Connect with us

International

മുസ്‌ലിം വംശഹത്യയെ അപലപിക്കാത്തത് സൂകിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു

Published

|

Last Updated

ബാങ്കോക്ക്: മ്യാന്‍മറില്‍ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യയെ  അപലപിക്കാത്ത സമാധാന  നൊബേല്‍ ജേതാവ്  ആംഗ് സാന്‍ സൂകിയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ മങ്ങുന്നു. ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സൂക്കിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു.   ഈ വിമര്‍ശങ്ങള്‍ക്കിടയില്‍ ഒടുവില്‍ സൂക്കി മുസ്‌ലിംകളുടെ കാര്യത്തില്‍ അനുകമ്പ പ്രകടിപ്പിക്കാന്‍ തയ്യാറായെങ്കിലും അത് തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്നാണ് ആക്ഷേപം.  മുസ്‌ലിംകള്‍ക്ക് വേണ്ടി വ്യക്തമായ ഭാഷയില്‍ സംസാരിക്കുന്നതില്‍ സൂകി പൂര്‍ണ പരാജയമാണെന്ന്  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.  കഴിഞ്ഞ മാസം ആരംഭിച്ച അക്രമങ്ങളെയും മസ്ജിദുകള്‍ അഗ്നിക്കിരയാക്കുന്നതിനെയും ബുദ്ധ സന്യാസിമാരുടെ പ്രകോപന പ്രസംഗങ്ങളെയും അപലപിക്കുന്നതില്‍ സൂകി പരാജയപ്പെട്ടിട്ടുണ്ട്. രാഖിന മേഖലയില്‍ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരെ കഴിഞ്ഞ ആഗസ്റ്റില്‍ ആക്രമണമുണ്ടായപ്പോഴും സൂകി പ്രതികരിച്ചിരുന്നില്ല. അന്ന് 180ലേറെ മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ പലായനം ചെയ്തിരുന്നു. മ്യാന്‍മറില്‍ മുസ്‌ലിംകള്‍ ആകെ ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ്.   കഴിഞ്ഞ ദിവസത്തെ പ്രതികരണം തന്നെ എങ്ങും തൊടാതെയുള്ളതായിരുന്നു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച് ഒരു പരാമര്‍ശവുമില്ലാത്തതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അരിശമുണ്ട്. മ്യാന്‍മറിലെ സൈനിക ഏകാധിപത്യത്തിനെതിരെ കാലങ്ങളോളം പോരാടിയ ധീര ജനാധിപത്യ പോരാളിയെന്ന വിശേഷണത്തെ അപ്രസക്തമാക്കുന്നതാണ് സൂക്കിയുടെ പുതിയ നിലപാടുകളെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് പരമ്പരാഗതമായ രീതിയിലുള്ള വോട്ടെടുപ്പ് നടക്കാന്‍ പോകുന്നതിന് മുന്നോടിയായി ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് സൂക്കി ശ്രമിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.