ജില്ലയില്‍ ശുചിത്വമില്ലാത്ത ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടും

Posted on: April 19, 2013 7:41 am | Last updated: April 20, 2013 at 3:54 pm

കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമായതിന് പ്രധാന കാരണങ്ങളിലൊന്ന് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിര്‍മിക്കുന്ന ഐസ് ആണെന്ന് പ്രാഥമിക നിഗമനം. ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതാണിത്.
ഐസ് പ്ലാന്റുകളിലെ പരിശോധന കര്‍ശനമാക്കാനും ശുചിത്വം പാലിക്കാത്ത പ്ലാന്റുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഐസ് സ്റ്റിക്കുകള്‍ കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. റോഡരികില്‍ വില്‍ക്കുന്ന സര്‍ബത്ത്, സോഡാ സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് കട്ടകള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കണം. ക്ലോറിനേറ്റ് ചെയ്ത വെളളമല്ലാതെ ഐസ് പ്ലാന്റുകള്‍ ഉപയോഗിക്കരുത്.
ടാങ്കുകളില്‍ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ സ്രോതസ് ക്ലോറിനേറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. ഇത്തരം ലോറികള്‍ പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. വിവാഹം, സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെളളം പരിശോധിക്കണം. മാനാഞ്ചിറയിലെ വെളളം നിറക്കുന്ന ടാങ്കുകളില്‍ ഐസ് ടാബ്‌ലറ്റ് ഇടണം.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ -റവന്യൂ വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തും. ആരോഗ്യകരമായ വാസ സ്ഥലങ്ങളാണെന്ന് ഉറപ്പ് വരുത്താന്‍ കരാറുകാര്‍ക്ക് നോട്ടീസ് നല്‍കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കും. കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ അഡീഷനല്‍ ഡി എം ഒ ഡോ എം കെ അപ്പുണ്ണി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഡോ. നൂനമര്‍ജ , കോര്‍പ്പറേഷന്‍ -മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വാട്ടര്‍ അതോറിറ്റി -റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.