Connect with us

Editorial

അമേരിക്ക ഭീകരരുടെ താവളം?

Published

|

Last Updated

പതിനഞ്ച് പേരുടെ മരണത്തിനും എഴുപത് പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കാനുമിടയാക്കിയ ടെക്‌സാസിലെ രാസവള നിര്‍മാണശാലയിലെ സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറി സാധ്യത കാണുന്നില്ലെന്നാണ് പോലീസ് ഭാഷ്യമെങ്കിലും അമേരിക്കന്‍ ഭരണകൂടം ആശങ്കയിലാണ്. ബോസ്റ്റണിലെ ഭീകരാക്രമണത്തിനും വൈറ്റ് ഹൗസില്‍ വിഷക്കത്ത് ലഭിച്ചതിനും തൊട്ടുപിറകെയാണ് സ്‌ഫോടനമെന്നതാണ് ആശങ്കക്ക് കാരണം. അണുബോംബ് സ്‌ഫോടനത്തിന് സമാനം അതിഭീകരമായിരുന്നു ടെക്‌സാസിലെ പൊട്ടിത്തെറിയെന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചപ്പോഴുണ്ടായ അഗ്നിഗോളത്തെ അനുസ്മരിപ്പക്കുന്നതായിരുന്നു അവിടത്തെ ദൃശ്യമെന്നുമാണ് ദൃക്‌സാക്ഷികളുടെ വിവരണം. സഫോടനത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
ബോസ്റ്റണില്‍ 27,000-ത്തോളം പേര്‍ പങ്കെടുത്ത മാരത്തണ്‍ മത്സരത്തിനൊടുവിലാണ് പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം നടന്നത്. മൂന്ന് പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികളാണുള്ളതെന്നാണ് പോലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടത്തിയിട്ടുണ്ട്. രണ്ടാമത്തെ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കവെ ബോസ്റ്റണില്‍ ഇന്നലെ അജ്ഞാതന്റെ വെടിയേറ്റ് ഒരു പോലീസുകാരന്‍ മരിച്ച സംഭവം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.
ലോക പോലീസ് ചമഞ്ഞു മറ്റു രാഷട്രങ്ങളിലെ ആഭ്യന്തര കുഴപ്പങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പ് നല്‍കുകയും സമാധാനം സ്ഥാപിക്കാനെന്ന വ്യാജേന അത്തരം രാജ്യങ്ങളില്‍ അധിനിവേശം നടത്തുകയും ചെയ്യുന്ന അമേരിക്കയിലെ സമാധാനാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്നാണ് അടുത്ത കാലത്തായി അവിടെ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന്അമേരിക്കയിലെ കണക്ടികട് സംസ്ഥാനത്തെ ന്യൂ ടൗണിലുള്ള സാന്‍ഡിഹൂക്ക് സ്‌കൂളില്‍ നടന്നത് ലോക ജനതയെ ആകമാനം ഞെട്ടിച്ച സംഭവമാണ്. ആഡം ലാന്‍സ എന്ന വിദ്യാര്‍ഥി ഇതേ സ്‌കൂളിലെ അധ്യാപികയായ തന്റെ മാതാവിനെ വധിച്ച ശേഷം തോക്കുമായി സ്‌കൂളിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥികള്‍ക്ക് നേരെ തുരുതരാ വെടിയുതിര്‍ക്കുയായിരുന്നു. സംഭവത്തില്‍ ഇരുപത് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലുമടക്കം ഇരുപത്തെട്ട് പേര്‍ വധിക്കപ്പെടുകയുണ്ടായി. 2009 ഏപ്രില്‍ മൂന്നിന് ന്യൂയോര്‍ക്കിന് സമീപം ബിംഗാ ടൗണില്‍ ഒരു വിദ്യാര്‍ഥി 13 പേരെയും ഏപ്രില്‍ 16ന് വെര്‍ജീനിയ ടെക് യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥി 32 പേരെയും തോക്കിനിരയാക്കിയിരുന്നു.
യൂ എസിനകത്ത് നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളിലുമായി വര്‍ഷംപ്രതി 30,000-ത്തോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കനുസരിച്ച് അവിടെ രാജ്യത്തിനകത്തെ സ്വന്തം ഭീകരരുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 2,70,000 വരും. ഭീകരരുടെ താവളങ്ങളെന്ന് ബറാക് ഒബാമ മൂദ്രകുത്തുന്ന അഫ്ഗാന്‍, പാകിസഥാന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ തീവ്രവാദികളും ഭീകരരും കൂടുതലുളളത് അമേരിക്കയില്‍ തന്നെയാണെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന. ഈ യാഥാര്‍ഥ്യം പടിഞ്ഞാറന്‍ മാധ്യമങ്ങളും പടിഞ്ഞാറിനോട് അമിത ഭക്തി പ്രകടിപ്പിക്കുന്ന ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും തമസ്‌കരിക്കുകയും തീവ്രവാദത്തിന്റെ വക്താക്കള്‍ മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കാന്‍ വ്യഗ്രത കാണിക്കുകയുമാണ്.
സമ്പന്ന രാഷ്ട്രമെന്ന് അവകാശപ്പെടുമ്പോഴും അമേരിക്കയുടെ സാമ്പത്തിക നില പരിതാപകരവും ക്രമസമാധാനം തകരാറിലുമാണ്. ഇത് ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് നേരെ അകാരണമായി ആക്രമണം അഴിച്ചുവിട്ടും സൈനിക ഇടപെടല്‍ നടത്തിയും രാജ്യത്തിന്റെ പൊതുഖജനാവ് കാലിയാക്കുന്ന യാങ്കി ഭീകരതയോട് അവിടുത്തെ ജനങ്ങളില്‍ ബഹുഭൂരിഭാഗത്തിനും വിയോജിപ്പാണെന്ന് ഇതിനിടെ ചില ഏജന്‍സികളും പ്രസിദ്ധീകരണങ്ങളും നടത്തിയ സര്‍വേകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ബഹിര്‍സ്ഫുരണമായിരിക്കണം അമേരിക്കയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്‌ഫോടനങ്ങളും ആക്രമണങ്ങളും.

Latest