മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വുമെണ്‍സ് സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ മഅ്ദിന്‍ അക്കാദമി പെണ്‍കുട്ടികള്‍ക്കായി ഒരുക്കുന്ന റൈഹാന്‍ ഓറിയന്റേഷന്‍ ക്യാമ്പ് നാളെ തുടങ്ങും. ഈ മാസം ഇരുപതാം തീയതി വരെ സ്വലാത്ത് നഗറില്‍ നടക്കുന്ന പഠന-പരിശീലന കളരിയില്‍ അഞ്ചാം തരം മുതല്‍ ബിരുദാനന്തര തലം വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി സി ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, മതം, കുടുംബം, ശാരീരിക-മാനസിക മാറ്റങ്ങള്‍, സൗന്ദര്യ സങ്കല്‍പം, സാമൂഹ്യ ബന്ധങ്ങള്‍, സോഷ്യല്‍ മീഡിയ, വൈവാഹികം, ആത്മീയം, ഭാഷ, സാഹിത്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
സോഷ്യല്‍ മീഡിയകളുടെ വ്യാപനത്തോടെ പുതിയ തലമുറയുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യുന്ന പ്രത്യേക സെഷനുകള്‍ റൈഹാന്‍ ക്യാമ്പിന്റെ സവിശേഷതയാണ്.
വിവിധ കൈത്തൊഴിലുകളെപ്പറ്റിയുള്ള ബോധവത്ക്കരണം, ഊര്‍ജ്ജത്തിന്റെ ഫലപ്രദമായ വിനിയോഗം, പാഴാക്കിക്കളയുന്ന വസ്തുക്കളുടെ പുനരുപയോഗം തുടങ്ങിയവയില്‍ പ്രായോഗിക ക്ലാസുകളുണ്ടാവും.രണ്ടാഴ്ചത്തെ റൈഹാന്‍ ക്യാമ്പിന് ഫീസ് ഈടാക്കുന്നില്ല. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9496361899. 04832 2738343.