ഗണേഷിന് ഐക്യദാര്‍ഢ്യം: പ്രിയദര്‍ശനും സുരേഷ്‌കുമാറും രാജിക്കൊരുങ്ങുന്നു

Posted on: April 6, 2013 6:00 am | Last updated: April 5, 2013 at 11:23 pm

Ganesh-Kumarതിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച കെ ബി ഗണേഷ്‌കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രിയദര്‍ശനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ്‌കുമാറും കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു സിറിലും രാജിക്കൊരുങ്ങിയതായി സൂചന. ഗണേഷ്‌കുമാറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മൂന്ന് പേരും രാജിക്കൊരുങ്ങുന്നത്. സിനിമാ വകുപ്പില്‍ നടപ്പാക്കി വന്നിരുന്ന ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ പല പദ്ധതികളും പാതിവഴിയില്‍ നിലച്ചിരക്കുകയാണ്.
തിരുവനന്തപുരത്തെ സ്ഥിരം ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ്, പുതിയ തിയേറ്ററുകളുടെ നിര്‍മാണം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളുടെ നവീകരണം, ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍, ചലച്ചിത്ര അക്കാദമിയുടെ വിപുലീകരണം തുടങ്ങിയ പല പദ്ധതികള്‍ക്കും പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിക്കുകയും കടലാസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഗണേഷിന്റെ രാജി. ഗണേഷുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇവരെല്ലാം സ്ഥാനങ്ങള്‍ ഏറ്റെടുത്തത്. രാഷ്ട്രീയക്കാരെ അകറ്റി നിര്‍ത്തിയായിരുന്നു രണ്ട ്‌കൊല്ലത്തെയും ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം. യു ഡി എഫ് അനുഭാവി അല്ലാതിരുന്നിട്ട് കൂടി ഗണേഷ് നിര്‍ബന്ധിച്ചാണ് നിര്‍മാതാവായ ജി സുരേഷ് കുമാറിനെ ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനാക്കിയത്. ഇതിനെതിരെ ബാലകൃഷ്ണ പിള്ള അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വകുപ്പ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ മറ്റേതെങ്കിലും മന്ത്രിക്ക് കൈമാറുന്നതോടെ അനധികൃത ഇടപെടല്‍ ഉണ്ടാകുമെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുമെന്നുള്ള ആശങ്കയും മൂന്ന് പേര്‍ക്കുമുണ്ട്.
എന്നാല്‍ ഗണേഷ് കുമാര്‍ ഇടപെട്ട് ഇവരുടെ രാജി തീരുമാനം പിന്‍വലിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഗണേഷിന്റെ രാജിക്ക് പിന്നാലെ വകുപ്പിന് കീഴിലുള്ള മുഴുവന്‍ ബോര്‍ഡ,് കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെയും മാറ്റണമെന്ന് പിള്ള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇവര്‍ രാജിക്കൊരുങ്ങുന്നത്.