Connect with us

Kerala

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധനവ് വരുത്തിയാണ് പരിഷ്‌കരണം നടപ്പിലാക്കുക. വന്‍കിട ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് വര്‍ധിപ്പിക്കുന്നത്. വന്‍കിട ആശുപത്രികളില്‍ 35 ശതമാനം വരെയാണ് വര്‍ധന. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അടക്കം 48 ശതമാനം വരെ വര്‍ധനയുണ്ടാകും. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌ക്കരണം നടപ്പില്‍ വരുത്തുക.

100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 12,916 രൂപ. 500 മുതല്‍ 1250 രൂപ വരെ അലവന്‍സ് നല്‍കാനും തീരുമാനമായിട്ടുണ്ട്. 2013 ജനുവരി മുതല്‍ പരിഷ്‌കരണത്തിന് മുന്‍കാല പ്രാബല്യമുണ്ടാകും. 20 കിടക്കകളുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം വര്‍ധനയും അതിനു മുകളില്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയിലെ ശമ്പളത്തില്‍ 31 ശതമാനം വര്‍ധനവുമാണ് വരുത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിലെ രണ്ട് ശതമാനത്തിന് തുല്യമായ തുക വാര്‍ഷിക ഇന്‍ക്രിമെന്റായി നല്‍കും. അഞ്ച് വര്‍ഷത്തെ സര്‍വീസിനും ഓരോ ഇന്‍ക്രിമെന്റ് വീതം സര്‍വീസ് വെയിറ്റേജ് നല്‍കി അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും. ശമ്പളവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരാതി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനവും നിലവില്‍ വരും.
മുന്‍പരിചയമില്ലാത്ത നഴ്‌സുമാര്‍ക്ക് പരിശീലന കാലയളവില്‍ നല്‍കുന്ന സ്റ്റൈപന്‍ഡിന്റെ നിരക്കിലും തീരുമാനമായി. ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് 6000 രൂപയും ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് 6500 രൂപയും സ്റ്റൈപ്പന്‍ഡായി ലഭിക്കും. സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധികള്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, നഴ്്‌സിംഗ് യൂനിയന്‍ ‘ഭാരവാഹികള്‍ എന്നിവരുമായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായ തീരുമാനമുണ്ടായത്.
ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുള്ളതിനാല്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളം ഉയര്‍ത്തിക്കൊണ്ടുള്ള ബലരാമന്‍ കമ്മിറ്റിയുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു. ശമ്പള വര്‍ധന ശിപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ മാനേജ്‌മെന്റുകളുടെ വാദം കേട്ടില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വന്‍കിട ആശുപത്രികളില്‍ മാത്രം ബലരാമന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള വര്‍ധന നടപ്പിലാക്കാന്‍ തീരുമാനിച്ചത്.