കുടിവെള്ളമൂറ്റല്‍: വിമാനത്താവളത്തിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്‌

Posted on: April 12, 2013 12:56 pm | Last updated: April 12, 2013 at 12:56 pm

കൊണ്ടോട്ടി: മുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പുളിയംചാലി കോളനിക്ക് സമീപം ഭീമന്‍ കുഴല്‍ കിണര്‍ കുഴിച്ച് തദ്ദേശ വാസികളുടെ കുടിവെള്ളം മുട്ടിക്കാനുള്ള വിമാനത്താവളം അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രദേശവാദികള്‍ എയര്‍ പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി.
കടുത്ത വേനലിലും വറ്റാത്ത ഒരു കിണറും കുളവും മാത്രമാണ് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. ഇതിന് സമീപം അതോറിറ്റിയുടെ സ്ഥലത്ത് കുഴല്‍ കിണര്‍ കുഴിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. കുഴല്‍ കിണര്‍ വരുന്നതോടെ ഏക ആശ്രയമായ ജല സ്രോതസ് വറ്റുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാര്‍ച്ച് മേലങ്ങാടി റോഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ പഞ്ചായത്ത് മെമ്പര്‍ കെ ശരീഫ ഉദ്ഘാടനം ചെയ്തു. പി അബ്ദുര്‍റഹ് മാന്‍, തോട്ടോളി റസാഖ്, ദാവൂദ്, അശ്‌റഫ് സംസാരിച്ചു. മാര്‍ച്ചിന് അമാരന്‍ രവി, മനോജ് , സ്മിത, മിനി നേതൃത്വം നല്‍കി. സമരക്കാരുമായി എ ഡി എം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണം താത് കാലികമായി നിര്‍ത്തിവെച്ചു.