Connect with us

Gulf

ദുബൈ ബൈപ്പാസ് റോഡ് ഇനി എമിറേറ്റ്‌സ് റോഡ്

Published

|

Last Updated

ദുബൈ: ബൈ ബൈപ്പാസ് റോഡ് ഇനി മുതല്‍ എമിറേറ്റ്‌സ് റോഡ് എന്നാവും അറിയപ്പെടുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ശൈഖ് സായിദ് റോഡിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അവശ്യഘട്ടത്തില്‍ പകരക്കാരനായി കൂടി വര്‍ത്തിക്കുന്നതാണ് ഈ റോഡ്. എമിറേറ്റിലെ അതിപ്രധാന റോഡുകളായ ഇവയിലെ ഗതാഗക്കുരുക്ക് കുറക്കുന്നതിലും ദുബൈ ബൈപ്പാസ് റോഡ് സ്തുത്യര്‍ഹമായ പങ്കാണ് നാളിതുവരെ വഹിച്ചുവന്നിരുന്നത്.
രാജ്യത്തെ പ്രമുഖ ബൈപ്പാസ് റോഡെന്ന ഖ്യാതിയും ഈ റോഡിനുണ്ട്. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, അബുദാബി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോക്കുവരവിനായി ഏറെ ആശ്രയിക്കുന്ന റോഡ് കൂടിയാണ് എമിറേറ്റ്‌സ് റോഡ്. തിരക്കേറിയ ദുബൈ ഡൗണ്‍ടൗണ്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും അകന്ന് സ്ഥിതിചെയ്യുന്നതിനാല്‍ വലിയ ഗതാഗതക്കുരുക്കില്ലാതെ ഈ റോഡിലൂടെ ഏതുനേരത്തും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവുമെന്നതാണ് ഈ റോഡിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. സമാന്തരമായി സ്ഥിതിചെയ്യുന്ന വിവിധ ഉള്‍നാടന്‍ റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ റോഡിന് പ്രധാന പങ്കാണുള്ളത്.
120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുനര്‍നാമകരണം ചെയ്ത എമിറേറ്റ്‌സ് റോഡിന്റെ 72 കിലോമീറ്റര്‍ ദൂരവും എമിറേറ്റിന്റെ വികസന കുതിപ്പുകള്‍ക്ക് സമീപത്തുകൂടിയാണ്. ഈ മേഖലയില്‍ കെട്ടിടം ഉള്‍പ്പെടെയുള്ള പശ്ചാത്തല വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിലും റോഡിന് നിര്‍ണായക പങ്കാണുള്ളത്.
രാജ്യാന്തര നിലവാരത്തിലാണ് ഈ റോഡ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ദിശയിലും ആറ് വരി പാതയാണ് റോഡിനുള്ളത്. മൂന്ന് മുതല്‍ നാല് വരി പാതയിലാണ് ദുബൈ എമിറേറ്റിന് പുറത്തേക്ക് എമിറേറ്റ്‌സ് റോഡിനുള്ളത്. 2007 ല്‍ 115 കോടി ദിര്‍ഹമാണ് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ ടി എ ചെലവിട്ടത്. രണ്ട് വരി പാതയെ ആറ് വരിയാക്കി വികസിപ്പിക്കാനായിരുന്നു തുക ചെലവഴിച്ചത്. ദുബൈ എമിറേറ്റിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭാഗങ്ങള്‍ അന്ന് ആറ് വരിയായും മറ്റ് എമിറേറ്റിലൂടെ കടന്നുപോകുന്നത് നാല് വരിയായും ഈ പദ്ധതിയിലായിരുന്നു വികസിപ്പിച്ചത്. 15 ഇന്റര്‍ചേഞ്ചുകളും 12 തുരങ്കങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എമിറേറ്റ്‌സ് റോഡ്.

Latest