കാവേരി നദീജലം ഫലപ്രദമായി ഉപയോഗിക്കണമെന്ന് യു ഡി എഫ്

Posted on: April 15, 2013 9:47 am | Last updated: April 17, 2013 at 3:51 pm

തിരുവനന്തപുരം: കേരളം വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കാവേരി നദീജലം ഫലപ്രദമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യു ഡി എഫ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാവേരി ട്രൈബ്യൂണലിന്റെ വിധി അനുസരിച്ച് മുപ്പത് ടി എം സി ജലം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുവാദമുണ്ട്. എന്നാല്‍, ജനങ്ങളുടെ ആശങ്കയും പരാതികളും നിലനില്‍ക്കുന്നതിനാല്‍ ഈ ജലം വിനിയോഗിക്കാന്‍ സര്‍ക്കാറിന് കഴിയാത്ത സാഹചര്യമാണ്. ഇത് പരിഹരിച്ച് പരമാവധി ജലം വരള്‍ച്ച നേരിടാനായി ഉപയോഗപ്പെടുത്തണമെന്നാണ് യു ഡി എഫിന്റെ നിര്‍ദേശം. അടുത്ത വരള്‍ച്ചാക്കാലത്തെങ്കിലും ജലം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി ആവിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് യു ഡി എഫ് യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. 
അതേസമയം, മന്ത്രിസഭയില്‍ പുതിയ മന്ത്രിയോ വകുപ്പ് മാറ്റമോ യു ഡി എഫിന്റെ ആലോചനയിലില്ലെന്നും പി പി തങ്കച്ചന്‍ വ്യക്തമാക്കി. ഒഴിവ് വന്ന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും യു ഡി എഫ് യോഗം വിലയിരുത്തി. പണമില്ലെന്ന കാരണത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരരുതെന്ന് യോഗം നിര്‍ദേശിച്ചു. ഓരോ ജില്ലകളിലും നടത്തുന്ന വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തണം. ജില്ലകളില്‍ കലക്ടര്‍മാര്‍ വിളിക്കുന്ന യോഗങ്ങളില്‍ അനുവദിക്കപ്പെടുന്ന പണം താഴേത്തട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് വിലയിരുത്തണം.
മഴക്കാലം എത്തുന്നതുവരെയുള്ള സമയങ്ങളില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനുമുള്ള നടപടികള്‍ ആവിഷ്‌കരിക്കണം. തോടുകള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവ നവീകരിക്കുകയും മഴവെള്ളം തടയണകള്‍ കെട്ടി സംരക്ഷിക്കുകയും വേണം. പലസമയങ്ങളിലുള്ള ലോഡ്‌ഷെഡ്ഡിംഗ് മൂലം പമ്പിംഗ് തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ലോഡ്‌ഷെഡ്ഡിംഗ് സമയം ഏകീകരിക്കാനുള്ള നിര്‍ദേശവും യു ഡി എഫ് യോഗത്തിലുയര്‍ന്നു. ഇക്കാര്യം വൈദ്യുതി മന്ത്രിയുമായും കെ എസ് ഇ ബി ചെയര്‍മാനുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും യു ഡി എഫ് യോഗം നിര്‍ദേശിച്ചു.