കോളജുകളില്ലാത്ത 22 മണ്ഡലങ്ങളില്‍ പതിനെട്ടും ഉത്തര കേരളത്തില്‍

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 8:31 am

തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നാക്കം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 22 നിയോജക മണ്ഡലങ്ങളില്‍ പതിനെട്ടും ഉത്തര കേരള ജില്ലകളില്‍. കേരളം രൂപപ്പെട്ട ശേഷം പകുതിയിലധികവും വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്നത് ഉത്തര കേരള ജില്ലകളില്‍ നിന്നുള്ള മന്ത്രിമാരാണെന്നതാണ് ഏറെ കൗതുകകരം. സര്‍ക്കാര്‍, സ്വാശ്രയ മേഖലകളില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്ലാത്ത അഞ്ച് മണ്ഡലങ്ങളുള്ള മലപ്പുറമാണ് ഇവയില്‍ ഏറ്റവും മുന്നില്‍. നാല് വീതം മണ്ഡലങ്ങളുള്ള കോഴിക്കോടും പാലക്കാടുമാണ് തൊട്ടുപിറകില്‍. രണ്ട് മണ്ഡലങ്ങളുള്ള കണ്ണൂര്‍ ജില്ലയും മലബാറില്‍ തന്നെ. തിരുവനന്തപുരം ജില്ലയില്‍ രണ്ട് മണ്ഡലങ്ങളിലും കൊല്ലം, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ മണ്ഡലത്തിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. എന്നാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍, സ്വാശ്രയ മേഖലകളില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഭാഗത്തില്‍ ഒരു കോളജെങ്കിലുമുണ്ട്.
കോളജുകളില്ലാത്ത മണ്ഡലങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍. കാസര്‍കോട്: ഉദുമ. കണ്ണൂര്‍: പയ്യന്നൂര്‍, തലശ്ശേരി. കോഴിക്കോട്: നാദാപുരം, ബാലുശ്ശേരി, കുന്ദമംഗലം, കൊടുവള്ളി. മലപ്പുറം: താനൂര്‍, വേങ്ങര, മങ്കട, തവനൂര്‍, കൊണ്ടോട്ടി. പാലക്കാട്: തൃത്താല, കോങ്ങാട്, മലമ്പുഴ, ആലത്തൂര്‍. തൃശൂര്‍: ചേലക്കര, ഒല്ലൂര്‍. എറണാകുളം: വൈപ്പിന്‍. കൊല്ലം: കരുനാഗപ്പള്ളി. തിരുവനന്തപുരം: കാട്ടാക്കട, നെയ്യാറ്റിന്‍കര.
സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യത കൂടി കണക്കിലെടുത്ത് നയപരമായ തീരുമാനമെടുത്ത് കോളജുകളില്ലാത്ത മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ കോളജുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു മണ്ഡലത്തിലും ഇതിനുള്ള പ്രാരംഭ നടപുടികള്‍ പോലും ആരംഭിച്ചിട്ടില്ല. കോളജ് ആരംഭിക്കുന്നതിന് യുനിവേഴ്‌സിറ്റി ആവശ്യപ്പെടുന്ന ഭൂമിയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും താനൂരില്‍ കോളജ് സ്ഥാപിക്കുന്നതിന് ക്രിയാത്മകമായ ഒരു മുന്നേറ്റവുമുണ്ടായിട്ടില്ല.
അതോടൊപ്പം അമ്പത് ലക്ഷത്തിലധികം വിദ്യാര്‍ഥികളുള്ള കേരളത്തില്‍ ബിരുദ പഠനത്തിന് അര്‍ഹത നേടുന്നവരുടെ യഥാര്‍ഥ കണക്ക് പോലും വിദ്യാഭ്യാസ വകുപ്പിന്റെ കൈയിലില്ല.
ബിരുദ പഠനത്തിനായി കോളജുകളിലെത്തുന്ന 17-18 പ്രായപരിധിയില്‍ വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം അര ലക്ഷത്തോളമാണെന്നാണ് കണക്ക്. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തിന്റെ എണ്ണം 55,596 വിദ്യാര്‍ഥികള്‍ മാത്രമാണ്. കേരളത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികല്‍ ബിരുദ പഠനം നടത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളം, കോട്ടയം ജില്ലകളാണ് തൊട്ടു പിറകില്‍. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ കാസര്‍കോട്ടാണ്.