Connect with us

Gulf

മസ്‌കത്ത് സംവാദം ചരിത്രമായി : ഇസ്തിഗാസ ശിര്‍ക്കാണെന്നതിന്നുതെളിവില്ലെന്ന് മുജാഹിദ് പക്ഷം

Published

|

Last Updated

മസ്‌കത്ത്: വെള്ളിയാഴ്ച മസ്‌കത്തില്‍ നടന്ന സുന്നി-മുജാഹിദ് ആദര്‍ശ സംവാദം ചരിത്രമായി മാറി. ആരാധനയും ആദരവും എന്താണെന്ന വിഷയത്തില്‍ അധിഷ്ഠിതമായ വാദമുഖങ്ങള്‍ ഉയര്‍ന്ന് വന്ന സംവാദം ഇത്തരത്തില്‍ ഇതാദ്യമായാണ് ഒമാനില്‍ നടന്നത്. സീബില്‍ നടന്ന സംവാദം, സുന്നി- മുജാഹിദ് പക്ഷങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കള്‍ക്ക് മുമ്പിലാണ് നടന്നത്. നേരെത്തെ എഴുതി തയ്യാറാക്കിയ വ്യവസ്ഥകള്‍ ആധാരമാക്കിയാണ് സംവാദത്തിന് കളമൊരുങ്ങിയതെങ്കിലും മുജാഹിദ് ഔദ്യോഗിക പക്ഷത്തെന്ന് അവകാശപ്പെടുന്നവരുടെ, സംവാദം നിരാകരിച്ചു കൊണ്ടുള്ള, കത്ത് മറുപക്ഷമായ സുന്നി വിഭാഗത്തിന് ലഭിച്ചത് ആശങ്കയുളവാക്കി. വിഷയാവതരണ വേളയിലും ചോദ്യോത്തര ഘട്ടത്തിലും വ്യവസ്ഥകള്‍ കൃത്യതയോടെ പിന്തുടരപ്പെട്ട സംവാദമായിരുന്നു ഇന്നലത്തേത്. ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നിന്നു പോലും വ്യക്തമായ ഉത്തരമോ ന്യായീകരണങ്ങളോ നല്‍കാതെ മുജാഹിദ് വിഭാഗം പരോക്ഷമായി പരാജയം സമ്മതിച്ചു. പതിറ്റാണ്ടുകളായി പറഞ്ഞു നടന്ന തൗഹീദില്‍ നിന്ന് വ്യതിചലിച്ച് ജിന്ന്-മാലാഖമാരോട് സഹായം തേടാമെന്ന് വാദിക്കുന്ന വിഭാഗത്തോടായിരുന്നു ഇന്നലത്തെ സംവാദമെങ്കിലും, അതു സംബന്ധമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന സമീപനമാണ് പരിപാടിയുലുടനീളം മുജാഹിദ് പ്രതിനിധികള്‍ സ്വീകരിച്ചത്. സുന്നി പക്ഷത്തെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതെ വിയര്‍ത്ത മൗലവിമാരോട് പ്രതിഷേധമറിയിച്ച് സ്വന്തം അണികളായി വന്ന ശ്രോതാക്കള്‍ സദസ് വിട്ടു.
കാലങ്ങളായി മുസ്‌ലിം ലോകത്തെ മുശ്‌രിക്കുകളാക്കാന്‍ മുജാഹിദുകള്‍ പറഞ്ഞു നടന്ന ശിര്‍ക്കാരോപണത്തിന് തിരശ്ശീല വീഴുന്നതിന് മസ്‌കത്ത് സംവാദം വേദിയായി. കാര്യ കാരണങ്ങള്‍ക്കപ്പുറത്തോ അഭൗതികവുമോ ആയ സഹായം സൃഷ്ടാവല്ലാത്തവരോട് തേടിയാല്‍ “ശിര്‍ക്ക്” ആകും എന്ന വാദത്തിന് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഖുര്‍ആനു