Connect with us

Editorial

കര്‍ണാടക രാഷ്ട്രീയം

Published

|

Last Updated

മെയ് അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രത്തിന് വ്യക്തത കൈവന്നിട്ടില്ലെങ്കിലും “മണി പവര്‍” തന്നെയായിരിക്കും ജനവിധി നിര്‍ണയിക്കുകയെന്ന് നിസ്സംശയം പറയാം. അനധികൃത ഇരുമ്പയിര് ഖനനം, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണം, റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാടുകള്‍, ഇതിനെല്ലാം പുറമെ സാര്‍വത്രികമായ അഴിമതി എന്നിവയിലൂടെ കുമിഞ്ഞുകൂടുന്ന പണം വീശിയെറിഞ്ഞുള്ള വോട്ട് പിടിത്തം വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ കടക്കല്‍ തന്നെയാണ് കത്തിവെക്കുന്നത്. സംസ്ഥാനത്തെ മുഖ്യധാരാ കക്ഷികളായ ബി ജെ പി, കോണ്‍ഗ്രസ്, ജനതാദള്‍- എസ് എന്നിവയിലെല്ലാം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കോടീശ്വരന്മാരാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ഇനിയുമൊരങ്കത്തിനിറങ്ങിയവരില്‍ പത്ത് പേരെങ്കിലും ശതകോടീശ്വരന്മാരാണ്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവര കണക്കുകളനുസരിച്ച് ബംഗളൂരുവിലെ ഗോവിന്ദ്‌രാജ് നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയകൃഷ്ണയാണ് കോടീശ്വരന്മാരില്‍ അഗ്രഗണ്യന്‍. 910.98 കോടി രൂപയാണ് കൃഷ്ണയുടെ ആസ്തി. രണ്ടാം സ്ഥാനം ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്കാണ്. രാമനഗരം മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന ഇദ്ദേഹത്തിന്റെ ആസ്തി 123.02 കോടി രൂപയാണ്. മൂന്നാം സ്ഥാനം കോണ്‍ഗ്രസിലെ ആര്‍ വി ദേശ്പാണ്ഡെക്കാണെങ്കില്‍ (113.93 കോടി) നാലാം സ്ഥാനം ബി ജെ പിയിലെ അനന്ദ് സിംഗിനാണ്; ആസ്തി 104.50 കോടി രൂപ.
ക്രിമിനലുകളും കളങ്കിതരും സ്ഥാനാര്‍ഥികളില്‍ കുറവല്ല. അഴിമതിക്ക് ലോകായുക്ത കോടതിയില്‍ കേസ് നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്ഥാനാര്‍ഥികളുടെ ഈ “അധിക യോഗ്യത”യില്‍ ബി ജെ പി, ജനതാദള്‍-എസ്, കോണ്‍ഗ്രസ് കക്ഷികള്‍ മത്സരത്തിലാണെന്ന് തോന്നും സ്ഥിതിവിവരക്കണക്കുകള്‍ കണ്ടാല്‍. “മണി പവറും മസില്‍ പവറും” കൊണ്ട് രാഷ്ട്രീയം അടിമേല്‍ മറിക്കാമെന്ന് കര്‍ണാടക ബോധ്യപ്പെടുത്തിയത് 2004ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാതെ വന്ന അന്ന് കൂടുതല്‍ സീറ്റ് നേടിയ കക്ഷി ബി ജെ പിയായിരുന്നു(79). എന്നാല്‍, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിന്ന കോണ്‍ഗ്രസും(65), ജനതാദള്‍- എസും (58) അവസരവാദ കൂട്ടുകെട്ടുണ്ടാക്കി ബി ജെ പിക്ക് തടയിട്ടു. പക്ഷേ, രണ്ട് വര്‍ഷത്തോടെ ഈ കൂട്ടുകക്ഷി സര്‍ക്കാര്‍ നിലം പൊത്തി. മതേതര മൂല്യത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന മതേതര ജനതാദള്‍ കോണ്‍ഗ്രസിനെ കൈയൊഴിച്ച് ബി ജെ പിയുമായി സഖ്യമുണ്ടാക്കി കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കി. റിയല്‍ എസ്റ്റേറ്റ് മേഖല പടര്‍ന്നു പന്തലിച്ചതിനൊപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കുതിച്ചുകയറ്റവും കണ്ട കാലമായിരുന്നു ഇത്. ഭൂമിക്ക് പൊന്നുവിലയായതോടെ ഇടത്തരക്കാരായ ആയിരക്കണക്കിന് ഭൂവുടമകള്‍ കോടീശ്വരന്മാരായി. ബെല്ലാരി, തുംകൂര്‍ ജില്ലകളിലെ അനധികൃത ഇരുമ്പയിര് ഖനനവും വ്യാപകമായി. 2008ലെ തിരഞ്ഞെടുപ്പില്‍ റിയല്‍ എസ്റ്റേറ്റ്, അനധികൃത ഖനനം, വിദ്യാഭ്യാസ കച്ചവടവത്കരണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പണമൊഴുക്കില്‍ രാഷ്ട്രീയത്തിലെ ധാര്‍മിക മൂല്യങ്ങള്‍ കുത്തിയൊലിച്ചു പോയി. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മാഫിയകള്‍ പിന്‍ബലമായതോടെയാണ് കര്‍ണാടകയില്‍ “ഓപ്പറേഷന്‍ ലോട്ടസ്” സാധ്യമായത്. നിയമസഭയില്‍ ഭൂരിപക്ഷം തികയ്ക്കാനാവശ്യമായത്ര എം എല്‍ എമാരെ കൂറുമാറ്റിക്കാനാകുമെന്ന് ബി ജെ പി തെളിയിച്ചു. 2004ല്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും ഒരു സഖ്യത്തിന് അവസരം നല്‍കാതെ കോണ്‍ഗ്രസും ജനതാദള്‍- എസും ചേര്‍ന്നു നടത്തിയ അണിയറ രാഷ്ട്രീയ നീക്കത്തിന് ബി ജെ പി തിരിച്ചടി നല്‍കിയത് ഇപ്രകാരമായിരുന്നു. പക്ഷേ, ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പക്ക് രണ്ട് വര്‍ഷമേ പിടിച്ചുനില്‍ക്കാനായുള്ളു. സ്വന്തം പാര്‍ട്ടിക്കകത്തെ അധികാര വടംവലിക്കൊപ്പം അഴിമതി നിറഞ്ഞാടിയപ്പോള്‍ ലോകായുക്തയുടെ ഉത്തരവ് യഡിയൂരപ്പയെ അധികാരത്തില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടറും മുഖ്യമന്ത്രി പദമേറ്റി. ഭരണകൂടം ആടിയുലഞ്ഞപ്പോള്‍ ബി ജെ പിയില്‍ നിന്നും യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയിലേക്ക് എം എല്‍ എമാരുടെ കൂറുമാറ്റം ഉണ്ടായി. സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായി.
ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അടുത്ത മാസം കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ തത്വദീക്ഷയോ ധാര്‍മികതയോ രാഷ്ട്രീയ സത്യസന്ധതയോ ഒന്നുമല്ല ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. പണാധിപത്യത്തെയും രാഷ്ട്രീയ അവസരവാദത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ക്കാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജനാധിപത്യത്തെ അവഹേളിക്കുന്ന, ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണി നിരക്കേണ്ട സമയമാണിത്.

Latest