ഇളവ് ഭൂരിഭാഗം പ്രവാസികള്‍ക്കും തുണയാകില്ല

Posted on: April 11, 2013 6:00 am | Last updated: April 10, 2013 at 10:54 pm

മലപ്പുറം:സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിയമ നടപടികളില്‍ സഊദി സര്‍ക്കാര്‍ ഇളവ് വരുത്തിയെങ്കിലും ഭൂരിഭാഗം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇത് തുണയാകില്ല. മാത്രമല്ല, പലര്‍ക്കും നിയമപരമായ രീതിയില്‍ രേഖകള്‍ ശരിയാക്കുന്നതിനും ജോലി ചെയ്യുന്നതിനും വന്‍തുക ചെലവഴിക്കേണ്ടിയും വരും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇളവനുവദിച്ചിട്ടുള്ളത്. രേഖകള്‍ ശരിയാക്കുന്നതിനും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും ജോലി മാറുന്നതിനുമെല്ലാം മൂന്ന് മാസം കൊണ്ട് സാധിക്കാതെ വരുന്ന തൊഴിലാളികള്‍ രാജ്യംവിട്ട് മടങ്ങേണ്ടിവരും. സ്‌പോണ്‍സര്‍മാരെ അറിയാത്തവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയെടുക്കണമെങ്കില്‍ വന്‍തുകയായിരിക്കും ചെലവഴിക്കേണ്ടിവരികയെന്നതും പ്രവാസികളെ ആശങ്കാകുലരാക്കുന്നുണ്ട്.

ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് സഊദി സര്‍ക്കാറിന്റെ തൊഴില്‍ നിയമങ്ങള്‍ പാലിക്കുക എന്നത് എളുപ്പമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍തുക നല്‍കി സഊദി പൗരനെ നിയമിച്ചാല്‍ വന്‍സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും. നിയമലംഘനത്തിനു പിടിക്കപ്പെട്ടാല്‍ ഇനി സഊദിയിലേക്കെന്നല്ല ഗള്‍ഫ് രാജ്യങ്ങളിലേക്കൊന്നും പോകാനാകില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് തുടരുകയാണ്. ഇളവിനിടയില്‍ മടങ്ങിയാല്‍ നിയമലംഘനത്തിന് പിടിക്കപ്പെടുകയില്ലെന്നതാണ് തിരക്കിട്ടു മടങ്ങാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ 7.27 ലക്ഷം വരെ പിഴയൊടുക്കേണ്ടിവരും. ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ഭീമമായ സംഖ്യ പിഴയൊടുക്കുന്നതോടൊപ്പം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.
കഴിഞ്ഞ ഒരാഴ്ചക്കകം കോഴിക്കോട് നോര്‍ക്കക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത് 134 പേരാണ്. ഇവരിലേറെയും മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവര്‍, ഫ്രീ വിസയിലെത്തി ഹൗസ് െ്രെഡവര്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു പുതിയ നിയമമനുസരിച്ച് മടങ്ങേണ്ടിവരും. സഊദി പൗരനെ നിയമിക്കാത്ത സ്ഥാപനത്തിലെ തൊഴിലാളിക്ക് താമസ രേഖ പുതുക്കി നല്‍കേണ്ടെന്നാണ് സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. തൊഴിലാളികളായ പ്രവാസികളില്‍ നല്ലൊരു പങ്ക് മൂന്ന് മാസത്തെ ഇളവിനിടയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ നിയമ സഹായം നല്‍കുന്നതിന് സഊദിയിലെ നിയമ സ്ഥാപങ്ങളുടെ പാനല്‍ രൂപവത്കരിക്കാന്‍ ഇന്ത്യന്‍ എംബസിയും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. സഊദി നിയമവും നടപടിക്രമങ്ങളും അനുസരിച്ച് ഇന്ത്യക്കാരുടെ ഇഖാമയും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നത് അടക്കമുള്ള സഹായങ്ങളും ചെയ്തുകൊടുക്കുന്നതിന് സഊദിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഓഫീസുകളുള്ള നിയമസ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമപരമല്ലാതെ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ മൂന്ന് മാസത്തിനുള്ളില്‍ ഇഖാമ ശരിയാക്കണമെന്നും അല്ലാത്തവര്‍ സഊദി സര്‍ക്കാറിന്റെ നിയമനടപടികള്‍ അനുസരിച്ച് രാജ്യത്ത് നിന്ന് പുറത്തുപോകണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. അതേ സമയം, ടിക്കറ്റെടുക്കാന്‍ പോലും പണമില്ലാതെ നിയമവിരുദ്ധമായി കഴിയുന്നവരെ നാട് കടത്തുന്നതിനായി വിമാന ടിക്കറ്റെടുക്കുന്നതിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാനുള്ള നീക്കവും സഊദി ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.