സഊദി പുനരധിവാസം: കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

Posted on: April 6, 2013 6:00 am | Last updated: April 6, 2013 at 12:58 am

മലപ്പുറം: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സഊദി അറേബ്യയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളുടെ കണക്കെടുക്കുന്നതിനും സഹായം നല്‍കുന്നതിനുമായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തിരിച്ചെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ വി കെ സുന്ദരന്റെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്.

തിരിച്ചെത്തുന്നവരുടെ വിവരം ശേഖരിച്ച് 24 മണിക്കൂറിനകം സര്‍ക്കാറിന് സമര്‍പ്പിക്കും. വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ വിദേശത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ വഴി ശേഖരിച്ച് എംബസിയെ അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും സേവനം ലഭിക്കും. തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായി നടപടികള്‍ സ്വീകരിക്കും.
പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 39 പേരാണ് ഹെല്‍പ്പ് ഡസ്‌കില്‍ രജിസ്റ്റര്‍ ചെയ്യത്. മലപ്പുറം 18, കോഴിക്കോട് 14, കണ്ണൂര്‍ നാല്, ആലപ്പുഴ, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും വീതം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ജോലി നഷ്ട്ടപ്പെട്ട് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായാണ് നോര്‍ക്ക റൂട്ട്‌സ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
സംശയ നിവാരണത്തിന് കലക്റ്ററേറ്റ് കണ്‍ട്രോള്‍ റൂം 0483 2736320, നോര്‍ക റൂട്ട്‌സ് കോഴിക്കോട് 0495-2304885, നോര്‍ക റൂട്ട്‌സ് ടോള്‍ഫ്രീ നമ്പര്‍ 1800 425 3939.