Connect with us

Articles

മര്‍കസ് മുപ്പത്തിയാറിന്റെ നിറവില്‍

Published

|

Last Updated

markazMarkazu Ssaquafathi Ssunniyya has been providing education, food, shelter, clothing, and medicine to children from underprivileged sections of society. The institute can help in producing noble qualities in its students and also strive to produce good human beings for the overall benefit of society.
Dr. A.P.J Abdul Kalam

“”ആത്മീയശാന്തി അപരിമേയമാണ്. മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഉദാത്തങ്ങളും അവിസ്മരണീയങ്ങളുമായ എല്ലാ നേട്ടങ്ങളുടെയും ഉറവിടം അനിര്‍വചനീയമായ ആത്മീയശക്തിയാണ്. സാഹിത്യം, കല, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലും അതിന്റെ പ്രസരം കാണാം. എന്തിന്? വിമോചനമൂല്യമുള്ളതും വികസനോന്‍മുഖവുമായ രാഷ്ട്രീയത്തിന്റെ പോലും പ്രചോദനശക്തി ആത്മീയതയാണ്.
സന്‍മാര്‍ഗശക്തിക്കു ഒരു ആത്മീയ ഭാവമുണ്ടെങ്കില്‍ മാത്രമേ മനുഷ്യന്റെ നേട്ടങ്ങള്‍ക്കു ഭൗതികമായ സംതൃപ്തിയോടൊപ്പം അമേയമായ ഒരു മാനസിക സായൂജ്യവും കൈവരിക്കുകയുള്ളൂ. അത്തരം ആത്മീയചിന്താപ്രചോദിതമായ പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളില്‍ നിന്ന് ഒന്നാണ് ഇന്ന് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ.
വിദ്യാഭ്യാസം, മതബോധനം തുടങ്ങി അനാഥസംരക്ഷണം മുതല്‍ ആരോഗ്യപരിപോഷണം വരെയുള്ള വൈവിധ്യമാര്‍ന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഒരു വന്‍ തേനീച്ചക്കൂട് പോലെ കര്‍മനിരതമായ കല്‍പ്പകഭൂമിയാണ് ഈ സ്ഥാപനം. അതിശയകരമായ അതിന്റെ ശീഘ്രവളര്‍ച്ചയിലും സമ്പന്നമായ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തിലും സേവനോന്‍മുഖമായ ഭാവഗാംഭീര്യത്തിലും ഞാന്‍ അത്യധികമായി സന്തോഷിക്കുന്നു. മര്‍കസ് സ്ഥാപനങ്ങളുടെ ജീവനാഡിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.””
ഡോ. എന്‍ എ കരീം

“മര്‍കസ് മഹാപ്രസ്ഥനമാണ്. നിരവധി സ്ഥാപനങ്ങളുടെ മേല്‍നോട്ടം സുന്ദരമായി നടത്തി വരുന്നത് എനിക്ക് നേരിട്ടറിയാവുന്നതാണ്. ഒട്ടും ശങ്കയില്ലാതെ മര്‍കസ് മുന്നോട്ടു പോകുമെന്ന് ഞാന്‍ സധൈര്യം വിശ്വസിക്കുന്നു.
അക്ഷരത്തിലും അര്‍ഥത്തിലും മതേതരത്വവും മനുഷ്യാവകാശമൂല്യങ്ങളും വിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കുന്ന മര്‍കസിന് സര്‍വ ആശീര്‍വാദവും നേരുന്നു.””
വി ആര്‍ കൃഷ്ണയ്യര്‍

മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നവോത്ഥാന സംവേദനത്തിനായുള്ള പുതുചരിത്രത്തിനു ശില പാകിയാണ് മര്‍കസ് കേരളത്തിന്റെ വൈജ്ഞാനിക ഭൂമികയില്‍ നവ വിപ്ലവത്തിന്റെ മേല്‍വിലാസം അടയാളപ്പെടുത്തിയത്. 1978ല്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നര പതിറ്റാണ്ടിന്റെ കര്‍മനിരതമായ പ്രവര്‍ത്തനസാഫല്യനിറവില്‍ ഇന്ന് മര്‍കസിന് മുപ്പത്തിയാറ് തികയുകയാണ്.
വൈജ്ഞാനിക വിനിമയങ്ങളിലൂടെ സാംസ്‌കാരികവും ധാര്‍മികവുമായ ആദനപ്രദാനങ്ങള്‍ നവലോകത്തിനു പകര്‍ന്നു നല്‍കിയാണ് മര്‍കസ് വ്യതിരിക്തമായൊരു ഭൂപടം വരച്ചെടുത്തത്. വൈവിധ്യങ്ങളുടെ നിറക്കൂട്ടുകള്‍ ആശയങ്ങളുടെ വസന്തം വിരിയിക്കുന്ന ഈ ഭൂപടത്തില്‍ നിന്നാണ് മുസ്‌ലിം കേരളം സ്വന്തം അസതിത്വം വീണ്ടെടുത്തത്. അര്‍ഥവത്തായ നാമത്തെ അന്വര്‍ഥമാക്കിയ “ഒരുന്യൂക്ലിയസ്” ആണിന്ന് മര്‍കസ്. ലോക ധൈഷണിക നേതൃത്വം നിരന്തരം മര്‍കസുമായി ബന്ധവും സമ്പര്‍ക്കവും സ്ഥാപിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
കണിശമായ നയശീലങ്ങളെ അസ്തിത്വപരമായി തന്നെ കൈയാളിയാണ് മര്‍കസ് വൈജ്ഞാനിക സമൃദ്ധിയുടെ മുന്നേറ്റം സൃഷ്ടിച്ചെടുത്തത്. മതപാഠങ്ങളുടെ ഉത്തമ സന്ദേശം തനത് രൂപത്തില്‍ സമകാലികമായി സമര്‍പ്പിക്കുക എന്ന കണിശവും തീവ്രവുമായ ദൗത്യമാണ് മര്‍കസ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതും. ആശയവും ആദര്‍ശവും ഭൗതികസമരസങ്ങളില്‍ കൈയൊഴിയുന്ന നവീന ചിന്താധാരയെ മറികടന്നാണ് തീര്‍ത്തും നവീനമായ കാഴ്ചപ്പാടിലൂടെ മര്‍കസ് ആശയങ്ങളുടെ സമന്വയം സാര്‍ഥകമാക്കിയത്. ഈ സാധ്യത അനായാസം സൃഷ്ടിച്ചെടുക്കാന്‍ സഹായകമായത് കാന്തപുരത്തിന്റെ വ്യക്തിവൈഭവവും പാണ്ഡിത്യവുമാണ്.
പ്രവാചക പാഠങ്ങളുടെ സാരാംശങ്ങളെ ഒരു പ്രബോധകനെന്ന നിലയില്‍ പഠിച്ചറിഞ്ഞാണ് കാന്തപുരം കര്‍മഗോദയെ ധന്യമാക്കിയത്. നന്മയുടെ പക്ഷത്തു നിന്ന് നിര്‍ഭയത്വത്തോടെ സാംസാരിക്കാനും സംവദിക്കാനും പണ്ഡിതകേരളത്തിന്റെ ചരിത്രത്തില്‍ കാന്തപുരത്തിനു മാത്രമെ കഴിഞ്ഞിട്ടുള്ളൂ.
പഠിച്ചറിഞ്ഞ ആശയങ്ങള്‍ക്കൊപ്പം സഹശയനം നടത്തി ദന്തഗോപുരവാസിയാകാതെ പാണ്ഡിത്യത്തിന്റെ ദൗത്യനിര്‍വഹണ ബോധം നെഞ്ചോടു ചേര്‍ത്ത് പ്രവൃത്തിപഥത്തില്‍ ആമഗ്നനാകാനാണ് അദ്ദേഹം താത്പര്യം കാണിച്ചത്. ഈ ഔത്സുക്യത്തിന്റെ പരിണിത ഫലമാണ് മര്‍കസും മര്‍കസിനെ അനുധാവനം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും. ലോകത്തുടനീളം നന്മയുടെ മേല്‍വിലാസമായി, ഇസ്‌ലാമിന്റെ നേര്‍സാക്ഷ്യമായി മര്‍കസ് അടയാളപ്പെട്ടിരിക്കുന്നു. വൈജ്ഞാനിക