കൊണ്ടും ഹദീസുകൊണ്ടും തെളിയിക്കാന്‍ ആവില്ലെന്ന് സമ്മതിച്ച മൗലവി പ്രാമാണികമായ ഏതെങ്കിലും ഗ്രന്ഥം കൊണ്ട് തെളിയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കാനാവാതെ പകച്ചു നിന്ന് മുജാഹിദ് പ്രതിനിധികള്‍ അപഹാസ്യരായി മാറി. ശേഷം മുജാഹിദ് വാദങ്ങളെ ഖണ്ഡിച്ച്, സുന്നീ പക്ഷത്തെ നൗഷാദ് അഹ്‌സനി വ്യവസ്ഥയില്‍ പറഞ്ഞ വിഷയങ്ങളിലെല്ലാം ആധികാരികമായ മറുപടി നല്‍കിയത് സദസ്യര്‍ക്ക് ആവേശമുണ്ടാക്കി. സുന്നി വിഭാഗത്തെ പ്രതിനിധീകരിച്ച് നിസാര്‍ സഖാഫിയും മുജാഹിദ് പക്ഷത്ത് നിന്ന് നാസിറുദ്ദീന്‍ റഹ്മാനിയും വിഷയാവതരണം നടത്തി. മഹാന്മാരായ ഔലിയാക്കളോടും അമ്പിയാക്കളോടും സഹായം തേടുന്നത് ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതാണെന്ന് പ്രാമാണിക തെളിവുകള്‍ ഉദ്ധരിച്ച് സുന്നി പക്ഷം സംവാദത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോള്‍, ഇസ്തിഗാസ ശിര്‍ക്കാണെന്നതിന് തെളിവുദ്ധരിക്കാന്‍ കഴിയില്ലെന്ന് മുജാഹിദ് പക്ഷം സമ്മതിച്ചു. ഇതോടെ പൂര്‍വ്വികരായ സ്വാത്വികരെ പോലും മുശ്‌രിക്കുകളാക്കിയ മുജാഹിദ് വാദ മുഖങ്ങള്‍ പൊളിഞ്ഞു.
പ്രവാസികളായ സാധാരണക്കാരില്‍ വിശ്വാസ സംബന്ധമായി സംശയങ്ങള്‍ ജനിപ്പിച്ച് ആശയക്കുഴപ്പത്തിലാക്കുന്ന മുജാഹിദ് ശൈലിക്ക് ഇനി സ്വീകാര്യത ലഭിക്കില്ല എന്ന് സുന്നി പക്ഷത്തെ സംഘാടകര്‍ പറഞ്ഞു. സുന്നികള്‍ക്ക് വേണ്ടി നൗഷാദ് അഹ്‌സനിക്ക് പുറമെ, അബ്ദുല്‍ ഹകീം സഅദി, ഉസ്മാന്‍ സഖാഫി മൂത്തേടം, ശഫീഖ് ബുഖാരി, നിസാര്‍ സഖാഫി മുജാഹിദുകളെ പ്രതിനിധീകരിച്ച് നസിറുദ്ദീന്‍ റഹ്മാനി, അബൂ ഇഹ്‌സാന്‍ മൗലവി പങ്കെടുത്തു. അബ്ദുല്‍ ഹമീദ് ചാവക്കാട്, അബൂബക്കര്‍ എന്നിവര്‍ മധ്യസ്ഥരായി. റുസൈല്‍ പച്ചക്കറി മാര്‍ക്കറ്റിലും പരിസരങ്ങളിലും തങ്ങളെ കബളിപ്പിച്ചിടരുന്ന മുജാഹിദുകളുടെ തനി നിറം മന്‍സ്സിലായ സന്തോഷത്തിലാണ് വിശ്വാസികള്‍. കേരളത്തിലെ കൊട്ടപ്പുറത്ത് വെച്ച് മുജാഹിദുകളുടെ ആശയ പാപ്പരത്തം തുറന്ന് കാണിച്ച് അവരെ തറ പറ്റിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ വെച്ച് അവര്‍ വീണ്ടും സമൂഹ മധ്യേ അപഹാസ്യരായി മാറിയിരിക്കുകയാണ്.