Connect with us

Malappuram

സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ അധികാരമില്ലെന്ന് സുഹൈര്‍ ചുങ്കത്തറ

Published

|

Last Updated

മലപ്പുറം: മുജാഹിദ് ജിന്ന് വിഭാഗം നേതാവും ചുങ്കത്തറയിലെ നജാത്തുല്‍ അനാം ചാരിറ്റബില്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ തന്നെ പുറത്താക്കാനാകില്ലെന്ന് സുഹൈര്‍ ചുങ്കത്തറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ട്രസ്റ്റില്‍ നിന്ന് സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായും വന്‍ സാമ്പത്തിക അഴിമതി നടത്തിയതായും കഴിഞ്ഞ ദിവസം ട്രസ്റ്റ് ചെയര്‍മാന്‍ കല്ലായി മുഹമ്മദലി ആരോപിച്ചിരുന്നു. 11 അംഗ ട്രസ്റ്റില്‍ രണ്ട് പേര്‍ നേരെത്തെ മരിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അടക്കമുള്ള അഞ്ച് പേരെ പുറത്താക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ഇപ്പോള്‍ യാതൊരു ഭാരവാഹിത്വവുമില്ലെന്നും സുഹൈര്‍ പറഞ്ഞു.
സാമ്പത്തിക അഴിമതി ആരോപിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ കണക്കുകള്‍ നോക്കാവുന്നതാണ്. ലക്ഷങ്ങള്‍ കടത്തിലാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. ജിവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം പോലും നല്‍കിയിട്ടില്ല.
ട്രസ്റ്റിന്റെ പുരോഗതിക്ക് വേണ്ടി ചുങ്കത്തറ അങ്ങാടിയില്‍ കെട്ടിടമുള്‍പ്പെടെയുള്ള സ്ഥലം വാങ്ങിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. പുറത്താക്കപ്പെട്ടവര്‍ ഇത് അവരുടെ പേരിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജ സീലും ലെറ്റര്‍ പേഡുമുണ്ടാക്കിയാണ് ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞ ഫെബ്രുവരി 25ന് ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാനായിരുന്ന കല്ലായി മുഹമ്മദലി, അംഗങ്ങളായ കെ പി ബാവ, പി അബൂബക്കര്‍, സി എച്ച് ഷൗക്കത്തലി, സി അബ്ദുല്‍കരീം, സി അബ്ദുല്ല എന്നിവരെ പുറത്താക്കി പകരം പുതിയ ആളുകളെ തിരഞ്ഞെടുത്തുവെന്നുമാണ് സുഹൈര്‍ ചുങ്കത്തറ പറയുന്നത്.
മാനേജിംഗ് ട്രസ്റ്റിയേയും കോളജിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഇവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും സുഹൈര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി എച്ച് മുഹമ്മദ്, പി അബ്ദുല്ല ഹാജി, അബ്ദുല്ല സുഹൈര്‍ എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest