Connect with us

Editorial

അരുത് ഈ ക്രൂര വിനോദം

Published

|

Last Updated

റാഗിംഗിന്റെ പേരില്‍ നടക്കുന്ന ക്രൂരതകളും പീഡനങ്ങളും പുതിയ സംഭവമല്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നാള്‍ക്കുനാള്‍ ഇത് വര്‍ധിച്ചുവരുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സീനിയര്‍മാര്‍ നടത്തുന്ന ഈ ക്രൂരവിനോദം തമിഴ്‌നാട്ടിലെ സേലം നാമക്കല്‍ ജ്ഞാനമണി എന്‍ജിനീയറിംഗ് കോളജില്‍ ഒരു മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചു തെറിച്ചുവീണു മരിച്ച സംഭവം ക്രൂരമായ കൊലപാതകമായിരുന്നു. മേല്‍ കോളജിലെ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കുന്ന സമയത്തുണ്ടായ തര്‍ക്കമാണെന്നും കുട്ടികള്‍ക്കു പ്രവേശനം വാങ്ങിക്കൊടുക്കുന്നതിന്റെ കമ്മീഷന്‍ തുകയെച്ചൊല്ലിയുണ്ടായ കശപിശയാണെന്നുമൊക്കെ കാരണം കണ്ടെത്താനാകുമെങ്കിലും സഹപാഠിക്ക് ജീവഹാനി വരുത്തിവെക്കുന്നതിലെത്തിച്ച അക്രമം യാദൃച്ഛികമെന്ന് പറഞ്ഞ് ഗൗരവം കുറച്ചു കാണാനാകില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ വേരോട്ടം നേടുന്ന ഈ പ്രാകൃത സ്വഭാവത്തെ പല്ലും നഖവും ഉപയോഗിച്ച് നേരിടാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് മാത്രമല്ല, കൊടുംക്രൂരത ചെയ്യാന്‍ മലയാളി വിദ്യാര്‍ഥികള്‍ തയ്യാറാകുന്നതിന്റെ കാരണം മാതാപിതാക്കളും രക്ഷിതാക്കളും വിലയിരുത്തേണ്ടതുമുണ്ട്.
നാമക്കല്‍ കോളജിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയെയാണ് മാസങ്ങള്‍ക്കു മുമ്പ് ട്രെയിനില്‍ വെച്ചു ബ്ലേഡുകൊണ്ട് മുഖവും ദേഹവും കീറിമുറിച്ചത്. ട്രെയിനിലെ ഇരിപ്പിടം സംബന്ധിച്ച തര്‍ക്കമാണ് മുതിര്‍ന്ന വിദ്യാര്‍ഥികളെ ജൂനിയര്‍ സഹപാഠിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇവിടെയും മലയാളി വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു പ്രതികള്‍. വെള്ളിത്തിരകളില്‍ കണ്ടു മനസ്സില്‍ പതിഞ്ഞ ക്രൂരതകളും പൈശാചികതയും യുവതലമുറയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ക്രിമിനല്‍ സ്വഭാവങ്ങളെ മഹദ്‌വത്കരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ നമ്മുടെ മീഡിയകളിലും മാധ്യമങ്ങളിലും വേണ്ടത്ര ഉണ്ടു താനും. സോഷ്യല്‍ സൈറ്റുകളും ഇവക്കെല്ലാം വേണ്ടത്ര പ്രചാരം നല്‍കുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും കുറ്റവാളികളോടും മറ്റുമുള്ള ചങ്ങാത്തവും യുവതലമുറക്ക് അസാന്മാര്‍ഗികതയിലേക്ക് വെള്ളവും വളവും നല്‍കുന്നു. പ്രൊഫഷനല്‍ കോളജ് ക്യാമ്പസുകളിലാണ് ഇത്തരം റാഗിംഗ് എന്ന വിനോദം തഴച്ചുവളരാന്‍ ഇടമൊരുങ്ങുന്നത്. പ്ലസ്ടു വരെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൂക്കിന് മുമ്പില്‍ അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ മറുനാട്ടിലെത്തി സ്വാതന്ത്ര്യത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുന്നതോടെ അക്രമവാസനയിലേക്കും അനാശാസ്യങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുകയാണ്.
തൊഴില്‍ വിദ്യാഭ്യാസത്തിനായുള്ള പരക്കംപാച്ചിലില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമൊക്കെ എന്‍ജിനീയറിംഗിനും മെഡിക്കലിനും മലയാളി വിദ്യാര്‍ഥികളും എത്തിപ്പെടുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ പഠനത്തിനു പോകുന്നവരില്‍ പലരും കോളജിനു പുറത്തു താമസിക്കുന്നതിനാല്‍ ക്യാമ്പസിനു പുറത്തു നടക്കുന്ന യാതൊരു കാര്യത്തിലും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന നിലപാടാണ് പല കോളജ് മാനേജ്‌മെന്റുകളും സ്വീകരിക്കുന്നത്. ഇങ്ങനെ താമസിക്കുന്നവര്‍ പരസ്പര സമ്പര്‍ക്കത്തിലൂടെ കുറ്റവാസനകളും ക്രയവിക്രയം ചെയ്യപ്പെടുന്നു. കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിനും അച്ചടക്കപാലനത്തിനുമുള്ള ശിക്ഷണം ധാര്‍മിക വിദ്യാഭ്യാസം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ലഭിക്കുന്നുമില്ല. റാഗിംഗിനെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇങ്ങനെ നടപടിയെടുക്കാത്ത കോളജ് അധികൃതര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാനും സുപ്രീം കോടതി ഉത്തരവുണ്ട്.
കോളജുകളില്‍ വിഹരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ ക്രൂരതകളില്‍ നിന്നു രക്ഷപ്പെടാനാകാതെ നിരവധി വിദ്യാര്‍ഥികള്‍ മൗനമായി പലതും സഹിക്കുകയാണ്. സമ്പന്ന കുടുംബങ്ങളില്‍ നിന്നെത്തുന്ന ചില കുട്ടികള്‍ പഠനത്തേക്കാളുപരി മറ്റു പല കാര്യങ്ങള്‍ക്കുമാണ് പലപ്പോഴും താത്പര്യം കാണിക്കുന്നത്. പണമുണ്ടാക്കാനുള്ള വഴിവിട്ട ഇടപാടുകളിലും ഇവരില്‍ ചിലര്‍ ഉള്‍പ്പെടാറുണ്ട്. ക്യാമ്പസിനു പുറത്തു നടക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പറഞ്ഞ് കൈകഴുകുന്ന കോളജ് അധികൃതര്‍ ഇത്തരം കുറ്റവാളി സംഘങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ്.
റാഗിംഗ് എന്ന കൊടുംപാതകം തടയുന്നതിന് രാജ്യത്ത് നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയതലത്തില്‍ വരെയുള്ള സ്വാധീനത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ അറച്ചുനില്‍ക്കുകയാണ്. നാമക്കല്‍ കോളജില്‍ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണം. റാഗിംഗ് എന്ന ക്രൂരതയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു പാഠമാകുകയും വേണം. ഒപ്പം, സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകള്‍ ഒത്തുകൂടി ഈ സാമൂഹിക തിന്മക്കും അധര്‍മത്തിനും എതിരെ രംഗത്തുവരികയും ആളുകളെ ബോധവത്കരിക്കുകയും വേണം. ധാര്‍മികത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വേണം. എന്നാല്‍ മാത്രമേ ഈ കൊടുംപാതകത്തില്‍ നിന്ന് വിദ്യാര്‍ഥി സമൂഹത്തെ രക്ഷിക്കാനാകൂ.

Latest