മുഷര്‍റഫിന്റെ ഭാവി ഇരുളില്‍

Posted on: April 18, 2013 11:06 pm | Last updated: April 18, 2013 at 11:06 pm

siraj copyമെയ് 11ന് നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലൂടെ ഒരിക്കല്‍ കൂടി പാകിസ്ഥാന്റെ ഭരണച്ചെങ്കോല്‍ പിടിച്ചടക്കാനുള്ള മോഹവുമായി തിരിച്ചെത്തിയ പര്‍വേസ് മുഷര്‍റഫിന്റെ ഭാവി വീണ്ടും ഇരുളടയുന്നു. തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനൊപ്പം 2007-ലെ അടിയന്തരാവസ്ഥക്കാലത്ത് ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൗധരി ഉള്‍പ്പെടെ 60 ജഡ്ജിമാരെ തടവിലിട്ട കേസില്‍ ജാമ്യം നീട്ടാനുള്ള അപേക്ഷ നിരസിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിരിക്കയുമാണ്.
1999-ല്‍ പാക് പ്രസിഡന്റായി അധികാരമേറ്റ പട്ടാള മേധാവി കൂടിയായിരുന്ന മുഷര്‍റഫ് 2008-ല്‍ ഇംപീച്ച്‌മെന്റ് നടപടി മുന്നില്‍ കണ്ട് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുകയും 2009 ഏപ്രില്‍ 19ന് പാകിസ്ഥാന്‍ വിട്ട് വിദേശത്തേക്ക് പലായനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നാല് വര്‍ഷം ദൂബൈയിലും ലണ്ടനിലുമാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. വിദേശത്ത് പ്രഭാഷണ പരമ്പരക്കെന്ന പേരിലാണ് രാജ്യം വിട്ടതെങ്കിലും ജഡ്ജിമാരെ അന്യായമായി തടങ്കലിലിട്ടതും പാക് മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബഗ്തി എന്നിവര്‍ കൊല്ലപ്പെട്ടതും ഉള്‍പ്പെടെയുള്ള നിയമനടപടികളില്‍ രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായാല്‍ രാഷ്ട്രീയ പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരിക്കണം ആള്‍ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കറാച്ചി, ഇസ്‌ലാമാബാദ്, ചിത്രാല്‍, കസൂര്‍ മണ്ഡലങ്ങളില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുശര്‍റഫ് ഭരണഘടനാ ലംഘനം നടത്തിയെന്ന എതിര്‍ കക്ഷികളുടെ പരാതിയില്‍ അദ്ദേഹത്തിന്റെ പത്രിക നിരസിക്കുകയായിരുന്നു. പ്രകടന പത്രിക തയ്യാറാക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ മുഷര്‍റഫിന് ഈ നടപടി കനത്ത തിരിച്ചടിയായി.
വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താലിബാനെതിരെ അമേരിക്ക അഴിച്ചുവിട്ട ആക്രമണത്തിന് സര്‍വപിന്തുണയും നല്‍കിയ മുഷര്‍റഫ് താലിബാന്റെ കണ്ണില്‍ കരടാണ്. തിരിച്ചുവന്നാല്‍ വധിക്കുമെന്ന താലിബാന്റെ ഭീഷണി അവഗണിച്ചാണ് കഴിഞ്ഞ മാസം 24ന് അദ്ദേഹം കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പാകിസ്ഥാന്റെ അവസ്ഥ ഇപ്പോള്‍ പരമദയനീയമാണെന്നും രാജ്യത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യമെന്നും വിമാനത്താവളത്തില്‍ അണികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറയുകയുണ്ടായി. തന്റെ പദ്ധതികളെല്ലാം പരാജയപ്പെട്ട മുഷര്‍റഫിനിപ്പോള്‍ വീണ്ടും രാജ്യം വിട്ട് പ്രവാസജീവിതം നയിക്കാനും സാധ്യമല്ലാത്ത സ്ഥിതിയാണ്. മുഷര്‍റഫിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം രാജ്യം വിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. അതനുസരിച്ച് രാജ്യം വിടാന്‍ അനുമതയില്ലാത്തവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര്‍ ഉള്‍പ്പെടുത്താന്‍ എമിഗ്രേഷന്‍ അധികൃതര്‍ക്കും അദ്ദേഹം രാജ്യം വിടുന്നത് ശ്രദ്ധിക്കാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കയാണ്.
ഇന്നലെ ജാമ്യാപേക്ഷ നിരസിച്ച ഉടനെ പാക് പോലീസ് മുഷര്‍റഫിനെ കോടതി വളപ്പില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞെങ്കിലും സ്വന്തം കമാന്‍ഡോകളുടെ സഹായത്തോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇസ്‌ലാമാബാദ് കോടതിയുടെ അറസ്റ്റ് ഉത്തരവിനെതിരെയും ജാമ്യം നീട്ടിക്കിട്ടാനും അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതിയും അദ്ദേഹത്തെ കൈവെടിഞ്ഞു. ഒരു പക്ഷേ, ഈ പത്രം പുറത്തിറങ്ങുമ്പോഴേക്കും മുഷര്‍റഫ് അറസ്റ്റിലാകാനിടയുമുണ്ട്. അധികാരമോഹം മൂത്ത് വീണ്ടും തിരിച്ചുവന്നതില്‍ അദ്ദേഹമിപ്പോള്‍ ഖേദിക്കുന്നുണ്ടായിരിക്കണം.
മുഷര്‍റഫിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍ ദുഃഖിക്കാന്‍ പാകിസ്ഥാനില്‍ ഏറെ പേരുണ്ടാകില്ല. പത്ത് വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ലാത്ത അദ്ദേഹം, ഭീകരതക്കെതിരായ പോരാട്ടം എന്ന പേരില്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ മുസ്‌ലിം വേട്ടക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതിലൂടെ പാക്ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും താലിബാന്റെയും ആഗോള മുസ്‌ലിംകളുടെയും അതൃപ്തിക്കിരയാകുകയും ചെയ്തു. അധികാരം നിലനിര്‍ത്തുന്നതിന് അമേരിക്കയുടെ പിന്തുണ നേടുകയായിരുന്നു ഇതുവഴി അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും അമേരിക്കക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആള്‍ പാക്കിസ്ഥാന്‍ മുസ്‌ലിംലീഗിന്റെ ഗതിയും ആശാവഹമല്ല. അധികാരത്തിലെത്തുമ്പോള്‍ ജനങ്ങളെ വിസ്മരിക്കുന്ന ഭരണാധികാരികളെ ജനങ്ങള്‍ കൈയൊഴിഞ്ഞതായാണ് ചരിത്രം.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