വിനിയമത്തിന്റെയും സാംസ്‌കാരിക വീണ്ടെടുപ്പിന്റെയും മുപ്പത്തിയാറ് വര്‍ഷമാണ് മര്‍കസ് ഇന്ന് പൂര്‍ത്തിയാക്കുന്നത്, അനാഥാലയത്തില്‍ നിന്ന് തുടങ്ങി നോളജ് സിറ്റിയില്‍ എത്തി നില്‍ക്കുന്ന മൂന്നര പതിറ്റാണ്ടിന്റെ സേവനം എന്നതിലപ്പുറം മികച്ചൊരു ജീവിതബോധവും സാംസ്‌കാരിക വീണ്ടെടുപ്പുമാണ് കണിശമായ ചിന്താധാരയില്‍ നിന്നു കൊണ്ടു തന്നെ മര്‍കസിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ നേട്ടം. “”യഥാര്‍ഥ നാഗരികസംസ്‌കാരം ലോകത്തിനു പഠിപ്പിച്ചത് ഇസ്‌ലാമാണ്. ആദ്യത്തെ ആസൂത്രിത നഗരങ്ങള്‍ ഫെസിനെപോലുള്ള മുസ്‌ലിം നഗരങ്ങളായിരുന്നു. അവയുടെ മാതൃകയിലാണ് നോളജ് സിറ്റി മര്‍കസ് നിര്‍മിക്കുന്നത്. സമാറ, സമര്‍ഖന്ത്, ബഗ്ദാദ്, ഫത്ഹ്പൂര്‍സിക്രി, കായല്‍പട്ടണം തുടങ്ങിയ പൈതൃക നഗരങ്ങളില്‍ മുസ്‌ലിം ജീവിതശൈലി കാലാത്മകമായി സംവിധാനിച്ചതു കാണാം. ഉദാഹരണത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക ഷോപ്പിംഗ് സംവിധാനങ്ങള്‍, നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍.. മെഡിറ്റേഷന്‍ സെന്ററുകള്‍ ഇങ്ങനെയുള്ള നഗരസംസ്‌കാരം നമുക്കന്യമാണിന്ന്. ഇത് തിരിച്ചു കൊണ്ടുവരാനുള്ള കാല്‍വെപ്പാണ് മര്‍കസിന്റെത്.
സര്‍വകലാസ്വഭാവമുള്ള എല്ലാ വിദ്യാഭ്യാസവും ഒരേ നഗരത്തില്‍ ലഭ്യമാക്കുന്നതോടൊപ്പം ഹെറിറ്റേജ് ഹാബിറ്റാറ്റില്‍ ജനങ്ങള്‍ക്ക് താമസത്തിനും സൗകര്യം ലഭിക്കും.”” മര്‍കസിന്റെ ചരിത്രമുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുന്ന മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ വാക്കുകളില്‍ മര്‍കസിന്റെ പ്രയാണഗതിയുടെ ചിത്രം വ്യക്തമാണ്. യഥാര്‍ഥത്തില്‍ ആഗോളീകരണം തുറന്നുതരുന്ന സാധ്യതകളെ രചനാത്മകമായി ഉപയോഗപ്പെടുത്തുകയാണിന്ന് മര്‍കസ്.
വിദ്യാഭ്യാസത്തിന്റെ സാംസ്‌കാരികവത്കരണമാണ് മൂന്നര പതിറ്റാണ്ടായി മര്‍കസ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കമ്പോള സംസ്‌കൃതിയെ ജീവിത പാഠങ്ങളിലേക്ക് കടം വാങ്ങുന്ന ഹൃദയങ്ങള്‍ക്ക് ധാര്‍മിക സദാചാരത്തിന്റെ തനതു പാഠങ്ങള്‍ ചൊല്ലിക്കൊടുത്താണ് ജീവിത വ്യവഹാരങ്ങളത്രയും വിമലീകരിക്കാന്‍ മര്‍കസ് ആവശ്യപ്പെടുന്നത്.
സാംസ്‌കാരിക ഇസ്‌ലാമും യാഥാസ്ഥിതിക ഇസ്‌ലാമുമെന്ന പാഠഭേദം പണിയുന്ന പുതിയ കാല രചനകളെയും സംവാദങ്ങളെയും മര്‍കസ് വരച്ചെടുക്കുന്ന ഭൂപടത്തില്‍ വ്യവച്ഛേദിച്ചു നിര്‍ത്തുന്നുണ്ട്.
