അഴകായ് പൂത്തുലഞ്ഞ് തൃശൂര്‍ പൂരം

Posted on: April 22, 2013 6:00 am | Last updated: April 21, 2013 at 11:06 pm

തൃശൂര്‍:പഞ്ചവാദ്യ മധുര സംഗീതവും ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശത്തിരമാലയും തെക്കേ ഗോപുര നടയില്‍ വര്‍ണ വസന്തം തീര്‍ത്ത കുടമാറ്റവും മാനത്ത് അഗ്നിപുഷ്പങ്ങള്‍ വിരിയിച്ച കരി മരുന്ന് പ്രയോഗവുമായി തൃശ്ശര്‍ പൂരം പൂത്തുലഞ്ഞു. കത്തുന്ന വെയിലിനും സൂര്യഘാത ഭീഷണിക്കും തളര്‍ത്താനാകാത്ത വിധം കത്തിക്കയറിയാണ് ഒരോ ചടങ്ങും ഗംഭീരമാക്കിയത്. 

വെളുപ്പിന് മൂന്നിന് നിയമവെടി മുഴങ്ങിയതോടെ നഗരം പൂരത്തിലേക്കുണരുകയായിരുന്നു. അതിരാവിലെ ശാസ്താവ് തെക്കേ ഗോപുര നട കടന്ന് ശ്രീവടക്കുന്നാഥനെ വണങ്ങാന്‍ എത്തിയതോടെ നഗരത്തിലെ എല്ലാ വഴികളും പൂരത്തിലേക്കായി. ചെറിയ ആള്‍ക്കൂട്ടങ്ങളായി വന്നവര്‍ മറ്റ് ചെറുപൂരങ്ങള്‍ക്കൊപ്പം വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളി. ഇതോടെ ശ്രീമൂല സ്ഥാനത്ത് ആള്‍ക്കൂട്ടം മെല്ലെ പരക്കാന്‍ തുടങ്ങി. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്തേറി പറകള്‍ സ്വീകരിച്ച് ബ്രഹ്മസ്വം മഠത്തിലേക്ക്.
11.30ന് പ്രശസ്തമായ മഠത്തില്‍ വരവ്. അന്നമനട പരമേശ്വര മാരാരുടെ പ്രമാണത്തില്‍ പഞ്ചാവാദ്യം നാദഗോപുരങ്ങള്‍ കയറിപ്പോകുന്നു. താളം പിടിക്കുന്ന ആയിരങ്ങള്‍. തിമിലയില്‍ കൈവിരലുകള്‍ കൂട്ടിക്കൊട്ടലുകളുടെ ആവേശത്തിലേക്ക് ഉയര്‍ന്നു. ബ്രഹ്മസ്വം മഠത്തിനു മുന്നിലെ പഞ്ചവാദ്യം കഴിഞ്ഞ് തിരുവമ്പാടി എഴുന്നള്ളിപ്പ് പടിഞ്ഞാറെ റൗണ്ടിലൂടെ കലാശങ്ങള്‍ ഒന്നൊന്നായി കൊട്ടിക്കയറി നടുവാലിലേക്ക്. അന്നമനട പരമേശ്വര മാരാരും സംഘവും പഞ്ചവാദ്യത്തിന്റെ കൊട്ടലുകള്‍ പെരുക്കിയതോടെ കാണികള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. ഉച്ചക്ക് 12ന് പാറമേക്കാവ് ഭഗവതി പരമേശ്വരന്റെ പുറത്തേറി പുറത്തേക്കെഴുന്നള്ളിപ്പ്. പിന്നീട് ചെമ്പട കൊട്ടി ശ്രീ വടക്കുന്നാഥന്റെ തിരുനടയിലേക്ക്.
ഉച്ചക്ക് 2.30ന് പെരുവനം കുട്ടന്‍ മാരാരുടെ വാദ്യസംഘത്തിന്റെ ഇലഞ്ഞിത്തറ മേളം. സായംസന്ധ്യക്ക് കുടമാറ്റത്തിനും പരിസമാപ്തിയായതോടെ പൂരേപ്രമികള്‍ ശക്തന്റെ തട്ടകത്തില്‍ നിന്നും മടക്കം തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ പൂരാഘോഷം കൊടിയിറങ്ങും.