Connect with us

National

ഇടതുപക്ഷം 30 സീറ്റുകളില്‍ മത്സരിക്കും

Published

|

Last Updated

ബംഗളൂരു: സി പി ഐ, സി പി എം, ഫോര്‍വേഡ്‌ബ്ലോക്ക് എന്നീ ഇടതുകക്ഷികള്‍ 30 സീറ്റുകളില്‍ മത്സരിക്കും. 27 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക താമസിയാതെ പ്രസിദ്ധീകരിക്കും.

ഇടതു നേതാക്കളായ പി വി ലോകേഷ് (സി പി ഐ), വി ജെ കെ നായര്‍ (സി പി എം), ജി ആര്‍ ശിവശങ്കര്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോകസത്ത, സര്‍വോദയ കര്‍ണാടക പക്ഷ എന്നീ കക്ഷികളുമായി ഇടതുപക്ഷം ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ കക്ഷികള്‍ മറ്റ് 17 സീറ്റുകളില്‍ മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഢ ി(ബാഗേപ്പള്ളി), പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍ ചന്ദ്ര തേജസ്വി (ദൊഡ്ഢബല്ലാപൂര്‍), സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സതി സുന്ദരേശ് (മുഡിഗെരെ) എന്നിവര്‍ മത്സരിക്കുന്നുണ്ട്. അളന്ദ്, ചിട്ടാപൂര്‍, സെദാം സീറ്റുകളിലെ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബംഗളൂരു ചിക്‌പേട്ട്, ശാന്തിനഗര്‍, ഗാന്ധിനഗര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കോണ്‍ഗ്രസ്, ബി ജെ പി ഇതര ബദലിന് വേണ്ടി ഇടതുപക്ഷം ശ്രമിക്കുമെന്ന് വി ജെ കെ നായര്‍ അറിയിച്ചു. ജനതാ ദള്‍-എസ് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ അവരുമായി് ഇടതുപക്ഷത്തിന് ഒരു ബന്ധവുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈയിടെ നടന്ന നഗരതദ്ദേശ സമിതി തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ്. 1983ലെ രാഷ്ട്രീയ സാഹചര്യമായിരിക്കും സംസ്ഥാനത്ത് സംജാതമാകുക. അന്ന് അഞ്ച് സീറ്റുകള്‍ നേടിയ ഇടതുപക്ഷവുമായി ചേര്‍ന്ന് രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.