Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും: മന്ത്രിമാര്‍

Published

|

Last Updated

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം സമൂഹത്തില്‍ വലിയ ദുരന്തമായി നിലനില്‍ക്കുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ചില കാലതാമസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതു എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ നിഷേധാത്മകമായി കാണുന്നതുകൊണ്ടല്ല. മറിച്ച് ഭരണപരമായ ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിക്കില്ല. കാറ്റഗറി തീരുമാനിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ അതിരുകള്‍ കണക്കാക്കാതെ ദുരിത ബാധിതരാണെന്ന് ക്യാമ്പില്‍ കണ്ടെത്തുന്ന എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത് പണ്ടുകാലം മുതലുള്ള ബ്യൂറോ ക്രാറ്റിക് സംവിധാനമാണെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ബയോ കമ്പോസ്റ്റ് പ്ലാന്റ് നിര്‍മിക്കും. വിദ്യാര്‍ഥികളുടെ പച്ചക്കറികൃഷിക്കാവശ്യമായ ജൈവവളവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് പാചകവാതകവും ലഭ്യമാക്കാനും ഇതുവഴി കഴിയും. കുട്ടികളിലൂടെ സമൂഹത്തില്‍ ഇതിന്റെ ലക്ഷ്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കാസര്‍കോടിനെ ജൈവജില്ലയാക്കുന്നതിനുളള നടപടികള്‍ അടുത്തമാസം മുതല്‍ ആരംഭിക്കും. മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഈ മാസം 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കണ്ട് ചര്‍ച്ച നടത്തും. സൗദിയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമാകുമെന്നും നബാര്‍ഡ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുഴുവന്‍ പ്രോജക്ടുകള്‍ക്കും 15 ദിവസത്തിനകം അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.==