അരങ്ങേറ്റ മല്‍സരത്തില്‍ സണ്‍റൈസിന് തകര്‍പ്പന്‍ വിജയം

Posted on: April 5, 2013 11:48 pm | Last updated: April 6, 2013 at 12:39 am
sunrisers
അരങ്ങേറ്റം ഗംഭീരം:യുവരാജ് സിംഗിന്റെ വിക്കറ്റെടുത്തപ്പോള്‍ സണ്‍റൈസ് ടീം അംഗങ്ങളുടെ ആഹ്ലാദം

ഹൈദരാബാദ്: ഐപിഎല്‍ ആറാം സീസണില്‍ പുനെ വാരിയേഴ്‌സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ആദ്യ വിജയം സ്വന്തമാക്കി.ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് 22 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 127 റണ്‍സെന്ന ചെറുലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വാരിയേഴ്‌സ് 18.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റ്‌സ്മാന്‍മാരുടെ മത്സരമായ ട്വന്റി20യില്‍ ബൗളര്‍മാര്‍ അരങ്ങുവാണ ദിവസത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുത ഡെയില്‍ സ്‌റ്റെയിനാണ് വാരിയേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്. 19ാം ഓവറിലായിരുന്നു സ്‌റ്റെയിനിന്റെ തേരോട്ടം. 19 റണ്‍സ് വഴങ്ങി പുനെയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത അമിത മിശ്രയും രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയ തിഷാര പെരേരയും വാരിയേഴ്‌സിന് വാരിക്കുഴി ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.റോബിന്‍ ഉത്തപ്പ (24), റോസ് ടെയിലര്‍ (19), അഭിഷേക് നായര്‍ (19), മഹേഷ് പാണ്ഡേ (15) എന്നിവര്‍ക്കു മാത്രമാണ് വാരിയേഴ്‌സ് നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ. മര്‍ലോണ്‍ സാമുവലസ് (അഞ്ച്), യുവരാജ് സിംഗ് (രരണ്ട), മിച്ചല്‍ മാര്‍ഷ് (ഏഴ്്), ഭുവനേശ്വര്‍ കുമാര്‍ (മൂന്ന്), രാഹുല്‍ ശര്‍മ്മ (പൂജ്യം), അശോക് ദിന്‍ഡ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടു റണ്‍സുമായി വാരിയേഴ്‌സ് ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് അയച്ച പുനെയുടെ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ ആറിന് 126 റണ്‍സെന്ന നിസാര സ്‌കോറിലൊതുക്കി. 18 പന്തുകളില്‍ 39 റണ്‍സെടുത്ത തിഷാര പെരേരയ്ക്കു മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്.റെഡ്ഡി (30 പന്തില്‍ 27), പാര്‍ഥിവ് പട്ടേല്‍ (18 പന്തില്‍ 19), കുമാര്‍ സംഗക്കാര (16 പന്തില്‍ 15), കാമറൂണ്‍ വൈറ്റ് (18 പന്തില്‍ 10), വിഹാരി (12 പന്തില്‍ 11) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ആഷിഷ് റെഡ്ഡിയും (ഏഴ്), രവി തേജയും (നാല്) പുറത്താകാതെ നിന്നു. പുനെയ്ക്കു വേണ്ടി

അശോക് ദിന്‍ഡ രണ്ടും സാമുവല്‍സ്, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍്േമ, യുവരാജ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.ലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസാണ് വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍. മറ്റൊരു ലങ്കന്‍ താരമായ കുമാര്‍ സംഗക്കാരയാണ് സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍. പാര്‍ഥിവ് പട്ടേല്‍, കാമറൂണ്‍ വൈറ്റ്, അമിത് മിശ്ര, ഡെയില്‍ സ്‌റ്റെയിന്‍, ഇഷാന്ത് ശര്‍മ്മ തുടങ്ങിയ രാജ്യാന്തര താരങ്ങളാണ് സണ്‍റൈസേഴ്‌സിന്റെ വിജയത്തിന് ആക്കം കൂട്ടിയത്.