തകഴി ചെറുകഥാ പുരസ്‌കാരം റഹ്മാന്‍ കിടങ്ങയത്തിന്

Posted on: April 17, 2013 6:00 am | Last updated: April 16, 2013 at 11:29 pm

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള തകഴി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ തകഴി ചെറുകഥ പുരസ്‌കാരത്തിന് മലപ്പുറം പന്തല്ലൂര്‍ ഗവ. യു പി സ്‌കൂള്‍ അധ്യാപകനായ റഹ്മാന്‍ കിടങ്ങയം അര്‍ഹനായി. ‘കുതിരയുടെ രൂപകം അഥവാ ഒരു വെറും പൈങ്കിളിക്കഥ’ എന്ന ചെറുകഥക്കാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അയച്ചുകിട്ടിയ 265 ചെറുകഥകളില്‍ നിന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, എം ഡി രത്‌നമ്മ, എസ് ഉഷ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ചെറുകഥ തിരഞ്ഞെടുത്തത്. ഇന്ന് വൈകിട്ട് നാലിന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. തകഴി ശങ്കരനാരായണന്‍, സെക്രട്ടറി ശ്രീകുമാര്‍ വലിയമഠം അറിയിച്ചു.