മാര്‍ഗരറ്റ് മദാമ്മയുടെ മരണം ആഘോഷമായിത്തീരുന്നത്

Posted on: April 11, 2013 6:00 am | Last updated: April 10, 2013 at 11:30 pm

MARGARET1മാര്‍ഗരറ്റ് താച്ചറുടെ മരണത്തില്‍ ലോക രാജ്യങ്ങള്‍ ഔദ്യോഗികമായി ദുഃഖം രേഖപ്പെടുത്തുമ്പോള്‍, ബ്രിട്ടനിലെ തെരുവുകളില്‍ ജനങ്ങള്‍ മരണം ആഘോഷമാക്കുകയാണ്. വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ സത്കാരങ്ങളും സംഗമങ്ങളും സംഘടിപ്പിച്ചുകൊണ്ട് മാര്‍ഗരറ്റ് മദാമ്മയുടെ മരണത്തില്‍ ആനന്ദിക്കുകയാണ്. ബ്രിട്ടനില്‍ പലയിടങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ കലാശിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിസ്റ്റലില്‍ ‘ആനന്ദിക്കൂ… മാര്‍ഗരറ്റ് താച്ചര്‍ മരിച്ചിരിക്കുന്നു’വെന്ന ബാനറുകള്‍ ഉയര്‍ത്തിയ തെരുവ് സത്കാരങ്ങള്‍ അക്രമാസക്തമായിത്തീര്‍ന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ക്ക് പരുക്കുകളേറ്റു. ജനങ്ങളുടെ ആഹ്ലാദപ്രകടനങ്ങള്‍ തടയാനെത്തുന്ന പോലീസുകാരെ ജനങ്ങള്‍ തിരിച്ചാക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും വ്യാപകമാണ്. ലീഡ്‌സില്‍ നടന്ന തെരുവ് സത്കാരത്തില്‍ പങ്കെടുത്തവര്‍ പാടുകയും ശ്രീമതി താച്ചറുടെ നിര്യാണത്തില്‍ ആഹ്ലാദാരവങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

നവ ഉദാരവത്കരണ നയങ്ങളുടെ വിളിപ്പേരു പോലെയാണ് മാര്‍ഗരറ്റ് താച്ചറുടെയും റീഗണിന്റെയും നാമം ലോകമാകെ ഉപയോഗിച്ചിരുന്നത്. നവ ഉദാരവത്കരണത്തിന്റെ പര്യായപദം പോലെയാണല്ലോ ‘താച്ചറിസ’വും ‘റീഗണോമിക്‌സും’ പ്രയോഗിച്ചിരുന്നത്. ഭരണപക്ഷം എല്ലാവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാകണമെന്ന കടുത്ത സോഷ്യല്‍ ഡാര്‍വിനിസ്റ്റ് നിലപാടുകളാണ് താച്ചറെ നയിച്ചിരുന്നത്. തൊഴിലാളികളുടെ വേതനവും അവകാശ ആനുകൂല്യങ്ങളും ഒന്നൊന്നായി എടുത്തുകളയുന്ന കടുത്ത നടപടികളാണ് താച്ചര്‍ ഭരണകൂടം സ്വീകരിച്ചത്. ട്രേഡ് യൂനിയനുകളെയും സംഘടനാ സ്വാതന്ത്ര്യത്തെയും കശാപ്പ് ചെയ്തുകൊണ്ടാണ് ബ്രിട്ടനില്‍ താച്ചറുടെ ഭരണകാലം നവ ലിബറല്‍ പരിഷ്‌കാരങ്ങളുടെ പരീക്ഷണകാലമാക്കിയത്. സര്‍വ സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയും പൊതുമേഖലകളെയാകെ സ്വകാര്യവത്കരിക്കുകയും ചെയ്ത നയങ്ങള്‍ക്കെതിരെ വന്‍ ചെറുത്തുനില്‍പ്പുകള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഖനിത്തൊഴിലാളികളുടെ പണിമുടക്കുകളും 1989ലെ ചരിത്രപ്രസിദ്ധമായ ഗ്ലാസ്‌ഗോ പ്രക്ഷോഭവും താച്ചറിസത്തിനെതിരെ നടന്ന ശക്തമായ മുന്നേറ്റങ്ങളാണ്. ഈ സമരങ്ങളെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലുന്ന അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയാണ് അവര്‍ ബ്രിട്ടനിലെ ‘ഉരുക്കുവനിത’യായി മാറിയത്. ഇന്നിപ്പോള്‍ ‘താച്ചറുടെ മരണത്തില്‍ ഒരു തുള്ളി കണ്ണീരൊഴുക്കാന്‍ ഞങ്ങളില്ലെ’ന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗ്ലാസ്‌ഗോവിലെ ജനങ്ങള്‍ ‘ഉരുക്കുവനിത’യുടെ വിടവാങ്ങലിനെ ആനന്ദാഘോഷമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ജനങ്ങള്‍ അണിചേരുന്ന ഇത്തരം ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ നിരവധി ആഗോളവത്കരണവിരുദ്ധ സംഘടനകളാണ്. ഒരു ജനശത്രുവിന് വേണ്ടി കണ്ണീര്‍ പൊഴിക്കേണ്ടതില്ലായെന്ന പ്രഖ്യാപനങ്ങളാണ് അവിടങ്ങളിലെല്ലാം മുഴങ്ങുന്നത്. വ്യക്തിപരമായി ആരുടെ മരണവും ഒരു നഷ്ടമാണ്. വേദനാകരവുമാണ്. എന്നാല്‍ താച്ചര്‍ ഒരു വ്യക്തിയല്ല, ഒരു ഇസമാണ്. മാനവികതക്ക് മരണം വിതച്ചിരുന്ന നവ ലിബറലിസം. നവ ലിബറലിസത്തിന്റെ വിളിപ്പേരാണ് താച്ചറിസം.
ബ്രിട്ടനിലെ പല നഗരങ്ങളിലും താച്ചറെ ഭീകരയായൊരു യക്ഷിയോടും ദുര്‍മന്ത്രവാദിനിയോടും ഉപമിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളുമാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകത്തെ അസന്തുലിതത്വങ്ങളുടെ വിളഭൂമിയാക്കി മാറ്റിയ നവ ലിബറിസത്തിന്റെ പ്രയോക്താക്കളായാണ് താച്ചറും റീഗണുമെല്ലാം ജനമനസ്സുകളില്‍ പതിഞ്ഞുനില്‍ക്കുന്നത്. അധിനിവേശത്തിന്റെ രക്തപങ്കിലമായ യുദ്ധമോഹങ്ങള്‍ വളര്‍ത്തിയ കുറ്റവാളികളാണവര്‍. ലോകമാകെയുള്ള വിഭവങ്ങളും സമ്പത്തുത്പാദന വ്യവസ്ഥകളും ആഗോള ഫൈനാന്‍സ് മൂലധന വ്യവസ്ഥയുടെ ഭാഗമായി ഉദ്ഗ്രഥിച്ചെടുക്കുന്ന കടുത്ത സ്വകാര്യവത്കരണ നടപടികള്‍ക്കാണവര്‍ ലോകരാജ്യങ്ങളെ നിര്‍ബന്ധിച്ചത്. ഇതിനായുള്ള ആഗോള ഉടമ്പടികളും സ്വതന്ത്ര വ്യാപാരക്കരാറുകളും അടിച്ചേല്‍പ്പിക്കുകയായിരുന്നു. സാമ്രാജ്യത്വ, അധീശത്വ ശക്തികളുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത ആധിപത്യക്രമം രൂപപ്പെടുത്തുവാനാണ് താച്ചറും റീഗണും ശ്രമിച്ചത്.
