ലൈംഗിക വിവാദം:നാവിക സേന അന്വേഷണം ആരംഭിച്ചു

Posted on: April 11, 2013 11:41 am | Last updated: April 11, 2013 at 11:41 am

കൊച്ചി: നാവിക സേന ആസ്ഥാനത്തെ ലൈംഗിക വിവാദത്തില്‍ ലഫ്. കമാന്‍ഡറായ ഭര്‍ത്താവിനെതിരേയും കമ്മഡോര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ നാവിക സേന ഉത്തരവിട്ടു. ഒഡീഷ സ്വദേശിയായ സുജാത നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ നാവിക സേന തീരുമാനിച്ചത്.കൊച്ചിയിലെ ഉയര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍ക്കെതിരേയും അവരുടെ ഭാര്യമാരേയും കേന്ദ്രീകരിച്ചാണ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ ഉത്തരവ് പ്രകാരം അന്വേഷണം. കൊച്ചിയില്‍ സേവനം അനുഷ്ടിക്കുന്ന പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.ഭര്‍ത്താവിനെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു എന്നുമാണ് യുവതി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. ഇതിനു വിസമ്മതിച്ച തന്നെ കെട്ടിയിട്ടു മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.