Connect with us

Sports

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

Published

|

Last Updated

gerrard_and_lampard_01ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ലിവര്‍പൂള്‍ ചെല്‍സിയെയും ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. നാളെ മാഞ്ചസ്റ്റര്‍യുനൈറ്റഡ്-ആസ്റ്റന്‍വില്ല പോരാട്ടം.
33 മത്സരങ്ങളില്‍ 50 പോയിന്റോടെ ഏഴാം സ്ഥാനത്തുള്ള ലിവര്‍പൂളിന് നില മെച്ചപ്പെടുത്താന്‍ ഹോംഗ്രൗണ്ടില്‍ ജയിക്കുക തന്നെ വേണം. 56 പോയിന്റോടെ എവര്‍ട്ടന്‍ ആറാം സ്ഥാനം ഭദ്രമാക്കുമ്പോള്‍ യൂറോപ്യന്‍ സ്‌പോട് എന്ന സ്വപ്‌നം ലിവര്‍പൂള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അതേ സമയം ചെല്‍സിക്ക് വളരെ പ്രധാനപ്പെട്ടതാണീ മത്സരം. 32 മത്സരങ്ങളില്‍ 61 പോയിന്റോടെ ആദ്യ നാലിനുള്ളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയും ഇറങ്ങിയും കളിക്കുന്ന ചെല്‍സിക്ക് ആ നില തുടരണമെങ്കില്‍ പരാജയം ഒഴിവാക്കണം. ലിവര്‍പൂളിന്റെ മുന്‍ കോച്ച് റാഫേല്‍ ബെനിറ്റസിന് കീഴില്‍ ചെല്‍സി ലീഗില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് പൊരുതിത്തോറ്റ ചെല്‍സി എവേ മത്സരത്തില്‍ ലിവര്‍പൂളിന് ഭീഷണി തന്നെയാണ്.
ഇതിനിടെ റാഫേല്‍ ബെനിറ്റസിനെ വീണ്ടും പരിശീലക സ്ഥാനത്തെത്തിക്കാന്‍ ലിവര്‍പൂള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകളൊന്നും തന്നെ ബാധിക്കില്ലെന്നും ചെല്‍സിയുടെ ജയം മാത്രമാണ് തന്റെ മനസ്സിലെന്നും ബെനിറ്റസ് പറഞ്ഞു. ഞാനൊരു പ്രൊഫഷണലാണ്. എനിക്ക് മുന്നിലുള്ള ലക്ഷ്യം നേടാന്‍ പരിശ്രമിക്കും. ലിവര്‍പൂളുമായി വൈകാരിക ബന്ധമുണ്ടെങ്കിലും ഇപ്പോള്‍ എന്റെ ടീം ചെല്‍സിയാണ്-ബെനിറ്റസ് പറഞ്ഞു. ബുധനാഴ്ച ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. നൂറാം മത്സരം കളിച്ച ബ്രസീല്‍താരം ഡേവിഡ് ലൂയിസ് മുപ്പത്തഞ്ച് വാര അകലെ നിന്ന് നേടിയ തകര്‍പ്പന്‍ ഗോള്‍ ചെല്‍സിയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി.
ജോണ്‍ ടെറിയുടെ ഇരട്ടഗോളായിരുന്നു ഫുള്‍ഹാമിനെതിരായ മറ്റൊരു സവിശേഷത. ചെല്‍സിയുടെ റിസര്‍വീ ടീമിന്റെ കോച്ചായിരുന്ന ബ്രെന്‍ഡന്‍ റോജേഴ്‌സിന് ലിവര്‍പൂളില്‍ അമ്പതാം മത്സരമാണ് ഇന്ന്. ആന്‍ഫീല്‍ഡില്‍ ക്ലബ്ബ് ആരാധകരുടെ പിന്തുണയോടെ മികച്ചൊരു ജയം തന്നെ റോജേഴ്‌സ് സ്വപ്‌നം കാണുന്നു.
അതേ സമയം, ചെല്‍സി കോച്ച് റാഫേല്‍ ബെനിറ്റസിന് വലിയൊരു വരവേല്‍പ് തന്നെ ഇവിടെ ലഭിക്കും. ലിവര്‍പൂളിന്റെ സംസ്‌കാരം മികച്ചതാണ്. മുന്‍ കളിക്കാരെയും പരിശീലകരെയും അവര്‍ ഒരിക്കലും തള്ളിപ്പറയുകയോ കൂക്കി വിളിക്കുകയോ ചെയ്യില്ല – റോജേഴ്‌സ് പറഞ്ഞു. ആറ് വര്‍ഷം ലിവര്‍പൂളിന്റെ പരിശീലകനായിരുന്ന ബെനിറ്റസ് ചാമ്പ്യന്‍സ് ലീഗും എഫ് എ കപ്പും നേടിക്കൊടുത്തിരുന്നു. കഴിഞ്ഞാഴ്ച താഴേക്കിടയിലുള്ള റെഡിംഗിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ലിവര്‍പൂളിന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വപ്‌നം പൊലിഞ്ഞു. ഇത്, ബ്രെന്‍ഡന്‍ റോജേഴ്‌സിന്റെ ലിവര്‍പൂളിലെ ഭാവി ചോദ്യം ചെയ്യുന്നതായി. പുതിയ പരുക്കുകളൊന്നും ലിവര്‍പൂള്‍ നിരയില്‍ ഇല്ല. റഹീം സ്റ്റെര്‍ലിംഗ്, മാര്‍ട്ടിന്‍ കെല്ലി, ഫാബിയോ ബോറിനി, ജോ അലെന്‍ എന്നിവര്‍ ദീര്‍ഘകാലമായി പുറത്താണ്.
