും എന്‍ജിനിയര്‍ സല്‍മാന്‍ നന്ദിയും പറഞ്ഞു.