Connect with us

Malappuram

അരീക്കോട് ഐ ടി പാര്‍ക്ക് സ്ഥലമെടുപ്പ്: നാളെ പ്രതിഷേധ സംഗമം

Published

|

Last Updated

അരീക്കോട്: എതിര്‍പ്പുകള്‍ വകവെക്കാതെ അരീക്കോട് സൗത്ത് പുത്തലത്ത് തുടങ്ങാനിരിക്കുന്ന ഐടി പാര്‍ക്കിന് സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നാളെ അരീക്കോട് പ്രതിഷേധ സംഗമം.
വൈകീട്ട് 4 മണിക്ക് വാക്കാലൂര്‍ മൂഴിപ്പാടത്തു നിന്നാരംഭിക്കുന്ന പ്രതിഷേധ റാലിക്കു ശേഷം അരീക്കോട് ടൗണില്‍ നടക്കുന്ന സംഗമം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുക്കും. നാനൂറ് കോടി രൂപ മുതല്‍ മുടക്കില്‍ അരീക്കോട് സൗത്ത് പുത്തലത്ത് തുടങ്ങാനിരിക്കുന്ന ഐടി പാര്‍ക്കിന് 52 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ മാസം 26 ന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
32 വീടുകള്‍, ആളോട്ടിപ്പാറ, വാക്കാലൂര്‍-മൂഴിപ്പാടം നീര്‍ത്തടങ്ങള്‍, കണ്ണാടിപ്പറമ്പ്, മൈലക്കോട് എസ്‌സി കോളനികള്‍, ഇവരുടെ രണ്ട് കുടുംബ ശ്മശാനങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുക്കുന്ന സ്ഥലം. രണ്ടാം ഘട്ടത്തില്‍ നൂറില്‍പ്പരം വീടുകളും ഏക്കര്‍കണക്കിന് കൃഷിസ്ഥലവും നഷ്ടപ്പെടുമെന്നും ജനവാസ കേന്ദ്രത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ പദ്ധതി എന്തു വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും ജനകീയ സമരസമിതി ഭാരവാഹികളായ മൈലക്കോട്ടില്‍ ഷണ്‍മുഖദാസ്, കൊട്ടിയാട്ട് രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
ഏര്‍നാട് മണ്ഡലത്തില്‍ തന്നെ ഐടി പാര്‍ക്കിനു യോജിച്ച ജനവാസം കുറഞ്ഞ പ്രദേശം ഉണ്ടെന്നിരിക്കെ, റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടിയാണ് ഇവിടെത്തന്നെ പദ്ധതി നടപ്പിലാക്കുന്നതെന്ന് നേരത്തെത്തന്നെ ആക്ഷേപമുണ്ടായിരുന്നു.

Latest