അര്‍ധ രാത്രിയും അപ്രഖ്യാപിത ലോ ഡ്‌ഷെഡിംഗ്

Posted on: April 6, 2013 6:00 am | Last updated: April 6, 2013 at 12:46 am

വണ്ടൂര്‍:ദിവസേനയുള്ള ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗിനും പകലിലെ വൈദ്യുതി നിയന്ത്രണത്തിനും പുറമെ അര്‍ധരാത്രില്‍ വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. കനത്ത ചൂടില്‍ ഫാന്‍ പോലുള്ള വൈദ്യുതി ഉപകരണങ്ങളെ ആശ്രയിച്ചാണ് നിരവധി കുടുംബങ്ങള്‍ ഉറങ്ങുന്നത്. എന്നാല്‍ അര്‍ധരാത്രിയും വൈദ്യുതി മുടക്കം പതിവായതോടെ ജനങ്ങളുടെ സൈ്വരമായ ഉറക്കം കിട്ടാതെ ദുരിതത്തിലാക്കുന്നുണ്ട്.

ജലസംഭരണികളില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ഉദ്പാദനം കുറച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി വകുപ്പ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയത്. ജനങ്ങള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന രാവിലെയും വൈകിട്ടുമാണ് അര മണിക്കൂര്‍ വീതം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം പകല്‍ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ 8.30നും 9.30നും വൈകിട്ട് 6.30 മുതല്‍ 10.30 വരെയുള്ള ഇടയിലുള്ള അര മണിക്കൂറുമാണ് യഥാര്‍ഥത്തില്‍ ലോഡ് ഷെഡിംഗ്. ഓരോ പ്രദേശങ്ങള്‍ക്കും സമയം നിശ്ചയിച്ചു പ്രഖ്യാപനം നടത്തി ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയാണു പതിവ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി അര്‍ധ രാത്രിയില്‍ പലപ്പോഴുമായി അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാണ്. എന്നാല്‍ ലോഡ് ഷെഡിംഗ് ആണെന്നു തോന്നാത്ത വിധം നിശ്ചിത സമയക്രമം പാലിക്കാതെയാണ് ഇപ്പോഴുള്ള വൈദ്യുതി വിതരണം നിര്‍ത്തുന്നത്. വൈദ്യുതി പോകുന്നത് പതിവായത് നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയാണ്.പലപ്പോഴും സഭ്യമല്ലാത്ത ഭാഷയിലുള്ള പ്രതികരണം കേള്‍ക്കേണ്ടിവരുന്ന ദുരിതത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍.