ജോസഫ് വിഭാഗം പി സി തോമസുമായി ചര്‍ച്ച നടത്തി: മാണി കോണ്‍ഗ്രസ്സ് പിളര്‍പ്പിന്റെ വക്കില്‍

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 11:11 pm

കോട്ടയം:കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ രൂക്ഷമായ ജോസഫ്- ജോര്‍ജ് ആഭ്യന്തരപ്രശ്‌നം പൊട്ടിത്തെറിയുടെ വക്കിലേക്ക്. പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി സി ജോസഫ്, ആന്റണി രാജു തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസുമായി ആശയവിനിമയം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാണി വിഭാഗത്തിലെ ജോര്‍ജ്‌വിരുദ്ധ ചേരിയെ തോമസിന്റെ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ചകളാണ് നേതാക്കള്‍ പി സി തോമസുമായി നടത്തിയതെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ നിലയില്‍ മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലന്ന വിലയിരുത്തലാണ് ഇവരുടെത്. മെയ് അഞ്ചിന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് വിമത നീക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ മുന്നോടിയായാണ് തോമസുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതെന്നാണ് സൂചന. അതേസമയം മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ച്, ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ പി സി തോമസുമായി ഒത്തുചേരാന്‍ മന്ത്രി പി ജെ ജോസഫ് അനുകൂല നിലപാട് സ്വീകരിക്കാത്തത് ചര്‍ച്ചകള്‍ വഴിമുട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിംയറിംഗ് കമ്മിറ്റി യോഗത്തില്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
എന്നാല്‍ ജോര്‍ജിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി യോഗത്തിലും തുടര്‍ന്നും കൈക്കൊള്ളുന്നത്. ഇതാണ് ജോര്‍ജ്‌വിരുദ്ധ ചേരിയെ തിരിക്കിട്ട വിമത നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. ജോര്‍ജിനെതിരെ സംഘടനാപരമായ നടപടി ആവശ്യപ്പെട്ട് ജോസഫ് അനുകൂലികളായ രണ്ട് എം എല്‍ എമാരും മാണിക്ക് കത്ത് നല്‍കിയിരുന്നു. ജോര്‍ജിനെതിരായ നീക്കങ്ങള്‍ക്ക് ജോസഫ് അനുകൂലികളായ മൂന്ന് എം എല്‍ എമാര്‍ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ഉണ്ടായാല്‍ ഒപ്പം ചേരാന്‍ മറ്റ് ഒരു എം എല്‍ എ ഇല്ലാത്തതാണ് ജോസഫ് വിഭാഗത്തെ ഏറെ അലട്ടുന്നത്. കൂറുമാറ്റ നിരോധ നിയമ പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ പകുതിയോ അതിലധികമോ പിന്‍ബലമില്ലെങ്കില്‍ പാര്‍ട്ടി വിടുന്ന എം എല്‍ എമാര്‍ അയോഗ്യരാകുമോയെന്ന ആശങ്കയും വിമത നേതാക്കള്‍ക്കുണ്ട്.
വിലപേശല്‍ തന്ത്രം ഒരു ഘട്ടത്തിലും അനുവദിക്കരുതെന്ന കരുതലോടെയാണ് സെക്യുലര്‍, ജോസഫ് വിഭാഗങ്ങളെ പാര്‍ട്ടിയില്‍ ലയിപ്പിച്ചപ്പോള്‍ കെ എം മാണി സ്ഥാനമാനങ്ങള്‍ വീതംവെച്ചു നല്‍കിയത്. അന്ന് മാണി വിഭാഗത്തിന് വ്യക്തമായ ആധിപത്യം ഉറപ്പാക്കിയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചത്. ഈ ലിസ്റ്റാണ് പാര്‍ട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കുന്നത്. പഴയ മാണി, സെക്യുലര്‍ വിഭാഗങ്ങള്‍ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ ഒന്നിച്ച് നിന്നാല്‍ ജോസഫ് വിഭാഗം ന്യൂനപക്ഷമാകും. ഈ നിയമ പ്രശ്‌നവും ജോസഫ് വിഭാഗത്തെ ഏറെ അലട്ടുന്നുണ്ട്. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ താത്പര്യമെടുത്ത് നടത്തുന്ന നീക്കങ്ങള്‍ക്ക് ഇടതുമുന്നണി പിന്തുണ നല്‍കാത്തത് പി സി തോമസ് വിഭാഗത്തെയും കുഴക്കുന്നുണ്ട്. രാഷ്ട്രീയ അടിത്തറയും പിന്‍ബലവും കണക്കാക്കി മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തി മന്ത്രിസഭ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പ്രത്യേകിച്ച് സി പി എമ്മില്‍ ഇപ്പോഴും അണിയറയില്‍ സജീവമാണ്. കത്തോലിക്ക സഭയുടെ പൂര്‍ണ പിന്തുണയുള്ള കെ എം മാണിയുമായുള്ള ബന്ധം രാഷ്ട്രീയ ശക്തിയാക്കി വളര്‍ത്താമെന്ന സി പി എം കണക്കുകൂട്ടല്‍ നിലനില്‍ക്കുന്നത്, പാര്‍ട്ടി പിളര്‍ത്തി ഇടതുമുന്നണിയില്‍ എത്താമെന്ന ഒരു വിഭാഗം ജോസഫ് വിഭാഗം നേതാക്കളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ALSO READ  രണ്ടില രണ്ട് കൂട്ടർക്കുമില്ല: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