Connect with us

Wayanad

ഓവുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നു

Published

|

Last Updated

താമരശ്ശേരി: മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുമ്പോഴും താമരശ്ശേരിയില്‍ ആശുപത്രി ഉള്‍പ്പെടെയുള്ളവയില്‍നിന്നുള്ള മാലിന്യങ്ങള്‍ ഓവുചാലില്‍ കെട്ടിക്കിടക്കുന്നു. കാരാടിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും പരിസരത്തെ ഹോട്ടലില്‍നിന്നുമുള്ള മലിനജലമാണ് കെട്ടിക്കിടന്ന് ഭീതിപടര്‍ത്തുന്നത്.

കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഇന്നലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ചുട്ട കോഴി ഉള്‍പ്പെടെയുള്ളവ ഫ്രീസറില്‍ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഹോട്ടലിന്റെ അടുക്കളഭാഗത്തെ വലിയ ഓവുചാലില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ അടങ്ങിയ മലിന ജലം കെട്ടിക്കിടക്കുന്നതും കണ്ടെത്തി. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള മലിനജലവും ഒഴുക്കുന്നത് ഇതേ ഓവുചാലിലേക്കാണ്.
ആശുപത്രിയില്‍നിന്നുള്ള മാലിന്യം പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിനോട് ചേര്‍ന്നാണ് ഓവുചാലില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെറ്റുപെരുകുന്നത്. ആശുപത്രിയോട് ചേര്‍ന്നുള്ള മറ്റൊരു ഹോട്ടലില്‍നിന്നുള്ള മാലിന്യങ്ങളും പരസ്യമായാണ് ഒഴുക്കുന്നത്. ആശുപത്രിക്കുമുന്നില്‍ അന്യ സംസ്ഥാന തൊഴിലാളി നടത്തുന്ന മുറുക്കാന്‍ വില്‍പ്പന കേന്ദ്രത്തില്‍ പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി.
ഇവ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിക്കു സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രത്തില്‍നിന്ന് മലിനജലം ഉള്‍പ്പെടെയുള്ളവ ഒഴുക്കുന്നതും ഓവുചാലിലേക്കാണെന്ന് പരിശോധനയില്‍ കണ്ടെത്തി. മത്സ്യ വിപണനത്തിനായി താലൂക്ക് ആശുപത്രി കോമ്പൗണ്ട് കൈയേറി സ്ഥാപിച്ച പ്ലാസ്റ്റിക് ഷീറ്റുകളും ഓവുചാലിലേക്ക് സ്ഥാപിച്ച പൈപ്പും നീക്കം ചെയ്യിച്ചു. മത്സ്യ വിപണനം റോഡില്‍നിന്ന് മാറ്റാനും നിര്‍ദേശം നല്‍കി.
കെ എസ് ആര്‍ ടി സി ഡിപ്പോയിലെ മുപ്പത്തിയഞ്ച് പേര്‍ക്കും താമരശ്ശേരി ടൗണിനോട് ചേര്‍ന്നുള്ള നിരവധി കുടുംബങ്ങള്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ടതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
ഡിപ്പോയില്‍ ഇന്നലെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന നിയമലംഘനത്തിനെതിരെ തുടര്‍ നടപടി ഉണ്ടാകാത്തതാണ് താമരശ്ശേരിയെ മാരക രോഗത്തിന്റെ പിടിയിലാക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.