Connect with us

Malappuram

കരിയാരത്ത് പനി ബാധിച്ച ആറ് പേര്‍ കൂടി ആശുപത്രിയില്‍

Published

|

Last Updated

വേങ്ങര: മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ച ഊരകം കരിയാരത്ത് പനി ബാധിച്ച ആറ് പേരെ കൂടി ഇന്നലെ മലപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിയന്ത്രണവിധേയമായെന്ന് കരുതിയിരുന്ന പ്രദേശത്തെ പകര്‍ച്ചപ്പനി വീണ്ടും പടര്‍ന്നു തുടങ്ങി. അതേ സമയം കോളനിയിലെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഇനത്തില്‍പെട്ട കൊതുകുകളുടെ എണ്ണം പെരുകിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് കരിയാരം കോളനിയില്‍ ഡെങ്കിപ്പനി കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ഞപ്പിത്തവും പടര്‍ന്നിരുന്നു. അന്‍പതിലധികം രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ഡെങ്കിപ്പനിയോടൊപ്പം ന്യൂമോണിയ, ലിവര്‍ സിറോസിസ് എന്നിവ ബാധിച്ച് രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. രോഗം പടര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, കൊതുക് നശീകരണം, തുടങ്ങിയ പരിപാടികള്‍ നടത്തിയിരുന്നു. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന കോളനിയില്‍ ദിവസങ്ങള്‍ക്ക് ശേഷം ലഭ്യമാകുന്ന കുടിവെള്ളം ശേഖരിച്ചുവെക്കുന്നതില്‍ നിന്നാണ് രോഗാണുവാഹകരായ കൊതുകുകള്‍ പെരുകുന്നത്. ജലക്ഷാമം കാരണം വെള്ളം ശേഖരിക്കുന്നതില്‍ നിന്ന് വീട്ടുകാര്‍ പിന്മാറാത്തതാണ് വീണ്ടും കൊതുകുകള്‍ പെരുകാനിടയാകുന്നത്. അതേ സമയം പ്രദേശത്തേക്ക് കുടിവെള്ളമെത്തിച്ച് ജലക്ഷാമം പരിഹരിക്കാന്‍ ഇതേവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊതുകുകള്‍ പെരുകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വെറ്റര്‍ കണ്‍ട്രോളിംഗ് യൂനിറ്റ് കോളനിയില്‍ കൊതുക് നശീകരണം നടത്തും.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് മൂന്നിന് തടപ്പറമ്പ് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരടക്കം പതിനൊന്ന് പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.