സ്വത്വരാഷ്ട്രീയം വര്‍ഗ സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രം: തപന്‍ സെന്‍

Posted on: April 6, 2013 6:00 am | Last updated: April 5, 2013 at 11:16 pm

cituകണ്ണൂര്‍: തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും അടിസ്ഥാനവര്‍ഗത്തെയും ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് സ്വത്വ രാഷ്ട്രീയ സിദ്ധാന്തമെന്ന് സി ഐ ടി യു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. സ്വത്വരാഷ്ട്രീയ വാദം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് തടസ്സമാകുന്നത് പോലെ രാജ്യത്തിന്റെ ഐക്യത്തിനു അഖണ്ഡതക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുകയാണെന്നും തപന്‍ സെന്‍ പറഞ്ഞു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യം വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് നേരിടുന്നത്. നയം തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ തൊഴിലില്ലായ്മ രൂക്ഷമാകും. ആഗോളതലത്തില്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം നേരിടാന്‍ കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും കാര്യക്ഷമമായി ഒന്നും ചെയ്തിട്ടില്ല. ഇറക്കുമതി നിയന്ത്രിക്കാന്‍ പോലും സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും തപന്‍ സെന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ആഭ്യന്തര ഉത്പാദനം കൂടിയിട്ടും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. നിലവിലുള്ള തൊഴില്‍ സമയങ്ങളുടെ ഘടന പുനഃപരിശോധിക്കണം.
സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും നടക്കുന്നില്ല. ഇറക്കുമതി നിയന്ത്രണം കൊണ്ടുവരാനും നമുക്ക് കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിഘാതമാകും. സമീപകാലത്ത് പല സ്ഥാപനങ്ങളും ഉണ്ടാക്കുന്ന ലാഭത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എങ്കിലും ഇതിന്റെ നല്ലൊരു പങ്ക് വിദേശത്തേക്കാണ് പോകുന്നത്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുമെന്നും തപന്‍ സെന്‍ പറഞ്ഞു. ദേശീയ പ്രസിഡന്റ് എം കെ പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, സെക്രട്ടറി കെ പി സഹദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, സി ഐ ടി യു ദേശീയ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെയും ചര്‍ച്ച നടന്നു. കേരളത്തെ പ്രതിനിധാനം ചെയ്ത് കെ ചന്ദ്രന്‍ പിള്ള, എ കെ ബാലന്‍ തുടങ്ങിയവരാണ് ഇന്നലെ പ്രധാനമായും സംസാരിച്ചത്. വനിതകളുടെ അംഗസംഖ്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണെങ്കിലും നേതൃനിരയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതിനെ സംഘടനാ റിപ്പോര്‍ട്ട് വിമര്‍ശിച്ചിരുന്നു. കൂടാതെ കേരളത്തില്‍ സംഘടനക്കകത്ത് പുരുഷമേധാവിത്വമാണോ പുലരുന്നത് എന്ന ആശങ്കയും റിപ്പോര്‍ട്ട് പ്രകടിപ്പിച്ചിരുന്നു.
ഇത്തരം പരാമര്‍ശങ്ങളെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വിശദീകരണം നല്‍കി. കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് ദേശീയ നേതൃത്വം വേണ്ടതുപോലെ മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആക്ഷേപം കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ട്. അതിനിടെ ഇന്ത്യയിലെ ഏറ്റവും നല്ല യൂനിറ്റായി കേരളത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതിനെ അഭിനന്ദിച്ചും നിരവധി പ്രതിനിധികള്‍ സംസാരിച്ചു.