Connect with us

Malappuram

മഞ്ചേരിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ്; തസ്തികകള്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവായി

Published

|

Last Updated

അരീക്കോട്: മഞ്ചേരിയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് തുടങ്ങാനാവാശ്യമായ തസ്തികകള്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവായി. 83 ഡോക്ടര്‍മാരും 25 അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ഉള്‍പ്പെടെ 108 തസ്തികകളിലേക്ക് നിയമനം നടത്താന്‍ നടപടികളായി. എന്നാല്‍ പ്രിന്‍സിപ്പല്‍ തസ്തിക സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ലി വാസുവിനെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നെങ്കിലും അവര്‍ ചുമതലയേല്‍ക്കാന്‍ തയ്യാറായില്ല. 
മെഡിക്കല്‍ കോളജ് ആരംഭ ഘട്ടത്തിലായതിനാല്‍ വര്‍ധിച്ച ജോലി ഭാരം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ ചുമതല ഏല്‍ക്കാന്‍ വിസമ്മതിക്കുന്നത്. മെയ് 15ന് മുമ്പായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധനക്കായി മഞ്ചേരിയിലെത്തും. ഇതിനു മുമ്പായി ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിയമനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ലാബ്, ലൈബ്രറി, ഹോസ്റ്റല്‍ തുടങ്ങീ പശ്ചാത്തല സൗകര്യങ്ങളും ഇതിനകം പൂര്‍ത്തീകരിക്കും. ഹോസ്റ്റല്‍ സജ്ജീകരിക്കുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പെയിന്റിംഗ് ജോലി കൂടി മാത്രമേ പൂര്‍ത്തീകരിക്കാനുള്ളൂ. നിലവിലുള്ള ആശുപത്രിയുട പുതിയ ബ്ലോക്കില്‍ 3,4 നിലകളിലാണ് ഹോസ്റ്റല്‍ സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ എഫ് ഐടി എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. 2 ക്ലാസ് റൂം, ഒരു കോണ്‍ഫറന്‍സ് ഹാള്‍, 4 ഡെമോണ്‍സ്‌ട്രേഷന്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിയും അന്തിമ ഘട്ടത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
2.25 കോടിയുടെ ലാബ് ഉപരകരണങ്ങളും 50 ലക്ഷം രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും 2 ദിവസത്തിനകം എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങാനാവശ്യമായ 12 മൃതദേഹങ്ങള്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും താലൂക്ക് ആശുപത്രികളില്‍ നിന്നും എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമുള്ള ലൈബ്രറി പുസ്തകങ്ങള്‍ ഇന്നലെ ആശുപത്രിയിലെത്തിയിട്ടുണ്ട്. പത്തോളജി, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫോറന്‍സിക് മെഡിസിന്‍ തുടങ്ങീ ഒന്നാം വര്‍ഷത്തേക്കു വേണ്ട പുസ്തകങ്ങളും ജനറല്‍ പുസ്‌കകങ്ങളുമുള്‍പ്പെടെ 40 ലക്ഷം രൂപയുടെ 2000 പുസ്തകങ്ങളാണ് ഇന്നലെ എത്തിയത്. 3 ലൈബ്രറിയന്‍മാര്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. ഇതു കൂടാതെ ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങാനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഈ മാസാവസനാത്തോടെ പൂര്‍ണ സജ്ജമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവിലെ ആശുപത്രിയുടെ പുതിയ ബ്ലോക്കിനോട് ചേര്‍ന്ന് 14 കോടിയുടെ 5 നില കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2 ദിവസത്തിനകം നിരമ്മാണ പ്രവൃത്തി ആരംഭിക്കുമെന്നാണറിയുന്നത്. 14 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും

Latest