1982ല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ താച്ചറുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് സോവിയറ്റ് യൂനിയന് റീഗണ്‍ മരണം വിധിച്ചത്. സോവിയറ്റ് യൂനിയനെ ചാമ്പലാക്കുമെന്നും ആ ചാരക്കുഴിയില്‍ കമ്മ്യൂണിസത്തെ കുഴിച്ചുമൂടുമെന്നുമാണ് അന്ന് റീഗന്‍ പ്രഖ്യാപിച്ചത്. കാസ്പിയന്‍ മേഖലയിലും പശ്ചിമേഷ്യന്‍ മേഖലയിലുമുള്ള എണ്ണസമ്പത്തിനെ പൂര്‍ണമായി വരുതിയിലാക്കാന്‍ തടസ്സം നില്‍ക്കുന്നത് സോവിയറ്റ് യൂനിയനാണെന്നാണ് സി ഐ എയും പെന്റഗണിന്റെ വാര്‍ കോളജ് പഠനങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തെ ആഗ്ലോ-സാക്‌സണ്‍ മൂലധനാധികാരത്തിന് കീഴില്‍ കൊണ്ടുവരാന്‍ സോവിയറ്റ് യൂനിയനെയും കിഴക്കന്‍ രാജ്യങ്ങളെയും അസ്ഥിരീകരിക്കണമെന്നാണ് സി ഐ എ പഠനങ്ങളുടെ ബലത്തില്‍ റീഗണ്‍ നിശ്ചയിച്ചത്. അമേരിക്കയുടെ ആഗോളാധിപത്യത്തിന് കൂട്ടുനില്‍ക്കുന്ന ബ്രിട്ടീഷ് നയങ്ങളുടെ ശില്‍പ്പിയും സൂതികര്‍മിണിയുമായി മാര്‍ഗരറ്റ് താച്ചറെ വിശേഷിപ്പിക്കാം. റീഗനെ എന്ന പോലെ താച്ചറെ സ്വാധീനിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ മില്‍ട്ടണ്‍ ഫ്രീസ്മാനായിരുന്നല്ലോ. ദുര്‍ബലരെയും ദീനരെയും പരിഗണിക്കേണ്ടതില്ലെന്ന് കല്‍പ്പിച്ച ഫ്രെഡറിക് വോണ്‍ഹായെക്കിനെ പോലുള്ളവരുടെ സാമൂഹികശാസ്ത്ര ധാരണകളായിരുന്നല്ലോ നവ ലിബറലിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരം.
ജനവിരുദ്ധവും അത്യന്തം നിന്ദാകരവുമായ താച്ചറുടെ നയങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഇന്ന് ലണ്ടനിലും ബ്രിക്‌സിലുമെല്ലാം താച്ചര്‍ മദാമ്മയുടെ മരണം ആഘോഷിക്കുന്നത്. ബ്രിട്ടനിലെ ഖനിത്തൊഴിലാളി മേഖലകളില്‍ ഈ മരണം ആഹ്ലാദാരവങ്ങളോടെയാണ് പോലും ജനങ്ങള്‍ എതിരേറ്റത്. 1985ല്‍ നടന്ന ഖനി തൊഴിലാളി സമരത്തെ നിര്‍ദയമായിട്ടായിരുന്നല്ലോ താച്ചര്‍ ഭരണകൂടം അടിച്ചമര്‍ത്തിയത്. ബ്രിട്ടനില്‍ മാത്രമല്ല, അര്‍ജന്റീന പോലുള്ള പല രാജ്യങ്ങളിലും താച്ചറുടെ മരണം ആഘോഷമായി. ഫാക്‌ലാന്‍ഡ് ദ്വീപ് തര്‍ക്കത്തെച്ചൊല്ലി 1982ല്‍ ബ്രിട്ടന്‍ അര്‍ജന്റീനയെ ആക്രമിച്ചിരുന്നല്ലോ.
ജനവിരുദ്ധ നയങ്ങളും അതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തിയതുമാണ് താച്ചറെ വെറുക്കപ്പെട്ട വനിതയാക്കി മാറ്റിയത്. വലതുപക്ഷ ശക്തികള്‍ക്കും അവരുടെ നയങ്ങള്‍ക്കും വേണ്ടി ജനങ്ങളെ അടിച്ചമര്‍ത്തിയ ഉരുക്കുവനിത യഥാര്‍ഥത്തില്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വെറുക്കപ്പെട്ട വനിതയായിരുന്നുവെന്നാണ് അവരുടെ മരണത്തില്‍ സന്തോഷിക്കുന്ന ജനക്കൂട്ടങ്ങള്‍ വിളിച്ചുപറയുന്നത്. എല്ലാ നവ ലിബറല്‍വാദികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.