ഇസ്‌ലാമിന്റെ മൗലികതയെ ആധികാരികതയോടെ പഠിച്ചറിയാന്‍ മര്‍കസില്‍ അവസരമുണ്ട്. “കിഴക്കും പടിഞ്ഞാറും” എന്ന അന്തരം ഇസ്‌ലാം ഒരു കാലത്തും ഉയര്‍ത്തിയിട്ടില്ല. പരസ്പരം തിരിച്ചറിയാനുള്ള അടയാള വാക്യങ്ങളായി ചില പൂരകങ്ങളെ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടെന്നത് സത്യമാണ്. പ്രാദേശികതക്കൊപ്പം തന്നെ ദേശീയതയെയും ഇസ്‌ലാം അംഗീകരിക്കുന്നു. മാനവികാശയങ്ങളുടെ ആഗോളവത്കരണം ഇസ്‌ലാമിന്റെ താത്പര്യമാണ്. കേരളീയ ഭൂപടത്തില്‍ നിന്നും ലോക ഭൂപടത്തിന്റെ വര്‍ത്തമാനം മര്‍കസ് പറയുന്നത് അത്‌കൊണ്ടാണ്.
ഇസ്‌ലാമിക സ്വത്വത്തെയും സംസ്‌കാരത്തെയും ഷണ്ഡീകരിച്ച് നിര്‍ത്താന്‍ ശ്രമം നടത്തുന്ന സാംസ്‌കാരിക തീവ്രവാദ സാഹിത്യ കമ്പോളത്തില്‍ മതത്തിന്റെ മഹിത പാഠങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് മറയില്ലാതെ സംസാരിക്കാനുള്ള വേദിയും പ്രാപ്തിയും മര്‍കസ് പണിതെടുത്തിരിക്കുന്നു.
ഇത് അഹ്‌ലുസ്സുന്നയുടെ ആശയ വിപ്ലവത്തിന്റെ വിജയമാണ്. “യാഥാസ്ഥിതികതയുടെ പ്രതിച്ഛായ”യില്‍ നിന്നു കൊണ്ടു തന്നെ മതത്തിന്റെ വിചാരധാരയെ സ്വീകരിക്കാന്‍ കഴിയുമെന്ന് നവലോകത്തിന് ബോധ്യപ്പെടുത്താന്‍ അഹ്‌ലുസ്സുന്നക്ക് കഴിഞ്ഞിരിക്കുന്നു. ഈ വീണ്ടെടുപ്പ് സാധ്യമാക്കിയതില്‍ മര്‍കസിനും കാന്തപുരത്തിനുമുള്ള പങ്കും സംഭാവനയും നിസ്സീമമാണ്.
ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണിന്ന് മര്‍കസ്”” മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സാക്ഷ്യപ്പെടുത്തുന്നു. മര്‍കസ് വിഭാവനം ചെയ്യുന്ന സാംസ്‌കാരിക വൈജ്ഞാനിക വിനിമയത്തിന്റെ ഭാഗമായി കേരളത്തിന് പുറത്ത് ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും അന്‍ഡമാനിലും ഇന്ത്യക്കു പുറമെ യു എ ഇ, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കും മര്‍കസിന്റെ പ്രവര്‍ത്തന ശൃംഖല വ്യാപിച്ചു കഴിഞ്ഞു.
ജമ്മുവിലും കാശ്മീരിലുമായി അനാഥാലയങ്ങള്‍, ഗുജറാത്ത്, ഡല്‍ഹി, ബംഗളൂരു, മൈസൂര്‍, ഊട്ടി, പശ്ചിമ ബംഗാള്‍, മുംബൈ, രാജ്‌കോട്ട്, ഗോണ്ഡല്‍ തുടങ്ങിയ ഇടങ്ങളില്‍ സ്‌കൂളുകള്‍, മതപാഠ ശാലകള്‍, കോളജുകള്‍…. അനുദിനം പുതിയ ദേശങ്ങളിലേക്ക് മര്‍കസ് പന്തലിക്കുകയാണ്.
യു എ ഇ, ദുബൈയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ വിശാലമായ സൗകര്യങ്ങളോടെ 2008 ല്‍ ആരംഭിച്ച സുന്നി കള്‍ച്ചറല്‍ സെന്റര്‍ പ്രവാസി മലയാളികള്‍ക്ക് വൈജ്ഞാനിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടായി മാറിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തിനും ട്യൂഷന്‍ സൗകര്യങ്ങള്‍ക്കും പുറമെ കുടുംബങ്ങള്‍ക്കും പ്രൊഫഷനലുകള്‍ക്കും പ്രത്യേക