എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയുയരും

Posted on: April 19, 2013 6:57 am | Last updated: April 19, 2013 at 7:04 am
CHN- Kodimara jatha kaloor stadium
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 40 പതാകവാഹകസംഘങ്ങള്‍ രിസാല സ്‌ക്വയറിലേക്ക് എത്തിച്ചേരുന്നു

കൊച്ചി: എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയുയരും. സംഘടനയുടെ നാല്‍പ്പത് വര്‍ഷങ്ങള്‍ വിളംബരം ചെയ്ത് സംസ്ഥാനത്തെ നാല്‍പ്പത് പ്രമുഖ ചരിത്ര കേന്ദ്രങ്ങളില്‍ നിന്ന് കാല്‍നട ജാഥയായി കൊണ്ടുവന്ന 40 പതാകകളാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത്. നാല് പതിറ്റാണ്ടിനിടെ എസ് എസ് എഫിന് നേതൃത്വം നല്‍കിയ സംസ്ഥാന സാരഥികളാണ് പതാകകള്‍ ഉയര്‍ത്തുക. എറണാകുളം ജില്ലയിലെ ആത്മീയ, ചരിത്ര ഭൂമികളില്‍ നിന്ന് ജാഥയായി കൊണ്ടുവന്ന കൊടിമരങ്ങളിലാണ് പതാകകള്‍ ഉയര്‍ത്തുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി സുനില്‍കുമാര്‍ എം എല്‍ എ അഭിവാദ്യ പ്രസംഗം നടത്തും.
‘സമരമാണ് ജീവിതം’ എന്ന സന്ദേശത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് (രിസാല സ്‌ക്വയര്‍) സമ്മേളനം നടക്കുന്നത്. സമ്മേളന പ്രമേയം മുന്നോട്ടു വെക്കുന്ന സന്ദേശം ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി നടത്തിയ സൃഷ്ടിപരമായ സമരങ്ങള്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആറ് മാസക്കാലമായി സംഘടനാ ഘടകങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സമ്മേളനം നടക്കുന്നത്.
കാസര്‍കോടുനിന്നും തിരുവനന്തപുരത്തുനിന്നും പര്യടനമാരംഭിച്ച രണ്ട് പതാക ജാഥകളാണ് വെള്ളിയാഴ്ച എറണാകുളത്ത് സംഗമിക്കുന്നത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിനും ആത്മീയ ജീവിതത്തിനും നേതൃത്വം നല്‍കിയ പൂര്‍വ സൂരികളുടെ അന്ത്യ വിശ്രമസ്ഥാനങ്ങളില്‍നിന്നും ചരിത്ര സ്മാരകങ്ങളില്‍നിന്നും പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും കൈമാറിയ പതാകകളാണ് കാല്‍നടയായി എറണാകുളത്തെത്തിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന സമിതി പ്രതിനിധികള്‍ക്കൊപ്പം ഓരോ ജില്ലകളിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പതാകകള്‍ വഹിച്ചുള്ള കാല്‍നട ജാഥകള്‍ നയിച്ചത്. എറണാകുളം നഗരത്തിലെത്തുന്ന ജാഥാ നായകരില്‍നിന്ന് പതാകകള്‍ എസ് എസ് എഫ് സംസ്ഥാന ഐ ടീം അംഗങ്ങള്‍ സ്വീകരിച്ച് പ്രകടനമായാണ് നഗരിയിലേക്ക് കൊണ്ടുവരിക.
പതാകകള്‍ നഗരിയില്‍ ഉയര്‍ത്തുന്നതോടെ സമ്മേളനാനുബന്ധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇസ്‌ലാമിക് എക്‌സിബിഷന്‍, പുസ്തക മേള, സാംസ്‌കാരിക സെമിനാറുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
ആര്‍ പി ഹുസൈന്‍, വി അബ്ദുല്‍ ജലീല്‍ സഖാഫി , കെ അബ്ദുല്‍ കലാം , വി എച്ച് അലി ദാരിമി , എ അഹ്മദ് കുട്ടി ഹാജി , വി പി എം ഇസ്ഹാഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.