ചര്‍ച്ചില്‍ കുതിച്ചു

Posted on: April 6, 2013 6:00 am | Last updated: April 5, 2013 at 11:34 pm

CHARCHILവാസ്‌കോ: പൂനെ എഫ് സിയെ 1-2ന് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗ് കിരീടക്കുതിപ്പ് തുടര്‍ന്നു. 22 മത്സരങ്ങളില്‍ 47 പോയിന്റോടെ ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത് അഞ്ച് പോയിന്റ് അകലത്തില്‍ ആധിപത്യം തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള പൂനെ എഫ് സിക്ക് പരാജയം തിരിച്ചടിയായി. ബിനീഷ് ബാലന്‍ (58), സുനില്‍ ഛേത്രി (63) ചര്‍ച്ചിലിന്റെ ഗോളുകള്‍ നേടി. ബോയിമ കാര്‍ഫെ (90) പൂനെയുടെ ആശ്വാസ ഗോളടിച്ചു. ഐ ലീഗ് ടേബിളില്‍ ടോപ് ത്രീയില്‍ ഇടം ലക്ഷ്യമിടുന്ന പ്രയാഗ് യുനൈറ്റഡിന് സാല്‍ഗോക്കറില്‍ നിന്ന് തിരിച്ചടി. വാസ്‌കോയിലെ തിലക് മൈതാനിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സാല്‍ഗോക്കര്‍ പ്രയാഗിനെ അട്ടിമറിച്ചു. ക്യാപ്റ്റന്‍ ലൂസിയാനോ സൊബ്രോസയാണ് തകര്‍പ്പന്‍ വോളിയിലൂടെ വിജയഗോള്‍ നേടിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ്ബംഗാള്‍, പൂനെ എഫ് സി എന്നിവര്‍ക്കൊപ്പമെത്താനുള്ള പ്രയാഗിന്റെ ശ്രമമാണ് പാളിയത്. വിദേശിതാരങ്ങള്‍ ഇല്ലാതെ ഇറങ്ങിയതാണ് പ്രയാഗിന് തിരിച്ചടിയായത്. നൈജീരിയന്‍ സ്‌ട്രൈക്കര്‍ റാന്റിമാര്‍ട്ടിന്‍സിന്റെ അഭാവം നിഴലിച്ചു. കോസ്റ്ററിക്കന്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് ഹെര്‍നാണ്ടസ് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രയാഗിന് ഫിനിഷിംഗ് കീറാമുട്ടിയായി. ആദ്യ പകുതിയില്‍ കാര്‍ലോസിന്റെ പാസില്‍ കെയിന്‍ വിന്‍സെന്റ് ഗോള്‍നേടിയെങ്കിലും അത് റഫറി ഓഫ്‌സൈഡ് വിധിച്ചത് പ്രയാഗിന് നിരാശയായി. മത്സരത്തില്‍ പതിയെയാണ് സാല്‍ഗോക്കര്‍ നിയന്ത്രണം കൈവരിച്ചത്. ജോസിമര്‍ മാര്‍ട്ടിന്‍സ്, ഫ്രാന്‍സിസ് ഫെര്‍നാണ്ടസ്, മിലാഗ്രെസ് ഗോണ്‍സാല്‍വസ് എന്നിവര്‍ സാല്‍ഗോക്കറിന് തുടരെ അവസരങ്ങളൊരുക്കി. ഫ്രാന്‍സിസാണ് രണ്ട് മികച്ച അവസരങ്ങള്‍ തുടരെ നഷ്ടമാക്കിയത്. ആദ്യത്തേത് പന്ത് പുറത്തേക്കടിച്ചപ്പോള്‍ രണ്ടാമത്തെത് അനവസരത്തില്‍ ഗോളിന് ശ്രമിച്ചത് വഴിയും പാഴായി. ആരും തന്നെ പിന്തുടരാനില്ലാഞ്ഞിട്ടും ഫ്രാന്‍സിസ് ലക്ഷ്യത്തിന് അടുത്തേക്ക് നീങ്ങാതെ ലോംഗ് റേഞ്ച് ഗോളിന് ശ്രമിച്ചത് മണ്ടത്തരമായി. ദീപക് മൊണ്ടലിന്റെ പാസ് വിന്‍സെന്റ് ഗോളിന് മുന്നില്‍ നഷ്ടമാക്കി. രണ്ടാം പകുതിയില്‍, അമ്പത്തേഴാം മിനുട്ടില്‍ സാല്‍ഗോക്കറിന്റെ ഗോള്‍. ഫ്രീകിക്ക് ബോള്‍ രണ്‍ദീപ് കുമാര്‍ ലൂസിയാനോക്ക് നല്‍കി. ക്ലോസ് റേഞ്ചില്‍ നിന്ന് അനായാസ വോളിയിലൂടെ ഗോള്‍. 35പോയിന്റോടെ പ്രയാഗ് നാലാം സ്ഥാനത്താണിപ്പോള്‍. സാല്‍ഗോക്കറിന് 27 പോയിന്റ്.