വിവാദ പരാമര്‍ശം:മധ്യപ്രദേശ് മന്ത്രി രാജിവെച്ചു

Posted on: April 18, 2013 8:41 am | Last updated: April 18, 2013 at 8:41 am

ഭോപ്പാല്‍: മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഗോത്ര ക്ഷേമ മന്ത്രി വിജയ് ഷാ രാജിവെച്ചു. ജാബുവയില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കായി നടത്തിയ വേനല്‍ ക്യാമ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്റെ ഭാര്യ സാധ്‌നാ സിംഗിനെതിരെ ലൈംഗികച്ചുവയോടു കൂടിയ പരാമര്‍ശം നടത്തിയെന്നാണ് ഷാക്കെതിരെ ആരോപണം ഉയര്‍ന്നത്. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നരേന്ദ്ര സിംഗ് തോമര്‍ തന്റെ വസതിയിലേക്ക് ഷായെ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. പരാമര്‍ശങ്ങളിലേക്ക് നയിച്ച സാഹചര്യത്തെ സംബന്ധിച്ച് വിശദീകരണം നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാത്തതിനാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നുവെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.ഷാക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നിരുന്നു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി. പരാമര്‍ശം നടന്ന് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.