Connect with us

Gulf

അബുദാബി പുസ്തകമേള 24 മുതല്‍ 50 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രസാധകര്‍

Published

|

Last Updated

അബുദാബി:അബുദാബി രാജ്യാന്തര പുസ്തകമേളക്ക് 50 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രസാധകര്‍ എത്തുമെന്ന് ഡയറക്ടര്‍ ജുമാ അബ്ദുല്ല അല്‍ ഖുബൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 24 മുതല്‍ 29 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന മേളക്ക് രണ്ടു ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രദര്‍ശനയിടത്തില്‍ 15 ഉം പ്രസാധകരുടെ എണ്ണത്തില്‍ 13 ഉം ശതമാനം വര്‍ധനവുണ്ട്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഈ മേള, സാഹിത്യരംഗത്ത് മേഖലയിലെ ഏറ്റവും വലിയ സംരംഭമാണ്. രാജ്യാന്തര പ്രശസ്തരായ നിരവധി എഴുത്തുകാര്‍ പങ്കെടുക്കുകയും അനുവാചകരോട് സംവദിക്കുകയും ചെയ്യും. സമഗ്രവും ബൃഹത്തുമാണ് മേള. അറബ് സാംസ്‌കാരിക, സാഹിത്യ, പ്രസാധക മേഖലക്ക് പ്രത്യേക ഉണര്‍വു നല്‍കുകയും ചെയ്യുന്നു. പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, നെറ്റ്‌വര്‍ക്കിംഗ് സാധ്യതകളുടെ പരിശോധനകള്‍ എന്നിവ ഈ വര്‍ഷവും ഉണ്ടാകും. 50 ലധികം ചിന്തകരാണ് എത്തുന്നത്. അഞ്ച് ലക്ഷത്തിലധികം കൃതികള്‍ ഉണ്ടാകും.

ഇന്ത്യ, അമേരിക്ക, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രസാധകര്‍ എത്തുമെന്നും ജുമാ അബ്ദുല്ല അല്‍ ഖുബൈസി പറഞ്ഞു.
വെള്ളി ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തു വരെയാണ് മേളയുടെ പ്രവര്‍ത്തി സമയം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതലാണ് തുറക്കുക.
മേളയുടെ ഭാഗമായി ശൈഖ് സായിദ് പുസ്തക പുരസ്‌കാരം, രാജ്യാന്തര അറബ് സാഹിത്യ പുരസ്‌കാരം എന്നിവയുടെ പ്രഖ്യാപനം ഉണ്ടാകും.
കുട്ടികളുടെ പങ്കാളിത്തത്തിന് പ്രത്യേകം സൗകര്യങ്ങളുണ്ട്. 25,000 വിദ്യാര്‍ഥികള്‍ മേളക്കെത്തുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് നോവലിസ്റ്റ് ജാക്വസ് ഫെര്‍ണാണ്ടസ്, ഉക്രേനിയന്‍ നോവലിസ്റ്റ് ആന്ദ്രി കുര്‍കോവ് തുടങ്ങിയ പ്രമുഖര്‍ പ്രഭാഷകരായി എത്തുന്നുണ്ട്. പബ്ലിഷിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ശെഹി പങ്കെടുത്തു.