ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Posted on: April 17, 2013 6:00 am | Last updated: April 16, 2013 at 11:34 pm

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. ആരോഗ്യ സേവനം സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്താണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അംഗീകാരം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ വി എസ് ശിവകുമാര്‍ എം കെ മുനീര്‍, കെ സി ജോസഫ്, മഞ്ഞളാംകുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി കെ ജമീല പങ്കെടുത്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ആലപ്പുഴ വെളിയനാട് ബ്ലോക്ക്, കോട്ടയം കടുത്തുരുത്തി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ ബ്ലോക്കുകളും അവാര്‍ഡ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തുകളില്‍ തൃശൂര്‍ കാട്ടൂര്‍, എറണാകുളം മനീട്, തൃശൂര്‍ പൊയ്യ എന്നിവക്കും മുനിസിപ്പാലിറ്റിയില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, എറണാകുളത്തെ മരട് എന്നിവക്കും കൊച്ചിന്‍, തൃശൂര്‍ കോര്‍പറേഷനുകള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.