പര്‍വേസ് മുഷറഫ് അറസ്റ്റില്‍

Posted on: April 19, 2013 9:12 am | Last updated: April 19, 2013 at 3:40 pm

Pervez Musharrafഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അറസ്റ്റില്‍. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 8.30ന് ആണ് മുഷറഫ് ഇസ്‌ലാമാബാദിലെ ഫാം ഹൗസില്‍ വെച്ച് അറസ്റ്റിലായത്. ജഡ്ജിമാരെ തടവിലാക്കിയതുള്‍പ്പടെയുള്ള കേസുകളാണ് മുഷറഫിന് എതിരെയുള്ളത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്ത്തിഖാര്‍ ചൗധരിയെ പുറത്താക്കിയതിലൂടെ ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിച്ചയാളാണ് മുഷറഫ്. ഹൈക്കോടതി മുഷറഫിന്റെ ജാമ്യ ഹര്‍ജി ഇന്നലെ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് മുന്‍ പട്ടാള ജനറല്‍ ഒളിവിലായിരുന്നു. എന്നാല്‍ മുഷറഫ് ഒളിച്ച സ്ഥലം കണ്ടെത്തി അവിടെ നിന്ന് പുറത്തേക്കുള്ള എല്ലാ വഴികളും പെലീസ് അടക്കുകയായിരുന്നു. മുഷറഫിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കയ്യേറിയ പട്ടാള ഭരണാധികാരിയാണ് ഇപ്പോള്‍ പോലീന്റെ പിടിയിലായിരിക്കുന്നത്. അതിനിടെ മുഷറഫ് കീഴടങ്ങിയതാണ് എന്നും റിപ്പോര്‍ട്ടുണ്ട്. മെയ് പതിനൊന്നിന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പ്രവാസ ജീവിതം നയിച്ചു പോന്നിരുന്ന മുഷറഫ് പാക്കിസ്താനില്‍ തിരികെയെത്തിയത്. എന്നാല്‍ മുഷറഫ് സമര്‍പ്പിച്ച മൂന്നു പത്രികകളും തള്ളുകയായിരുന്നു. ഇതോടെ പാക് രാഷ്ട്രീയത്തില്‍ മുഷറഫിന്റെ ഭാവി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.