Connect with us

Eranakulam

നാടു കാണാനിറങ്ങി കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി

Published

|

Last Updated

കോതമംഗലം:നാടു കാണാനിറങ്ങിയ കുട്ടിയാന കിണറ്റില്‍ വീണു. കുട്ടമ്പുഴ ഉരുളന്‍ തണ്ണി ഒന്നാംപാറ അമ്പലത്തിന് എതിര്‍വശം പുലിയെള്ളം പുറത്ത് ജനാര്‍ദനന്റെ കിണറ്റിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മൂന്ന് വയസ്സുള്ള കുട്ടിക്കൊമ്പന്‍ വീണത്.

കുട്ടിക്കൊമ്പന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതോടെ ഓടിയെത്തിയ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. മലയാറ്റൂര്‍ ഡി എഫ് ഒ ബി എന്‍ നാഗരാജിന്റെ നേതൃത്വത്തില്‍ വനപാലകരും കോടനാട് ആനക്കളരിയില്‍ നിന്നെത്തിയ നാല് പാപ്പാന്‍മാരും നാട്ടുകാരും രണ്ട് മണിക്കൂര്‍ നേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയാനയെ കരക്കെത്തിക്കാനായത്.
കോന്നിയില്‍ നിന്നെത്തിയ ഡോ. ശശീന്ദ്രദേവയുടെ മേല്‍നോട്ടത്തില്‍ ജെ സി ബിയില്‍ വടവും വലയും കെട്ടി ആനയെ ശ്രമകരമായ നീക്കത്തിലൂടെയാണ് കരക്കെത്തിച്ചത്.
ചെറിയ പരുക്കുകള്‍ കുട്ടിക്കൊമ്പന് പറ്റിയിട്ടുണ്ടെങ്കിലും ഗുരുതമല്ലെന്ന് ഡോ. ശശീന്ദ്രദേവ പറഞ്ഞു. കുട്ടിക്കൊമ്പനെ കോടനാട് ആനക്കളരിയിലേക്ക് കൊണ്ടു പോയി.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു. അങ്ങേട്ട് കൊണ്ടു പോയാല്‍ അന്വേഷിച്ചെത്തുന്ന തള്ളയനായും കാട്ടാനക്കൂട്ടവും പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു പരാതി. പരാതി അടിസ്ഥാന രഹിതമാണെന്നും കുട്ടിയാനക്ക് പരിചരണവും ശുശ്രൂഷയും ആവശ്യമാണെന്നും വനപാലകര്‍ അറിയിച്ചു.
കോടനാട് എത്തിക്കുന്ന ആനക്കുട്ടിക്ക് പരിചരണവും ഭക്ഷണവും നല്‍കി നാല് ദിവസം കഴിഞ്ഞാലേ സാധാരണ നിലയിലെത്തിക്കാനാകൂവെന്നും അവര്‍ അറിയിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണ സ്ഥലത്തിന്റെ ഒരു വശം പൂയംകുട്ടി വനമേഖലയില്‍ പെടുന്ന കുട്ടമ്പുഴ റെയ്ഞ്ചിന്റെ ഭാഗവും എതിര്‍വശം തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിന്റെ ഭാഗവുമാണ്.
മുന്‍കാലങ്ങളില്‍ കുട്ടിയാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കിണറുകളിലും ഉപേക്ഷിക്കപ്പെട്ട വാരിക്കുഴികളിലും വീണിട്ടുണ്ട്. ആനകള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ആനത്താരകള്‍(എലിഫന്റ് കോറിഡോര്‍) അടഞ്ഞതാണ് കാട്ടനാകള്‍ വഴി തെറ്റി അപകടത്തില്‍ പെടാന്‍ കാരണമാകുന്നത്.
വനത്തിലെ അനധികൃത കൈയേറ്റം, റോഡുകളുടെയും കനാലുകളുടെയും നിര്‍മാണം എന്നിവയാണ് ആനത്താരകള്‍ അടയുന്നതിന് പ്രധാന കാരണം. വേനല്‍ കടുത്തതോടെ ജലസ്രോതസ്സുകള്‍ വറ്റി വരളുകയും കുടിനീര്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിന് പുറത്ത് വരുന്നത് പതിവായിട്ടുണ്ട്.
ഇത്തരത്തില്‍ വനത്തിന് പുറത്തെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ വനത്തിനടുത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.