ചെല്‍സിയുടെ പ്രതിരോധ നിരയില്‍ ആഷ്‌ലി കോളും ഗാരി കാഹിലും പരുക്ക് മാറി തിരിച്ചെത്തും. സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസാണ് ലിവര്‍പൂളിന്റെ പ്രധാന ആയുധം.
സീസണിലെ ആദ്യപാദത്തില്‍ ചെല്‍സിയുടെ ഗ്രൗണ്ടില്‍ ലിവര്‍പൂളിന് 1-1ന് സമനില നേടിയത് സുവാരസായിരുന്നു. മത്സരം അവസാനിക്കാന്‍ പതിമൂന്ന് മിനുട്ട് ശേഷിക്കെയായിരുന്നു ഉറൂഗ്വെ സ്‌ട്രൈക്കറുടെ ഗംഭീര സമനില ഗോള്‍.
ടെറിയായിരുന്നു ചെല്‍സിയുടെ സ്‌കോറര്‍. 2004-05 സീസണിന് ശേഷം ലിവര്‍പൂളും ചെല്‍സിയും 33 തവണ നേര്‍ക്കുനേര്‍ വന്നു. പ്രീമിയര്‍ ലീഗില്‍ 17, ചാമ്പ്യന്‍സ് ലീഗില്‍ 10, ലീഗ് കപ്പില്‍ മൂന്ന്, എഫ് എ കപ്പില്‍ രണ്ട് (2006,2012 ഫൈനല്‍), 2006 കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിങ്ങനെയാണ് മുഖാമുഖം. പന്ത്രണ്ട് തവണ വീതം ഇരുവരും ജയിച്ചു. ഒമ്പത് മത്സരം സമനിലയില്‍.അതേ സമയം, ആകെ ചരിത്രത്തില്‍ ലിവര്‍പൂളും ചെല്‍സിയും 166ാം തവണ ഏറ്റുമുട്ടാന്‍ പോവുകയാണ്. 74 ജയവുമായി ലിവര്‍പൂളിനാണ് മേല്‍ക്കോയ്മ. ചെല്‍സി 57 മത്സരം ജയിച്ചു. 34 സമനിലകള്‍.
ഹോംഗ്രൗണ്ടില്‍ ഇറങ്ങുന്ന ടോട്ടനം ഹോസ്പറിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജയം അനിവാര്യം. യൂറോപ്യന്‍ സ്‌പോട്ടിന് മത്സരിക്കുന്ന ടോട്ടനം 32 മത്സരങ്ങളില്‍ 58 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 32 മത്സരങ്ങളില്‍ 68 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാം സ്ഥാനം ഭദ്രമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കിരീടപ്പോരാട്ടം അവസാനിപ്പിച്ചെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് റോബര്‍ട്ടോ മാന്‍സിനി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍, ഒട്ടും സമ്മര്‍ദമില്ലാതെയാകും സിറ്റി കളിക്കുക. സമ്മര്‍ദം മുഴുവനും ആന്ദ്രെ വിലാസ് ബോസിന്റെ ടോട്ടനം ഹോസ്പറിനാണ്. പരുക്ക് ഭേദപ്പെട്ട് ഗാരെത് ബാലെ രണ്ട് ദിവസം പരിശീലനം നടത്തിയത് ടോട്ടനമിന് ശുഭവാര്‍ത്തയാണ്. എന്നാല്‍, ആദ്യ ഇലവനില്‍ ബാലെ കളിക്കുമോ എന്ന ചോദ്യത്തിന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ഈ സമസ്യയാണ് എപ്പോഴും തന്റെ മുന്നിലുള്ളതെന്നും കോച്ച് വിലാസ് ബോസ് പറഞ്ഞു. യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ് സി ബാസലിനെ നേരിടുമ്പോഴാണ് ബാലെയുടെ കാല്‍പ്പടം തെറ്റുന്നത്.
ജെര്‍മെയിന്‍ ഡെഫോ, ആരോന്‍ ലെന്നന്‍ എന്നിവര്‍ പരുക്കിന്റെ അലട്ടലില്‍ നിന്ന് മുക്തരായിട്ടുണ്ട്. കഴിഞ്ഞ നാല് ലീഗ് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമാണ് ടോട്ടനമിന് നേടാനായത്.
ഇത്, ആഴ്‌സണലിന് ആദ്യ നാലിലേക്ക് തിരിച്ചുകയറാന്‍ അവസരമൊരുക്കി. മൊത്തം ചാമ്പ്യന്‍ഷിപ്പുകള്‍ പരിഗണിച്ചാല്‍ ടോട്ടനം അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രം.
നവംബര്‍ പതിനൊന്നിന് സിറ്റിയുടെ ഗ്രൗണ്ടില്‍ 2-1ന് ടോട്ടനം പരാജയപ്പെട്ടിരുന്നു. സെര്‍ജിയോ അഗ്യെറോയും എഡിന്‍ സെക്കോയും സിറ്റിയുടെ ഗോളുകള്‍ നേടിയപ്പോള്‍ ഇരുപത്തൊന്നാം മിനുട്ടില്‍ സ്റ്റീവന്‍ കോല്‍ക്കറിന്റെ ഗോളില്‍ ടോട്ടനമായിരുന്നു ലീഡ് നേടിയത്.

Latest