Connect with us

Gulf

യു എ ഇയില്‍ ഉള്ളവര്‍ക്കും ഇനി സ്‌കൈപ്പ് ആസ്വദിക്കാം

Published

|

Last Updated

ദുബൈ:ഇന്റെര്‍നെറ്റ് സര്‍വീസായ സ്‌കൈപ് ഇനി യു എ ഇയിലെ ആളുകള്‍ക്കും ആസ്വദിക്കാം. ഏറെ കാലമായി രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി കൈക്കൊണ്ടിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നാളിതുവരെ ഇത്തരം ഒരു സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവാതിരുന്നതെന്നാണ് അറിയുന്നത്. രാജ്യത്തെ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും ഇനി സ്‌കൈപ് സേവനവും ജനങ്ങളില്‍ എത്തിക്കും. വോയ്‌സ് ഓവര്‍ ഇന്റെര്‍നെറ്റ് പ്രോട്ടോകോള്‍(വി ഒ ഐ പി) മുഖേ ന രാജ്യാന്തര കോളുകള്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമായി വിളിക്കാന്‍ ഇന്ന് നിലവിലുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം കൂടിയാണ് സ്‌കൈപ് സംവിധാനം.
നാളിതുവരെ രാജ്യത്ത് ഈ സേവനം ട്രാ തടഞ്ഞുവച്ചിരിക്കയായിരുന്നു. ലൈനില്‍ ലഭിക്കുന്ന വ്യക്തതയും വ്യക്തികള്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാമെന്നതും വേഗത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നതുമെല്ലാം ഇതിന്റെ സവിശേഷതയാണ്. കഴിഞ്ഞ മാസം 20ന് പല ഉപഭോക്താക്കള്‍ക്കും താല്‍ക്കാലികമായി ഈ സേവനം ലഭിച്ചിരുന്നെങ്കിലും ഇത് പിന്നീട് നിലക്കുകയായിരുന്നു. സ്‌കൈപ്പിനുള്ള നിരോധനത്തില്‍ മാറ്റമില്ലെന്ന് അന്ന് ഡു അധികൃതര്‍ സേവനം നിലച്ചപ്പോള്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ സ്‌കൈപ് ലഭ്യമായതുമായി ബന്ധപ്പെട്ട് അധികാരികളില്‍ നിന്നും കൃത്യമായ വിശദീകരണം ലഭ്യമായിട്ടില്ലെന്നതിനാല്‍ സ്‌കൈപ് തുടര്‍ച്ചയായി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. മാര്‍ച്ച് ഒന്നിന് സ്‌കൈപ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് പ്ലാന്‍ തയ്യാറായി വരുന്നതായി ഇത്തിസലാത്തിന്റെ യു എ ഇ സി ഇ ഒ സാലിഹ് അബ്ദുല്ല അല്‍ അബ്ദുലി വ്യക്തമാക്കിയിരുന്നു.
ഡുവും ഇത്തിസലാത്തും വിഒഐപി കോളിംഗ് കാര്‍ഡുകള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളതിനാല്‍ സേവനം പൂര്‍ണ തോതില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യു എ ഇ സമൂഹം.