പഠന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സഊദി അറേബ്യയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ 1500 ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. പ്രവാസികളായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങളും ധാര്‍മിക ശിക്ഷണവും ലഭ്യമാക്കാന്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, യമനിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്‌സിറ്റി എന്നിവയുമായി വൈജ്ഞാനിക വിനിമയ രംഗത്ത് മര്‍കസ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള സാധാരണക്കാര്‍ മുതല്‍ ഉന്നത വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിസ്വാര്‍ഥമായ സേവനവും സഹകരണവും പ്രാര്‍ഥനയുമാണ് മര്‍കസിന്റെ വളര്‍ച്ചക്ക് പിന്നിലുള്ള ചാലക ശക്തി. സ്ഥാപനത്തിന്റെ വാര്‍ഷിക പരിപാടികളിലും മറ്റു വേദികളിലുമായി ഒഴുകിയെത്തുന്നവരുടെ സ്‌നേഹവും നന്മയും സമൂഹത്തിന് മുതല്‍കൂട്ടാക്കി മാറ്റുകയായിരുന്നു മര്‍കസ്.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് പുറമെ, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും ഭരണാധിപന്മാരും വ്യവസായ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം മര്‍കസിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുവെന്നത് ഈ മുന്നേറ്റത്തിന് ലഭിച്ച മികച്ച അംഗീകാരമാണ്. അന്താരാഷ്ട്ര തലത്തില്‍ നിരവധി ബഹുമതികളും വേദികളും ഇതിനകം മര്‍കസിന് ലഭിക്കുകയുണ്ടായി.
സ്വപ്‌നതുല്യമായ ഈ വിജയ യാത്രക്ക് അജയ്യമായ അമരത്വം വഹിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃപാടവവും കാരുണ്യ സ്പര്‍ശവുമാണ് മര്‍കസിന്റെയും പ്രവര്‍ത്തകരുടെയും പ്രചോദനവും പ്രേരകവുമായി വര്‍ത്തിക്കുന്നത്. അറബ് മാധ്യമങ്ങള്‍ അബുല്‍ ഐതാം – അനാഥരുടെ പിതാവെന്ന് സംബോധന ചെയ്തത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ്.
കഴിവും പ്രാപ്തിയുമുള്ള ഒരു സംഘം ഉദ്യോഗസ്ഥരും അധ്യാപകരും ജീവനക്കാരും പ്രവര്‍ത്തകരും ഈ മാനവിക മുന്നേറ്റത്തിന് നിസ്തുല സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുപ്പത്തിയാറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മര്‍കസ് വരച്ചെടുത്ത സേവന ഭൂമിക വിസ്തൃതമായി തെളിഞ്ഞു നില്‍ക്കുന്നു. ലോകത്തിന്റെ വിജ്ഞാന നിഘണ്ടുവില്‍ ഇന്നു മര്‍കസ് വൈവിധ്യങ്ങളുടെ മേല്‍വിലാസവും ധാര്‍മിക സംസ്‌കൃതിയുടെ അടയാള വാക്യവുമായി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

bukharikvk@gmail.com

 

Latest