Connect with us

Malappuram

നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് സമരസമിതി ഇറങ്ങിപ്പോയി

Published

|

Last Updated

കോട്ടക്കല്‍: മൈലാടിയിലെ മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജനകീയ സമിതിയുമായി നഗരസഭ അധികൃതര്‍ നടത്തിയ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. വൈകുന്നേരം 4.30ന് ആരംഭിച്ച യോഗം 6.30വരെ തുര്‍ന്നിട്ടും അഭിപ്രായ സമന്വയം ഉണ്ടാക്കാനായില്ല.
നഗരസഭയുടെ നിലാപാടില്‍ പ്രതിഷേധിച്ച് ജനകീയ സമിതി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മൈലാടിയില്‍ നിന്നും മാലിന്യ പ്ലാന്റ് നീക്കണമെന്ന നിലപാടില്‍ സമിതി അംഗങ്ങള്‍ ഉറച്ചു നിന്നു. ഇനി മുതല്‍ മൈലാടിയില്‍ മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്നും സമിതി അറിയിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിന് സാവകാശം വേണമെന്നും അത് വരെ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത് തുടരാനനുവദിക്കണമെന്നുമായിരുന്നു നഗരസഭ അധികൃതരുടെ നിര്‍ദേശം.
ഇതിനായി പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും സമിതിയുടെ തീരുമാനം പരിശേധിച്ചു വിലയിരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് അംഗീകരിക്കാന്‍ സമര സമിതി തയ്യാറായില്ല. ജനകീയ സമിതി രൂപവത്കരിക്കാന്‍ തീരുമാന മായിട്ടുണ്ടെന്നും ഇതിലേക്കുള്ള ആളുകളെ ആവശ്യപ്പെട്ടപ്പോള്‍ സാവാകാശം വേണമെന്നറിയിച്ചാണ് ജനകീയ സമിതി അംഗങ്ങള്‍ ഇറങ്ങിപോയെതെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. നിലവില്‍ മൈലാടിയിലുള്ള മാലിന്യങ്ങള്‍ വേര്‍ത്തിരിച്ചു സംസ്‌കരിക്കും. ഇതിനായി ജോലിക്കാരെ നിയമിക്കും.
1.26കോടി ചെലവഴിച്ച് നടത്തുന്ന പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതിന്റെ പ്രവര്‍ത്തനം ശാസ്ത്രീയ മാക്കും. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജനകീയ സമിതി രൂപവത്കരിക്കും, ജനങ്ങളെ ബോധവത്കരിക്കുകയും, കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുറക്കുന്നതിന് വ്യാപാരികളോട് ആവശ്യപ്പെടും. ഇതിന് വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് നഗരസഭ അധികൃതര്‍ മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയര്‍മാന്‍ പി മൂസ കുട്ടി ഹാജി പറഞ്ഞു. ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍, കെ കെ നാസര്‍, ടി കബീര്‍, സി ഐ. ആര്‍ റാഫി, എസ് ഐ അനില്‍കുമാര്‍, സെക്രട്ടറി കുര്യാക്കോസ്, എച്ച് ഐ മോഹനന്‍, എന്നിവരും സമരസതിതി അംഗങ്ങളായ തോട്ടത്തില്‍ ഹൈദര്‍ അലി, സത്യന്‍ പടിക്കല്‍, ചെരട മുഹമ്മദ്, പി മൊയ്തീന്‍ കുട്ടി, കുഞ്ഞാലന്‍ കുട്ടി, സലാം പടിക്കല്‍, എം ഹംസ ഹാജി, ഇസ്ഹാഖ് മുളഞ്ഞിപ്പുലാന്‍ എന്നിവര്‍ പങ്കെടുത്തു.
മൈലാടിയില്‍ മാലിന്യം തട്ടുന്നതിനെതിരെ പ്രതിഷേധിച്ച ജനകീയ സമിതി അംഗങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. മാലിന്യ വാഹനത്തിനൊപ്പം എത്തിയ ചിലരാണ് മര്‍ദിച്ചത്. ഇതെ തുടര്‍ന്നാണ് നഗരസഭ ജനകീയ സമിതി ഭാരവാഹികളെ ചര്‍ച്ചക്ക് വിളിച്ചത്.

Latest