Connect with us

Kozhikode

അവയവദാനത്തിലൂടെ സമൂഹത്തിന് സ്‌നേഹസ്പര്‍ശമേകി അഗ്നിശമന സേനാംഗങ്ങള്‍

Published

|

Last Updated

കോഴിക്കോട്: രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്ന കര്‍മം സധൈര്യം നിറവേറ്റിപ്പോരുന്ന അഗ്നിശമന സേനാംഗങ്ങള്‍ അവയവദാനത്തിലൂടെ സമൂഹത്തിന് പുതുജീവന്‍ നല്‍കുന്നു.

കോഴിക്കോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ 31 ജീവനക്കാരാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌നേഹസ്പര്‍ശം പദ്ധതിയുമായി സഹകരിച്ച് മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്. ആദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒന്നടക്കം അവയവം ദാനം ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട് ഈ നന്മക്ക്.
മരണം വരെ സാമൂഹിക പ്രവര്‍ത്തനം നടത്തുമെന്ന് പറഞ്ഞിരുന്നവര്‍ക്ക് മരണാനന്തരവും അത് തുടരാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവര്‍ക്ക് ഇത്തരം സത്പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രചോദനം നല്‍കുകയുമെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ മോഹനന്‍ പറഞ്ഞു.
ലീഡിംഗ് ഫയര്‍മാന്‍ വി എസ് അനില്‍കുമാറും എന്‍ വിനീഷും ചേര്‍ന്നാണ് ഈയൊരു ആശയം മുന്നോട്ടുവെച്ചത്. ബീച്ച് ഫയര്‍ യൂനിറ്റിലെ ഫയര്‍മാന്‍മാര്‍ മുതല്‍ സ്റ്റേഷന്‍ ഓഫീസര്‍ വരെയുള്ളവര്‍വരെ ഈ ഉദ്യമത്തിനു പിന്നിലുണ്ട്്. ഫയര്‍മാനായ വയനാട് സ്വദേശി പി സി മനോജ് അവയവങ്ങള്‍ മാത്രമല്ല തന്റെ മൃതശരീരവും ജീവിച്ചിരിക്കുന്നവര്‍ക്കായി ദാനം ചെയ്യുമെന്ന് അറിയിച്ചപ്പോള്‍ മറ്റ് 22 പേര്‍ കണ്ണ്, വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവയെല്ലാം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കണ്ണും കിഡ്‌നിയും നല്‍കാമെന്ന് മൂന്ന് പേരും കണ്ണുമാത്രം നല്‍കാമെന്ന് രണ്ട് പേരും കണ്ണിനുപുറമേ കിഡ്‌നിയും ഹൃദയവും തരാമെന്ന് മറ്റൊരാളും കണ്ണും വൃക്കയും തരാമെന്ന് വേറൊരാളും അറിയിച്ചു.
സ്‌റ്റേഷന്‍ ഓഫീസര്‍ ഇ കെ മോഹനന്‍, വി എസ് അനില്‍കുമാര്‍, സി കെ മുരളീധരന്‍, ഇ സി നന്ദകുമാര്‍, വി ജി റോയ്, എന്‍ ബിനീഷ്, ആര്‍ അജിത്ത്കുമാര്‍, കെ പി സുരേഷ്, ടി എ മുഹമ്മദ്താഹ, സദാനന്ദന്‍ കൊളക്കാടന്‍, ശിഹാബുദ്ദീന്‍, ജോയ് എബ്രഹാം, ഇ പി ജനാര്‍ദനന്‍, കെ ശിവദാസന്‍, സി പി സുധീര്‍, കെ കെ നന്ദകുമാര്‍, യു കെ രാജീവ്, എം സി സജിത്‌ലാല്‍, വി പി അജയന്‍, ടി എം വിനോദ്കുമാര്‍, എ പി രന്തിദേവന്‍, ജി കെ ബിജുകുമാര്‍, എന്‍ കെ ലതീഷ്, എം കെ അഫ്‌സല്‍, എം മുഹമ്മദ് സനിജ്, ജി പ്രമോദ്, എസ് അജിന്‍, എം കെ സുജിന്‍, വി എസ് സനൂജ്, പി സി മനോജ് എന്നിവരാണ് ഇന്നലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സമ്മതപത്രം സമര്‍പ്പിച്ചത്.
ചടങ്ങ് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. എം കെ രാഘവന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് ഡിവിഷനല്‍ ഓഫീസര്‍ ഇ ബി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സമ്മതപത്രം ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍, ഡോ. റോഷന്‍ ബിജ്‌ലി, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, അരുണ്‍ ഭാസ്‌കര്‍ സംസാരിച്ചു.

Latest